മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ 16 മണിക്കൂര്‍ കാത്തിരുന്ന സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

Web Desk

കൊച്ചി

Posted on March 11, 2020, 6:30 pm

വീടിനുള്ളില്‍ തൂങ്ങി മരിച്ച ഭര്‍ത്താവിന്റെ മൃതദേഹം നിലത്തിറക്കി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കാന്‍സര്‍ രോഗിയായ ഭാര്യ 16 മണിക്കൂര്‍ കാത്തിരുന്ന സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമങ്ങളിലെ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാന പോലിസ് മേധാവിയും എറണാകുളം (റൂറല്‍) ജില്ലാ പോലിസ് മേധാവിയും സംഭവത്തെ കുറിച്ച് അന്വേഷിച്ച് നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവിയുടെ ഔദ്യോഗിക വസതിയുടെ എതിര്‍വശത്തെ വീട്ടിലാണ് സംഭവം. പെയിന്റിംഗ് തൊഴിലാളിയായ തോട്ടയ്ക്കാട്ടുകര കുരുതിക്കുഴി ജോഷി (67) യാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ തൂങ്ങിമരിച്ചത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഭാര്യ ലിസി വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് ഭര്‍ത്താവ് തൂങ്ങി നില്‍ക്കുന്നത് കണ്ടത്. ലിസിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ജോഷിയെ നിലത്തിറക്കി ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും റൂറല്‍ പോലിസ് മേധാവിയുടെ വീട്ടിലെ പൊലിസുകാര്‍ വിലക്കിയതായി പറയുന്നു.

05.10 ന് പൊലീസെത്തി, 6 ന് മുമ്പ് മഹസര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ മൃതദേഹം ഇറക്കാനാവില്ലെന്ന് പോലീസ് പറഞ്ഞു. മൃതദേഹം കേടാകാതിരിക്കാന്‍ മോര്‍ച്ചറിയിലേക്ക് മാറ്റണമെന്ന് എംഎല്‍എയും പൊതു പ്രവര്‍ത്തകരും ആവശ്യപ്പെട്ടെങ്കിലും പൊലിസ് സമ്മതിച്ചില്ലെന്നും പറയുന്നു. പൊലീസിന്റെ നിസഹകരണം കാരണം രാത്രി മുഴുവന്‍ മൃതദേഹം തൂങ്ങിക്കിടന്നു.  പിറ്റേന്ന് രാവിലെ 9 നാണ് പാെലിസെത്തി മൃതദേഹം നിലത്തിറക്കിയത്.

you may also like this video;