എവിൻ പോൾ

ഇടുക്കി:

February 12, 2021, 10:08 pm

പെട്ടിമുടി ദുരന്തത്തിൽപെട്ടവർക്ക് വീടൊരുങ്ങി

Janayugom Online

പെട്ടിമുടിയിലെ ദുരന്തഭൂമിയിൽ നിന്നും രക്ഷപ്പെട്ടവരുടെ കണ്ണീരൊപ്പി എൽഡിഎഫ് സർക്കാർ. വെറും വാഗ്ദാനങ്ങളല്ല സർക്കാർ ഒപ്പമുണ്ടെന്ന വിശ്വാസത്തിന് അടിവരയിട്ടുകൊണ്ടാണ് ദുരന്തത്തിലകപ്പെട്ടവരുടെ ആശ്രിതർക്ക് കുറ്റിയാർവാലിയിൽ സർക്കാർ കണ്ടെത്തി നൽകിയ ഭൂമിയിൽ വീടുകൾ ഒരുങ്ങിയത്.

ദുരന്തശേഷം നവംബർ 1 നാണ് വീടിനായുള്ള തറക്കല്ലിട്ട് നിർമ്മാണ ജോലികൾക്ക് തുടക്കം കുറിക്കുന്നത്. മന്ത്രി എം എം മണിയായിരുന്നു തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചത്. പെട്ടിമുടിയിൽ ദുരന്ത ബാധിതരുടെ പുനരധിവാസം സാധ്യമാക്കാൻ കഴിഞ്ഞ ആറ് മാസമായി സർക്കാർ ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങളാണ് നടത്തിയത്.

പെട്ടിമുടിയിൽ കഴിഞ്ഞ ഓഗസ്റ്റ് ആറാം തിയതി രാത്രി പത്തുമണിയോടെയായിരുന്നു ദുരന്തം. കനത്ത മഴയിൽ ഉരുൾപൊട്ടുകയായിരുന്നു. വാർത്താവിനിമയ സംവിധാനങ്ങൾ പോലും നിശ്ചലമായത് ദുരന്തവിവരം പുറംലോകത്തെത്താൻ വൈകിപ്പിച്ചു. പിറ്റേന്ന് രാവിലെ ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട തൊഴിലാളി ലയങ്ങളിലുള്ളവർ തന്നെയാണ് ആദ്യം ഈ വിവരം ലോകത്തെ അറിയിച്ചത്. പുലർച്ചയോടെ ഏവരെയും നടുക്കിയ ദുരന്തവാർത്ത പുറംലോകത്തെത്തി. പിന്നീട് നടന്നത് കേരളത്തിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ രക്ഷാപ്രവർത്തനങ്ങളിലൊന്നായിരുന്നു. വെള്ളക്കെട്ടിലും ചെളിയിലും സാഹസികമായ രക്ഷാപ്രവർത്തനം. കനത്ത മഴയിലും പ്രതികൂല സാഹചര്യത്തിലും ദിവസങ്ങളോളം നീണ്ടു നിന്ന രക്ഷാപ്രവർത്തനം. ആകെ 82ഓളം പേർ ആ ദുരന്തത്തിൽ അകപ്പെട്ടു. പലരും മണിക്കൂറുകളോളം ജീവനുവേണ്ടി പൊരുതി ആ ചെളിയിൽ ആഴ്ന്നു കിടന്നു. ആ ദുരന്തമണ്ണിൽ നിന്നും 12ഓളം പേർ രക്ഷപ്പെട്ടു. ഏറ്റവും ഒടുവിൽ ആ മണ്ണിൽ നിന്ന് 66 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.

ഇനിയും നാല് പേർ ദുരന്തുമുഖത്ത് എവിടെയോ അവശേഷിക്കുന്നു.ഇനിയൊരിക്കലും പെട്ടിമുടിയെന്ന ആ ദേശം പുനർജനിക്കില്ലായെന്ന് വിധിച്ചവരെയും അമ്പരിപ്പിച്ചാണ് ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടവർക്കും അവരുടെ ആശ്രിതർക്കും വീടൊരുക്കി സർക്കാർ പെട്ടിമുടിയെ പുനർജീവിപ്പിക്കുന്നത്. പെട്ടിമുടി ദുരന്തബാധിതർക്കായി നിർമ്മിച്ച വീടുകളുടെ താക്കോൽദാനം നാളെ നടക്കും. മന്ത്രി എം എം മണി കുറ്റിയാർവാലിയിൽ വച്ച് താക്കോൽദാന ചടങ്ങ് നിർവ്വഹിക്കും. അന്ന് രാവിലെ 9ന് മൂന്നാർ ടീ കൗണ്ടിയിൽ വച്ചു നടക്കുന്ന ചടങ്ങിൽ റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരൻ, തൊഴിൽവകുപ്പു മന്ത്രി റ്റി പി രാമകൃഷ്ണൻ തുടങ്ങിയവർ ഓൺലൈനായി സംബന്ധിക്കും.

ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഇതിന് ശേഷമാകും വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി കുറ്റിയാർവാലിയിലെത്തി കുടുംബങ്ങൾക്ക് താക്കോലുകൾ കൈമാറുക. കുറ്റിയാർവാലിയിൽ സർക്കാർ അനുവദിച്ച ഭൂമിയിൽ കണ്ണൻ ദേവൻ പ്ലാന്റേഷൻ കമ്പനിയാണ് വീടിന്റെ പണികൾ പൂർത്തികരിച്ചിട്ടുള്ളത്. ദുരന്തത്തിൽ വീട് പൂർണ്ണമായും നഷ്ടപ്പെട്ട എട്ട് കുടുംബങ്ങൾക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്.

ENGLISH SUMMARY: The house was ready for the vic­tims of the Pet­timu­di tragedy

YOU MAY ALSO LIKE THIS VIDEO