സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി വൃദ്ധമാതാപിതാക്കൾ വെന്തുമരിച്ച സംഭവത്തിൽ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്ത മകൻ വിജയനെ റിമാൻഡ് ചെയ്തു. ശനിയാഴ്ച പുലർച്ചെ മൂന്നിനാണ് മകൻ വിജയൻ വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വൃദ്ധ മാതാപിതാക്കളായ രാഘവനെയും ഭാരതിയേയും തീ കൊളുത്തി കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം കടന്നു കളഞ്ഞ പ്രതിയെ സംഭവ സ്ഥലത്ത് നിന്നും 300 മീറ്റർ അകലെനിന്നും നാട്ടുകാരും പൊലീസും ചേർന്നാണ് പിടികൂടിയത്. ആലപ്പുഴ ജില്ലാ പൊലിസ് മേധാവി എം പി മോഹന ചന്ദ്രൻ ഐ പി എസ്, ചെങ്ങന്നൂർ ഡി വൈ എസ് പി ബിനു കുമാർ എം. കെ, മാന്നാർ എസ്. എച്ച്. ഒ യുടെ ചുമതല വഹിക്കുന്ന അനീഷ്, എസ്. ഐ അഭിരാം എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയെ ഇന്നലെ തന്നെ വൈകിട്ട് നാല് മണിയോടെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ വൈദ്യ പരിശോധനകൾ നടത്തിയ ശേഷം പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി മാന്നാർ പൊലീസ് സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.
ഇന്ന് ഉച്ചയോടെ ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മൃതദേഹങ്ങൾ വീടിന് സമീപത്ത് തന്നെ ഒരുക്കിയ ഒരേ ചിതക്കുള്ളിൽ സംസ്കരിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ ഇന്ന് രാവിലെ 10 മണിയോടെയാണ് ചെന്നിത്തലയിലെ വീട്ടിലെത്തിച്ചത്. കത്തിയമർന്ന വീടിന് സമീപത്ത് തന്നെയുള്ള ഭാരതിയുടെ സഹോദരി പരേതയായ ശാരദയുടെ മകൾ സുശീലയുടെ വീട്ട് മുറ്റത്ത് പൊതുദർശനത്തിന് വെച്ച മൃതദേഹങ്ങൾ ഒരുനോക്ക് കാണുന്നതിനും ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും ബന്ധുക്കളും ജനപ്രതിനിധികളും നാട്ടുകാരുമടക്കം നിരവധിപേർ എത്തിയിരുന്നു. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും — സാമൂഹ്യ രംഗത്തെ പ്രമുഖരും അന്ത്യോപചാരം അർപ്പിച്ചു. കൊല്ലപ്പെട്ട രാഘവന്റെയും ഭാരതിയുടെയും ചെറുമക്കളായ സുചിത, വിഷ്ണു, അനന്ദു എന്നിവർ ചേർന്നാണ് അന്ത്യ കർമ്മങ്ങൾ ചെയ്ത്. ചെറുമകൻ വിഷ്ണു ചിതക്ക് തീ കൊളുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.