15 February 2025, Saturday
KSFE Galaxy Chits Banner 2

Related news

February 15, 2025
February 14, 2025
February 14, 2025
February 14, 2025
February 13, 2025
February 13, 2025
February 13, 2025
February 13, 2025
February 12, 2025
February 12, 2025

വീണ്ടെടുക്കണം വിവേകാനന്ദൻ കണ്ട ഇന്ത്യയെ

ടി ടി ജിസ് മോന്‍ 
എഐവെെഎഫ് സംസ്ഥാന സെക്രട്ടറി
January 12, 2025 4:30 am

“സ്വാമി, ഭോഗപൂര്‍ണവും ശ്ലാഘ്യവും പ്രബലവുമായ പാശ്ചാത്യദേശങ്ങളില്‍ നാലു കൊല്ലത്തെ അനുഭവങ്ങള്‍ക്കുശേഷം ഇന്നിപ്പോള്‍ അങ്ങയുടെ മാതൃഭൂമിയെ അങ്ങ് എങ്ങനെ ഇഷ്ടപ്പെടുന്നു?” ഇംഗ്ലണ്ട് സന്ദർശനത്തിന് ശേഷം ഇന്ത്യയിലേക്ക് പുറപ്പെടുന്നതിനു തൊട്ടുമുമ്പായി ഒരു ഇംഗ്ലീഷ് സുഹൃത്ത് സ്വാമി വിവേകാനന്ദനോട്‌ ചോദിച്ചതാണിത്. സ്വാമിയുടെ മറുപടി ഇപ്രകാരമായിരുന്നു: “അവിടെനിന്നു പുറപ്പെടുന്നതിന് മുമ്പ് ഞാന്‍ ഭാരതത്തെ സ്നേഹിച്ചു. ഇപ്പോള്‍ ഭാരത ഭൂമിയിലെ പൊടിപോലും എനിക്കു പരിശുദ്ധമായി തോന്നുന്നു. അവിടത്തെ കാറ്റുപോലും എനിക്കു പരിശുദ്ധമാണ്. അതെന്റെ പുണ്യഭൂമിയാണ്, പുണ്യതീര്‍ത്ഥമാണ്”. സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും സര്‍വമത സമഭാവനയുടെയും സന്ദേശം ലോകത്തെ നിരന്തരം ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്ന കർമ്മയോഗിയുടെ വാക്കുകളും ചിന്തകളും ‘ലോകം മുഴുവന്‍ ഒരു കുടുംബം’ എന്ന ഭാരതീയ സങ്കല്പത്തിന്റെ യഥാര്‍ത്ഥമായ ആവിഷ്കാരം തന്നെയായിരുന്നു. ജാതി ചിന്തകളെ തട്ടിയുണര്‍‍ത്തി, വെറുപ്പിന്റെ വിത്തുവിതച്ച്, മനുസ്മൃതിയില്‍ അധിഷ്ഠിതമായ ചാതുര്‍വര്‍ണ്യ കാലത്തേക്ക് ഇന്ത്യയെ നയിച്ച്, പൗരന്മാരെ ഭിന്നിപ്പിക്കാൻ ശ്രമം നടത്തുന്ന ഫാസിസ്റ്റ് ഭരണ കാലത്ത് വിവേകാനന്ദ ദർശനങ്ങൾക്ക് പ്രസക്തിയേറുന്നതും അതുകൊണ്ടാണ്.

തീവ്രവാദവും ഫാസിസവും ഇന്ത്യന്‍ മതേതര പൈതൃകത്തിന്റെ വിരിമാറ് ചവിട്ടിമെതിച്ച് കടന്നുപോകുമ്പോള്‍, മത‑സാമുദായിക ധ്രുവീകരണത്തിലൂടെ തങ്ങളുടെ അധികാരക്കസേരകള്‍ സുരക്ഷിതമാക്കാൻ ശ്രമിക്കുകയാണ് സംഘ്പരിവാര്‍ ഭരണകൂടം. സർക്കാരിനെതിരെ ഉയരുന്ന ജനരോഷത്തെ ദുർബലപ്പെടുത്താനുള്ള ഏറ്റവും മികച്ച ആയുധമെന്ന നിലയിലാണ് വർഗീയതയെ സമർത്ഥമായി ഉപയോഗിച്ചും ഭരണഘടനയുടെ അടിസ്ഥാനഭാവത്തെ നിരാകരിച്ചും അട്ടിമറിച്ചും കൊണ്ട് അവർ മുന്നേറുന്നത്. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകളായ മതനിരപേക്ഷതയെയും ജനാധിപത്യത്തെയും ഫെഡറലിസത്തെയും വെല്ലുവിളിച്ചുകൊണ്ട് ഹിന്ദുത്വത്തിലൂന്നിയുള്ള സ്വാതന്ത്ര്യത്തിന്റെ പുനർനിർവചനമാണ് ആർഎസ്എസ് നേതൃത്വം നൽകുന്ന ബിജെപി ഭരണത്തിന്റെ ലക്ഷ്യം. ഭരണഘടനാ ശില്പിയോടുള്ള അവഹേളനവും സംഘ്പരിവാർ വിരുദ്ധ രാഷ്ട്രീയം പ്രകടിപ്പിക്കുന്ന സംസ്ഥാനങ്ങളെ വിദ്വേഷ പ്രചരണങ്ങളിലൂടെ ഒറ്റപ്പെടുത്തുന്ന ജനാധിപത്യ വിരുദ്ധതയും കഴിഞ്ഞ നാളുകളിൽ രാജ്യം ദർശിക്കുകയുണ്ടായി.

സംഘ്പരിവാർ പലപ്പോഴും ഹിന്ദുത്വ ആശയത്തെ വികസിപ്പിക്കുന്നത് സ്വാമി വിവേകാനന്ദനെ തങ്ങളുടെ രാഷ്ട്രീയ ബിംബമായി അവതരിപ്പിച്ചുകൊണ്ടുള്ള ചരിത്ര ദുർവ്യാഖ്യാനങ്ങളിലൂടെയാണെന്ന് കാണാൻ കഴിയും. അടിമുടി ഫാസിസ്റ്റ് സ്വഭാവത്തിലധിഷ്ഠിതമായ ‘ഹിന്ദുത്വരാഷ്ട്ര’ മെന്ന സ്വാര്‍ത്ഥമായ ലക്ഷ്യ സംസ്ഥാപനത്തിനായുള്ള പ്രത്യയശാസ്ത്രപരവും സൈദ്ധാന്തികവുമായ ന്യായീകരണങ്ങളും അവർ നിരന്തരം പടച്ചുവിടുകയും ചെയ്യാറുണ്ട്. എന്നാൽ സ്വാമി വിവേകാനന്ദൻ പ്രബോധനം ചെയ്ത ‘വസുധെെവ കുടുംബക’മെന്ന ആശയത്തോട് നിരന്തര സമരം നടത്തിക്കൊണ്ടാണ് ദേശീയതയുടെയും ദേശസ്നേഹത്തിന്റെയും മാനദണ്ഡമായി ഹിന്ദുത്വത്തിന്റെ മഹത്വവൽക്കരണത്തെ ആർഎസ്എസ് പ്രഖ്യാപിക്കുന്നതെന്നതാണ് വിരോധാഭാസം. 

1893 സെപ്റ്റംബർ 11ന് ചിക്കാഗോയിലെ ലോക മതസമ്മേളനത്തിൽ സ്വാമി പ്രസ്താവിച്ചത് ഇപ്രകാരമാണ്: “കുട്ടിക്കാലം തൊട്ടേ ഞാൻ പാടി വരുന്ന, ഇന്നും ലക്ഷങ്ങൾ പാടുന്ന ഏതാനും വരികൾ ഞാൻ പാടാം, ‘എല്ലാ നദികളും ഒടുവിൽ സമുദ്രത്തിൽ ചേരുന്നത് പോലെ മനുഷ്യൻ വേഷം ഏതായാലും മട്ടെന്തായാലും ദൈവത്തിൽ ചേരുന്നു. ഇന്നത്തെ ഈ സമ്മേളനം തന്നെ ലോകത്തിന് നൽകുന്ന സന്ദേശം ഇതാണ്. ഗീത നൽകുന്ന സന്ദേശം; എന്റെയടുക്കൽ വരുന്നവർ ആരായിരുന്നാലും ഏത് രൂപത്തിലായാലും ഞാൻ അവരിൽ എത്തുന്നു എന്നതാണ്. ഏതുവഴികളിൽ ഉഴറിയെത്തുന്ന മനുഷ്യനും അവസാനം എന്നിലെത്തുന്നു.”
വംശവെറിയുടെയും അപരമത വിദ്വേഷത്തിന്റെയും താത്വികവല്‍ക്കരിക്കപ്പെട്ട അധ്യാപനങ്ങൾ പ്രയോഗവല്‍ക്കരിക്കാൻ ശ്രമിച്ച്, ഏകശിലാത്മക രാജ്യത്തിനായി നിലകൊള്ളുന്ന ആർഎസ്എസ് അതിനു വേണ്ടി ഭരണഘടനയുടെ മതനിരപേക്ഷ–ജനാധിപത്യ അടിത്തറയെ തകർക്കുന്ന കാഴ്ചയാണിന്ന് രാജ്യം ദർശിക്കുന്നത്. 1947 ജൂലൈ മൂന്നിന് പ്രസിദ്ധീകരിച്ച ആർഎസ്എസ് മുഖപത്രം ഓർഗനൈസറിലെ ‘മഹത്തായ ഹിന്ദു രാജ്യം’ എന്ന ലേഖനത്തിൽ ഹൈന്ദവരും മുസ്ലിങ്ങളും ഒരുമിച്ചു കഴിയുക എന്നത് തന്നെ ബ്രിട്ടീഷ് ഗൂഢാലോചനയാണെന്നാണ് ആരോപിച്ചതെന്നോർക്കണം. 

ഭൂരിപക്ഷ വർഗീയത ഇത്തരത്തിൽ ഫാസിസത്തെ ഉറപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ വിഭജനങ്ങളെയും വിദ്വേഷങ്ങളെയും വളർത്തിക്കൊണ്ടിരിക്കുമ്പോൾ മറുഭാഗത്ത് സമഗ്രാധിപത്യ ഇസ്ലാമിക രാഷ്ട്ര സങ്കല്പത്തെ പ്രഘോഷിക്കുകയും അതുവഴി മതേതരത്വ ജനാധിപത്യ കാഴ്ചപ്പാടുകളെ നിരാകരിക്കുകയും ചെയ്യുന്ന സമീപനം ജമാ അത്തെ ഇസ്ലാമി സ്വീകരിക്കുന്നത് കാണാതിരിക്കാനാവില്ല. അനിസ്ലാമിക രാജ്യങ്ങളിൽ ജീവിക്കുന്ന ഇസ്ലാം വിശ്വാസികൾ അവരുടെ ഇസ്ലാമിക ജീവിതത്തെ ഹനിക്കാത്തിടത്തോളം കാലം ആ രാജ്യങ്ങളിലെ നിയമങ്ങളും വ്യവസ്ഥകളും അംഗീകരിക്കാൻ ബാധ്യസ്ഥരാണെന്നിരിക്കെ, മക്കയിലെ ഗോത്രനിയമങ്ങള്‍ അനുസരിച്ചുകൊണ്ട് അവിടെ ഇസ്ലാമിക പ്രബോധനം നിര്‍വഹിച്ച പ്രവാചകൻ തന്നെ അതിന് മാതൃക കാണിച്ചിട്ടുണ്ടെന്നിരിക്കെ ‘ഹുകൂമത്തെ ഇലാഹി’ (ദൈവത്തിന്റെ ഭരണം)യെന്ന മത വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ആശയങ്ങളിലൂടെ ആർഎസ്എസിന്റെ ഇസ്ലാം പതിപ്പായി മാറുകയാണവർ.
കേരളത്തിൽ മാലിക് ദിനാറും കൂട്ടരും മത പ്രബോധനം നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്നും മതരാഷ്ട്രമുണ്ടാക്കാന്‍ പരോക്ഷ ശ്രമം പോലും നടത്തിയിട്ടില്ലെന്നതും നമുക്കറിയാവുന്നതാണല്ലോ. അതുകൊണ്ട് തന്നെ ഹിന്ദുത്വത്തിന്റെയും ജമാഅത്തെ ഇസ്ലാമി അടക്കമുളള ന്യൂനപക്ഷ വർഗീയ വാദികളുടെയും സാംസ്കാരികാധിനിവേശത്തെ പ്രായോഗികമായിത്തന്നെ ജനാധിപത്യ വിശ്വാസികൾ പ്രതിരോധിക്കേണ്ടതുണ്ട്. ജനവിരുദ്ധ വര്‍ഗീയ അജണ്ടകൾക്കെതിരെയുള്ള പ്രക്ഷോഭങ്ങളിലൂടെ സ്വാമി വിവേകാനന്ദൻ സ്വപ്നം കണ്ട ഇന്ത്യയെ നമുക്ക് വീണ്ടെടുക്കേണ്ടതുണ്ട്.

എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ യുവജന ദിനമായ ജനുവരി 12ന് സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ‘വിവേകാനന്ദ സ്മൃതി സംഗമം’ അപ്രകാരമൊരു ആഹ്വാനമാണ് യുവജനങ്ങൾക്ക് നൽകുന്നത്. രാജ്യത്തിന്റെ ഫെഡറൽ സ്വഭാവത്തിന് നേരെ നടക്കുന്ന ആക്രമണങ്ങളെയും വെല്ലുവിളികളെയും ആശയപരമായി തന്നെ നേരിടണം. ജനാധിപത്യവിരുദ്ധവും സമഗ്രാധിപത്യപരവുമായ മൂല്യങ്ങളാൽ നയിക്കപ്പെടുന്ന ഭരണകൂടത്തെ തുറന്നുകാട്ടേണ്ടതുണ്ട്. തീവ്രവാദത്തിന്റെയും ഫാസിസത്തിന്റെയും വക്താക്കളുടെ അജണ്ടകൾ രാജ്യത്തിന്റെ ബഹുസ്വരതയെ നിർമൂലനം ചെയ്യുന്നതിനെതിരെയുള്ള ജാഗ്രതയാണ് ഈ യുവജന ദിനത്തിൽ നമുക്കുണ്ടാകേണ്ടത്.

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 15, 2025
February 15, 2025
February 15, 2025
February 15, 2025
February 15, 2025
February 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.