Web Desk

മുംബൈ

June 11, 2021, 9:47 pm

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Janayugom Online

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും ടീമിലിടം പിടിച്ചു. ഏകദിന, ടി20 ടീമിനെ ശിഖര്‍ ധവാനാണ് നയിക്കുക. ധവാനെ ക്യാപ്റ്റനായി തിര‍‍ഞ്ഞെടുത്തപ്പോൾ പേസർ ഭുവനേശ്വർ കുമാറാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. സഞ്ജുവിനൊപ്പം ഇഷാൻ കിഷനും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി തിളങ്ങിയ ഇടംകൈയൻ പേസർ ചേതൻ സക്കറിയ ആണ് ടീമിലെത്തിയ അപ്രതീക്ഷിത താരം.

ചെന്നൈ സൂപ്പർ കിങ്സ് ഓപ്പണറായ റിതുരാജ് ​ഗെയ്ക്വാദ്, മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ്, ക്രുനാൽ പാണ്ഡ്യ, ഹർദ്ദിക് പാണ്ഡ്യ എന്നിവരും ടീമിലിടം നേടിയിട്ടുണ്ട്. നെറ്റ് ബൗളർമാരായി ഇഷാൻ പൊരൽ, മലയാളി താരം സന്ദീപ് വാര്യർ, അർഷദീപ് സിങ്, സായ് കിഷോർ, സിമർജീത് സിങ് എന്നിവരെയും തെരഞ്ഞെടുത്തു. ജൂലൈ 13‑ന് ആരംഭിക്കുന്ന പരമ്പരയ്ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. മൂന്ന് വീതം ഏകദിന മത്സരങ്ങളും ട്വന്റി-20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. കൊളംബോ അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വച്ചാണ് എല്ലാ മത്സരങ്ങളും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ സീനിയര്‍ ടീം. ജൂണ്‍ 18ന് ന്യൂസിലന്‍ഡിനെതിരേയാണ് ഫൈനല്‍. അതിനുശേഷം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയും കളിക്കും.

ഇന്ത്യന്‍ ടീം

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍) പൃഥ്വി ഷാ,ദേവ്ദത്ത് പടിക്കല്‍, ഋതുരാജ് ഗെയ്ക്വാഡ്, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), യുസ്‌വേന്ദ്ര ചഹാല്‍, രാഹുല്‍ ചഹാര്‍, കെ ഗൗതം, ക്രുണാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഭുവനേശ്വര്‍ കുമാര്‍ (വൈസ് ക്യാപ്റ്റന്‍), ദീപക് ചഹാര്‍, നവദീപ് സൈനി, ചേതന്‍ സക്കറിയ.

ENGLISH SUMMARY:The Indi­an squad ODI AND T20 1 agan­ist Sri Lan­ka has been announced
You may also like this video