ഭക്ഷ്യ സമൃദ്ധിക്കു നടുവില്‍ പട്ടിണിയുടെ ചുടലനൃത്തം

Web Desk
Posted on September 05, 2019, 9:08 am

രാജ്യത്ത് വര്‍ധിച്ചുവരുന്ന ദാരിദ്ര്യം, പട്ടിണി, പ്രകൃതി ദുരന്തങ്ങളില്‍പെട്ട ജനങ്ങളുടെ ദുരിതാവസ്ഥ എന്നിവയോടുള്ള ഭരണകൂടത്തിന്റെ നിസംഗതയും നിഷേധാത്മകതയും തുറന്നുകാണിക്കുന്ന വാര്‍ത്തകളാണ് അനുദിനം പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സമ്പദ്ഘടനയുടെ തകര്‍ച്ച കേവലം വാഹന വ്യവസായത്തേയും ഉപഭോഗവസ്തുക്കളുടെ വില്‍പ്പനയേയും മാത്രം ബാധിക്കുന്ന ഒന്നല്ല. അത് കോടാനുകോടി ജനങ്ങളെയാകെ ഗ്രസിച്ചിരിക്കുന്ന ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും കൂടി ചിത്രമാണ് അനാവരണം ചെയ്യുന്നത്. രാജ്യത്താകെ പടര്‍ന്നുപിടിക്കുന്ന പട്ടിണിമരണങ്ങള്‍ മാനുഷികമായ അന്തസിന്റെയും ജീവിക്കാനുള്ള അവകാശത്തിന്റെയും നിഷേധത്തിന്റെ നേര്‍ചിത്രമാണ് കാഴ്ചവയ്ക്കുന്നതെന്ന് ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിച്ച ഒരു പരാതി വ്യക്തമാക്കുന്നു. ജസ്റ്റിസ് എന്‍ വി രമണയുടെ ബെഞ്ച് സൗജന്യ ഭക്ഷണവിതരണത്തിനുവേണ്ടി സമൂഹ അടുക്കളകള്‍ തുടങ്ങണമെന്ന ആവശ്യമടക്കം വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് നല്‍കി. ഇക്കൊല്ലത്തെ കാലവര്‍ഷത്തെയും പ്രകൃതിദുരന്തങ്ങളെയും തുടര്‍ന്ന് ഇരകളാക്കപ്പെട്ട ലക്ഷക്കണക്കിന് വരുന്ന കേരളീയര്‍ക്ക് സൗജന്യ റേഷന്‍ നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനയോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണമാണ് മറ്റൊരു ഉദാഹരണം. പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ നിരക്കില്‍പോലും അത് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിക്കുകയാണ് ഉണ്ടായത്. പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യം നല്‍കാന്‍ വിസമ്മതിച്ച കേന്ദ്രസര്‍ക്കാര്‍ അരിക്ക് കിലോഗ്രാമിന് 26 രൂപ വില നല്‍കണമെന്ന നിബന്ധനയാണ് മുന്നോട്ടുവച്ചത്. പൊതുവിപണിയിലെ അരിവിലയ്ക്ക് തുല്യമായ വില! ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൗണുകളില്‍ അനേകായിരക്കണക്കിന് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഉപയോഗശൂന്യമായി നശിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ ക്രൂരത അരങ്ങേറുന്നത്.

കേന്ദ്ര ഭക്ഷ്യ‑പൊതുവിതരണ മന്ത്രാലയത്തിന്റെ ജൂലൈ മാസത്തെ കണക്കുകളനുസരിച്ച് ഗോതമ്പ്, അരി, പരുക്കന്‍ ഭക്ഷ്യധാന്യങ്ങള്‍ എന്നിവയുടെ കേന്ദ്രശേഖരം സര്‍വകാല റെക്കോഡ് ഭേദിച്ചിരിക്കുകയാണ്. അത് 742 ലക്ഷം ടണ്‍ കവിഞ്ഞിരിക്കുന്നു. 2015ലെ ശേഖരത്തെക്കാള്‍ 36 ശതമാനത്തില്‍ അധികമാണ് അത്. 2018ലെ ആഗോള പട്ടിണി സൂചികയില്‍ 119 രാജ്യങ്ങളുടെ പട്ടികയില്‍ നൂറ്റിമൂന്നാമതാണ് ഇന്ത്യയുടെ സ്ഥാനമെന്നിരിക്കെയാണ് ഈ വിരോധാഭാസം. 2019 ലെ ലോക ഭക്ഷ്യ‑പോഷകാഹാര സുരക്ഷ പട്ടിക അനുസരിച്ച് ജനസംഖ്യയില്‍ 14.5 ശതമാനവും, ഏതാണ്ട് 20 കോടി ജനങ്ങള്‍, ഭക്ഷ്യ ദാരിദ്ര്യത്തിലാണ്. അഞ്ച് വയസിനു താഴെയുള്ള 20.8 ശതമാനം കുഞ്ഞുങ്ങള്‍ പട്ടിണിയിലാണ്. ആ പ്രായത്തിലുള്ള 37.9 ശതമാനം കുഞ്ഞുങ്ങള്‍ വളര്‍ച്ച മുരടിപ്പിനെ നേരിടുന്നു. പ്രത്യുല്‍പാദന ക്ഷമതയുള്ള, 15നും 49നും ഇടയില്‍ പ്രായക്കാരായ, 51.4 ശതമാനം സ്ത്രീകളും വിളര്‍ച്ച ബാധിതരാണ്. ഇന്ത്യന്‍ ജനതയുടെ ഭക്ഷ്യസുരക്ഷിതത്വം സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന ചിത്രം ഇതായിരിക്കെയാണ് കേന്ദ്ര ഭരണകൂടം ഭീമമായ ഭക്ഷ്യധാന്യ ശേഖരത്തിനു നിധി കാക്കുന്ന ഭൂതത്തെപോലെ കാവലിരിക്കുന്നത്. ഭക്ഷ്യധാന്യ ശേഖരം കുമിഞ്ഞുകൂടുമ്പോഴും പൊതുവിതരണ സംവിധാനത്തിലൂടെയുള്ള അതിന്റെ വിതരണത്തില്‍ നാമമാത്ര വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. 2019 ജൂലൈ വരെ ഒരു വര്‍ഷക്കാലത്ത് പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്തത് 195 ലക്ഷം ടണ്‍ മാത്രം. മുന്‍ വര്‍ഷത്തെക്കാള്‍ വര്‍ധനവ് കേവലം നാല് ശതമാനം. സംഭരണത്തില്‍ 14 ശതമാനം കണ്ട് വര്‍ധനവ് ഉണ്ടായപ്പോഴാണ് ഇത്. എഫ്‌സിഐ ഗോഡൗണുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ നിറഞ്ഞുകവിഞ്ഞ് തുറസായ സ്ഥലത്ത് ആയിരക്കണക്കിന് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ വെയിലും മഴയും മഞ്ഞുമേറ്റ് നശിക്കുന്നു. ഭക്ഷ്യധാന്യങ്ങള്‍ പൊതുവിപണിയിലൂടെ വിറ്റഴിച്ച് വില നിയന്ത്രിക്കാമെന്നും കയറ്റുമതി ചെയ്ത് വിദേശനാണ്യം നേടാമെന്നുമുള്ള വ്യാമോഹങ്ങള്‍ പരാജയപ്പെടുമ്പോഴും ജനങ്ങളുടെ പട്ടിണി മരണവും ദുരിതവും അവസാനിപ്പിക്കാന്‍ വിസമ്മതിക്കുകയാണ് മോഡി സര്‍ക്കാര്‍.

ഭക്ഷ്യധാന്യങ്ങള്‍ പണം നല്‍കി വാങ്ങാനുള്ള ക്രയശേഷി നഷ്ടപ്പെട്ട, അനുദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന, ഒരു ജനതയാണ് നമ്മുടേത്. ആഡംബര വാഹനങ്ങളുടെയും ഉപഭോഗ വസ്തുക്കളുടെയും വില്‍പ്പനയെ അടിസ്ഥാനമാക്കിയാണ് സമ്പദ്ഘടനയുടെ മാന്ദ്യത്തെ നാം വിലയിരുത്തുന്നത്. ധാന്യങ്ങളടക്കം ഭക്ഷ്യവസ്തുക്കള്‍ പോലും വാങ്ങാനുള്ള ക്രയശേഷി നഷ്ടപ്പെട്ട ഒരു ജനതയുടെ ചിത്രമാണ് ഭക്ഷ്യ‑പൊതുവിതരണ മന്ത്രാലയത്തിന്റെ കണക്കുകളും തുറന്നുകാണിക്കുന്നത്. പട്ടിണിമരണങ്ങള്‍ തടയാന്‍ പൊതുവിതരണ സംവിധാനത്തിലൂടെ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാന്‍ പോലും വിസമ്മതിക്കുന്ന മോഡി ഭരണകൂടം ആരോഗ്യ സുരക്ഷാ പദ്ധതികളെപ്പറ്റിയും സ്വച്ഛ് ഭാരതിനെപ്പറ്റിയും നടത്തുന്ന വിടുവായത്തങ്ങള്‍ ജനകോടികളെ അപഹസിക്കലാണ്. പട്ടിണിമരണം നടമാടുന്ന രാജ്യത്ത് വീടുവീടാന്തരം കക്കൂസുകള്‍ പണിതു നല്‍കി കുടിവെള്ളം പോലുമില്ലാത്ത ഗ്രാമ‑നഗര പ്രദേശങ്ങളില്‍ ജനങ്ങളെ അപമാനിക്കാന്‍ പോലും മുതിരുന്ന രാഷ്ട്രീയ വൈകൃതത്തെയും വൈരുധ്യത്തെയുമാണ് മോഡി ഭരണകൂടം പ്രതിനിധാനം ചെയ്യുന്നത്. ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും നടുവില്‍ മോഡി സര്‍ക്കാര്‍ നടത്തുന്നത് ചുടലനൃത്തമാണ്.