പ്രത്യേക ലേഖകൻ

ന്യൂഡൽഹി

January 20, 2020, 10:19 pm

രാജ്യത്തെ സാമ്പത്തിക വളർച്ച നിരക്ക് ഐഎംഎഫ് വെട്ടിക്കുറച്ചു

Janayugom Online

രാജ്യത്തെ സാമ്പത്തിക വളർച്ച നിരക്ക് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) വീണ്ടും വെട്ടിക്കുറച്ചു. 4.8 ശതമാനമായാണ് ഇപ്പോൾ പരിമിതപ്പെടുത്തിയത്. നടപ്പ് സാമ്പത്തിക വർഷം രാജ്യത്തെ വളർച്ച നിരക്ക് 7.1 ശതമാനമാകുമെന്നായിരുന്നു ആദ്യം ഐഎംഎഫ് പറഞ്ഞിരുന്നത്. ഒക്ടോബർ മാസത്തിൽ ഇത് 6.1 ശതമാനമായി വെട്ടിക്കുറച്ചിരുന്നു. എന്നാൽ ഇപ്പോൾ 4.8 ശതമാനമായി കുറച്ചു. ഈ സാഹചര്യം തുടർന്നാൽ അഞ്ച് ട്രില്യൺ സമ്പദ് വ്യവസ്ഥയെന്ന മോഡിയുടെ വാക്കുകൾ കേവലം ദിവാസ്വപ്നമായി മാറും. വളർച്ച നിരക്കിൽ 130 ബെയ്സിസ് പോയിന്റാണ് ഇന്നലെ വെട്ടിക്കുറച്ചത്.

ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി, ഗ്രാമീണ മേഖലയിലെ വരുമാനത്തിലുള്ള കുറവ് എന്നിവയാണ് വളർച്ച നിരക്ക് ഇടിയാനുള്ള കാരണമെന്ന് ഐഎംഎഫിലെ മുഖ്യ സാമ്പത്തിക വിദഗ്ധയായ ഗീതാ ഗോപിനാഥ് വ്യക്തമാക്കി. ആഗോള സാമ്പത്തിക വളർച്ച നിരക്ക് 2019ൽ 2.9 ശതമാനം ആയിരുന്നത് 2020ൽ 3.3 ശതമാനമായി വർധിക്കും. 2021ൽ ഇത് 3.4 ശതമാനമായി വർധിക്കുമെന്നും ഐഎംഎഫിന്റെ റിപ്പോർട്ട് പറയുന്നു.

മോഡി സർക്കാർ സ്വീകരിക്കുന്ന സാമ്പത്തിക നയങ്ങളിൽ ഇളവുകൾ വരുത്താൻ തയ്യാറാകണമെന്ന് ഐഎംഎഫിന്റെ കഴിഞ്ഞ മാസത്തെ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. നിലവിൽ സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകൾ വളർച്ച കൈവരിക്കാൻ ഉതകുന്നതല്ലെന്നും റിപ്പോർട്ട് സൂചിപ്പിച്ചിരുന്നു. തന്ത്രപ്രധാന മേഖലകളിൽ പ്രത്യേക്ഷ വിദേശ നിക്ഷേപം വർധിപ്പിക്കാനുള്ള നടപടികൾ ഉണ്ടാകണം.
2019 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ രാജ്യത്തെ വളർച്ച നിരക്ക് ആറര വർഷത്തെ ഏറ്റവും കുറഞ്ഞ 4.5 ശതമാനത്തിൽ എത്തിയിരുന്നു.

Eng­lish Sum­ma­ry: The IMF cut the coun­try’s eco­nom­ic growth rate.

you may also like this video;