മോഷണംപോയ രേഖകള്‍ക്ക് ബാധ്യതയായി ഈടാക്കിയ തുക തിരികെ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Web Desk

കോഴിക്കോട്:

Posted on September 03, 2020, 9:33 pm

സ്‌കൂളില്‍ കള്ളന്‍ കയറിയപ്പോള്‍ നഷ്ടപ്പെട്ട ഒറിജിനല്‍ രസീതുകളുടെ ബാധ്യതയായി പ്രധാനാധ്യാപികയുടെ വിരമിക്കല്‍ ആനുകൂല്യത്തില്‍ നിന്നും ഈടാക്കിയ 60,000 രൂപ മടക്കി നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ധനവകുപ്പ് സെക്രട്ടറിക്കും കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്കുമാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് നിര്‍ദ്ദേശം നല്‍കിയത്. താമരശ്ശേരി ഉപ വിദ്യാഭ്യാസ ജില്ലക്ക് കീഴിലുള്ള മലപുറം ജി എം എല്‍പി സ്‌കൂളില്‍ നിന്നും 2018 ല്‍ വിരമിച്ച പ്രധാനാധ്യാപിക  സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

കമ്മീഷന്‍ കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. 2018 ല്‍ സ്‌കൂളില്‍ നടന്ന ഓഡിറ്റിലാണ് 60,000 രൂപയുടെ വൗച്ചര്‍ നഷ്ടമായതായി കണ്ടെത്തിയത്. സ്‌കൂളില്‍ നടന്ന മോഷണത്തിലാണ് രേഖകള്‍ നഷ്ടമായത്. 60000 രൂപയുടെ ബാധ്യത എഴുതി തള്ളാന്‍ അധ്യാപിക  സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്. തുക തിരികെ നല്‍കാന്‍ തീരുമാനിച്ചെങ്കിലും ട്രഷറി ഓഫിസര്‍ തടസ്സം നിന്നു. ഇക്കാര്യത്തില്‍ ധനവകുപ്പ് സെക്രട്ടറിക്ക് മാത്രമേ ഇനി തീരുമാനമെടുക്കാന്‍ കഴിയുകയുള്ളുവന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പരാതിക്കാരി ഗുരുതര രോഗത്തിനുള്ള ചികിത്സയിലാണ്. രോഗാവസ്ഥ കണക്കിലെടുത്ത് വിരമിക്കല്‍ ആനുകൂല്യത്തില്‍ നിന്നും ഈടാക്കിയ തുക തിരികെ നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

ENGLISH SUMMARY:  The Human Rights Com­mis­sion has demand­ed a refund of the amount charged for the stolen documents

YOU MAY ALSO LIKE THIS VIDEO