ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ ബന്ധുവായ യുവതി കസ്റ്റഡിയിൽ. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയ ജോസിനെയാണ് മുംബൈ വിമാനത്താവളത്തിൽ നിന്ന് കേരള പൊലീസ് കസ്റ്റഡിയിലെടുത്തത്. ദുബൈയിൽ നിന്ന് യാത്ര തിരിച്ച ലിവിയ മുബൈയിൽ വിമാനം ഇറങ്ങിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. ബംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ലിവിയയെ പിടികൂടാൻ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
2023 ഫെബ്രുവരി 27നാണ് കേസിനാസ്പദമായ സംഭവം. ബ്യൂട്ടിപാർലർ ഉടമയായ ഷീലയുടെ ഇരുചക്രവാഹനത്തിൽനിന്ന് ലഹരി കണ്ടെത്തിയെന്ന് ആരോപിച്ച് ജയിലിൽ അടക്കുകയായിരുന്നു. 72 ദിവസം ജയിലിൽ കഴിഞ്ഞ ശേഷം കേസ് വ്യാജമെന്ന് കണ്ടെത്തിയതോടെ ഷീല സണ്ണി പുറത്തിറങ്ങി. ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ മുഖ്യ പ്രതി തൃപ്പൂണിത്തുറ സ്വദേശി നാരായണദാസിനെയാണ് 2024 ഏപ്രിൽ 29ന് പൊലീസ് പിടികൂടിയിരുന്നു. ലിവിയയുടെ നിര്‍ദേശപ്രകാരമാണ് ഷീല സണ്ണിയുടെ സ്കൂട്ടറിൽ എല്‍ എസ്ഡി സ്റ്റാംപ് വെച്ചതെന്ന് നാരായണദാസ് പൊലീസിന് മൊഴി നൽകിയിരുന്നു. ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോള്‍ ലിവിയ ദുബായിലേക്ക് കടക്കുകയായിരുന്നു. വ്യക്തി വൈരാഗ്യമാണ് ഷീല സണ്ണിയെ കുടുക്കാന്‍ കാരണമെന്നാണ് നാരായണ ദാസിന്‍റെ മൊഴി. ബെംഗളൂരുവില്‍ നിന്നാണ് ഒറിജിനലാണെന്ന് ഉറപ്പിച്ച് ഇവര്‍ എല്‍എസ്ഡി സ്റ്റാംപുകള്‍ വാങ്ങിയതും ഷീല സണ്ണിയുടെ ബാഗിൽ വെച്ചതും. എന്നാൽ പൊലീസ് പരിശോധനക്ക് ശേഷമാണ് തങ്ങള്‍ വാങ്ങിയത് വ്യാജ എല്‍എസ്ഡി സ്റ്റാംപുകളാണെന്ന് ഇവര്‍ തിരിച്ചറിയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.