16 July 2024, Tuesday
KSFE Galaxy Chits

Related news

July 14, 2024
July 13, 2024
July 13, 2024
July 11, 2024
July 9, 2024
July 7, 2024
July 7, 2024
July 6, 2024
July 4, 2024
July 3, 2024

കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം: എസ്‌ഐ അടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Janayugom Webdesk
July 23, 2022 10:41 am

പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ സ്റ്റേഷന്‍ എസ്‌ഐ അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. വടകര സ്റ്റേഷന്‍ എസ്‌ഐ നിജേഷ്, എഎസ്‌ഐ അരുണ്‍, സിവില്‍ പൊലീസ് ഓഫീസര്‍ ഗിരീഷ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. പ്രഥമ ദൃഷ്ട്യാ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മൂന്ന് പേരേയും സസ്‌പെന്‍ഡ് ചെയ്തത്. ഉത്തരമേഖല ഐജി രാഹുല്‍ ആര്‍ നായര്‍ ആണ് നടപടി സ്വീകരിച്ചത്.

വടകര കല്ലേരി സ്വദേശി സജീവനാണ് സ്റ്റേഷനില്‍ വച്ച് ചികിത്സ കിട്ടാതെ മരിച്ചത്. വാഹന അപകടത്തെത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പൊലീസ് സംഘം സ്റ്റേഷനില്‍ വച്ച് സജീവനെ മര്‍ദ്ദിച്ചതായി കൂടിയുണ്ടായിരുന്നവര്‍ ആരോപിച്ചിരുന്നു. നെഞ്ച് വേദനയുണ്ടെന്ന് സജീവന്‍ പറഞ്ഞിട്ടും മുക്കാല്‍ മണിക്കൂറോളം സ്റ്റേഷനില്‍ തന്നെ നിര്‍ത്തിയെന്നും അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുകളും ആരോപിക്കുന്നു.

ഇന്നലെ രാത്രി 11.30ഓടെയാണ് വടകര ടൗണിലെ അടയ്ക്കാതെരുവില്‍ വച്ച് വടകര കല്ലേരി സ്വദേശിയായ സജീവനും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമായി. ഒടുവില്‍ പൊലീസെത്തി. സജീവന്‍ സഞ്ചരിച്ചിരുന്ന കാര്‍ സ്റ്റേഷനിലേക്ക് മാറ്റി. അപകട സമയം സജീവന്റെ സുഹൃത്തായിരുന്ന കാര്‍ ഓടിച്ചത്. എങ്കിലുംമദ്യപിച്ചെന്ന പേരില്‍ സബ് ഇന്‍സ്‌പെക്ടര്‍ നിജേഷ് കയ്യേറ്റം ചെയ്യുകയായിരുന്നെന്ന് സജീവനൊപ്പം ഉണ്ടായിരുന്നവര്‍ പറഞ്ഞു.

മര്‍ദ്ദനമേറ്റതിനു പിന്നാലെ തനിക്ക് നെഞ്ച് വേദന അനുഭവപ്പെടുന്നതായി സജീവന്‍ പറഞ്ഞു. എന്നാല്‍ പൊലീസുകാര്‍ അത് കാര്യമാക്കിയില്ല. 45 മിനിട്ടിനു സ്റ്റേഷനിലെ നടപടികള്‍ പൂര്‍ത്തിയായതിനു പിന്നാലെ പൊലീസ് ഇവരെ വിട്ടയച്ചെങ്കിലും സജീവന്‍ സ്റ്റേഷനു മുന്നില്‍ കുഴഞ്ഞു വീണു. തുടര്‍ന്ന് പൊലീസുകാരുടെ ഉള്‍പ്പെടെ സഹായം തേടിയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവില്‍ ഓട്ടോറിക്ഷക്കാരുടെ സഹായത്തോടെയാണ് വടകര സഹകരണ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

42കാരനായ സജീവന്‍ മരംവെട്ട് തൊഴിലാളിയാണ്. സംഭവം വിവാദമായതോടെ ഉത്തരമേഖല ഐടി ടി വിക്രത്തിന്റെ നേതൃത്വത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വടകരയിലെത്തി. പ്രാഥമിക അന്വേഷണത്തില്‍ തന്നെ വടകര സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായി വ്യക്തമായി. തുടര്‍ന്നാണ് എസ്‌ഐ നിജേഷ്, എഎസ്‌ഐ അരുണ്‍, സിവില്‍ പൊലീസ് ഓഫീസര്‍ ഗിരീഷ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തത്. കസ്റ്റഡി മരണമെന്ന പരാതി ഉയര്‍ന്നതിനാല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ നേതൃത്വത്തിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തിയത്.

Eng­lish sum­ma­ry; The inci­dent of the death of a youth in cus­tody: Sus­pen­sion of three offi­cers includ­ing SI

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.