റെജി കുര്യന്‍

ന്യൂഡല്‍ഹി

September 16, 2020, 10:26 pm

പ്രതിപക്ഷത്തിന് പ്രതികരിക്കാൻ സമയം നൽകാത്ത സഭാസമ്മേളനം

Janayugom Online

റെജി കുര്യന്‍

സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് എതിരെയുള്ള പ്രതിപക്ഷ വിയോജിപ്പും എതിര്‍പ്പും കോവിഡില്‍ മുക്കി പാര്‍ലമെന്റ് സമ്മേളനത്തിന്റെ മൂന്നാം ദിനം. അംഗങ്ങള്‍ക്ക് നിലപാടറിയിക്കാന്‍ അനുവദിക്കുന്ന സമയം ഒരു മിനിട്ടുവരെയായി ചുരുക്കിയ സമ്മേളനത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും നടക്കുന്നത് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സുകള്‍ നിയമമാക്കുന്ന പ്രഹസന പ്രക്രിയ മാത്രം.

ഇന്നലെ രാവിലെ സമ്മേളിച്ച രാജ്യസഭ തലേന്നത്തെ ചര്‍ച്ചകള്‍ തുടര്‍ന്നു. ശൂന്യവേളയിലും സമയ ദാരിദ്ര്യത്തിന്റെ സാഹചര്യമാണ് രാജ്യസഭാ അധ്യക്ഷന്‍ ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡു സഭാംഗങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ ഉയര്‍ത്തി കാട്ടിയ ഉപാധി.

നിശ്ചയിക്കപ്പെട്ട സമയ പരിധിക്കുള്ളില്‍ സമ്മേളനം മുന്നോട്ടു കൊണ്ടുപോകാന്‍ രാജ്യസഭയും ലോക്‌സഭയും കൃത്യമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അംഗങ്ങള്‍ക്ക് അനുവദിക്കപ്പെട്ട സമയത്തിനപ്പുറം വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സമയം നീട്ടി നല്‍കാന്‍ ഇരു സഭകളിലും സഭാ നേതൃത്വം തയ്യാറാകാത്തത് അംഗങ്ങളെ വിഷമവൃത്തത്തിലാഴ്ത്തി.

ലോക്‌സഭ പാസ്സാക്കിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിങ്ങ് ആന്റ് റിസര്‍ച്ച് ഇന്‍ ആയുര്‍വേദ ബില്‍ രാജ്യസഭയും പാസ്സാക്കി. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ അവതരിപ്പിച്ച ബില്ല് ശബ്ദ വോട്ടോടെയാണ് രാജ്യസഭ പാസ്സാക്കിയത്.

ഗുജറാത്തിലെ ജാം നഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ടിനെ ആയുര്‍വേദ പഠന ഗവേഷണങ്ങളുടെ പ്രഥമ സ്ഥാനത്തേക്ക് ഉയര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പ്രതിപക്ഷം എതിര്‍ത്തു. എന്തുകൊണ്ടാണ് മറ്റ് സ്ഥാപനങ്ങളെ ഇക്കാര്യത്തില്‍ പരിഗണിക്കാത്തത് എന്ന കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

രാജ്യത്തെ ജൈവവൈവിധ്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. പരിസ്ഥിതിയുമായി സംയോജിപ്പിച്ചേ ആയുര്‍വേദത്തിന്റെ ശരിയായ വികസനം സാധ്യമാകൂ. പരിസ്ഥിതിയും ജൈവവൈവിധ്യവും പരിരക്ഷിക്കാനായാല്‍ മാത്രമേ ആയുര്‍വേദത്തിനു മുന്നേറാൻ കഴിയുകയുള്ളൂവെന്നും സിപിഐ അംഗം ബിനോയ് വിശ്വം ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കവെ വ്യക്തമാക്കി.

ബാങ്കിങ് റെഗുലേഷന്‍ നിയമം ഭേദഗതി ചെയ്യുന്ന ബില്ലാണ് ലോക്‌സഭയില്‍ ഇന്നലെ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ചത്. രാജ്യത്തെ സഹകരണ ബാങ്കിങ് സംവിധാനത്തെ തകര്‍ക്കുന്നതാണ് സര്‍ക്കാരിന്റെ പുതിയ നീക്കമെന്ന് പ്രതിപക്ഷം വാദിച്ചു. അതേസമയം നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കുകയാണ് ബില്ല് ലക്ഷ്യമിടുന്നതെന്നായിരുന്നു സര്‍ക്കാര്‍ വാദമായി ധനമന്ത്രി ഉയര്‍ത്തി കാട്ടിയത്. രാജ്യത്തെ തകരുന്ന ബാങ്കിങ്ങ് മേഖല അഭിമുഖീകരിക്കുന്ന വിഷയങ്ങള്‍ ഒന്നൊന്നായി അംഗങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. സഹകരണ മേഖലയിലുണ്ടായ വഴിവിട്ട നീക്കങ്ങള്‍ നിക്ഷേപകരെ പ്രതികൂലമായി ബാധിച്ചെന്ന് സര്‍ക്കാര്‍ പറഞ്ഞു. ആറുമാസത്തിനിടെ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സുകള്‍ എത്രയും വേഗത്തില്‍ പാസ്സാക്കാനാണ് സര്‍ക്കാര്‍ നീക്കം.

Eng­lishs sum­ma­ry;  Par­lia­ment mon­soon ses­sion updates

You may also like this video: