അയോധ്യാ വിധിയ്ക്ക് മുമ്പ് ഇന്ത്യക്കാർ ഗൂഗിളിൽ തിരഞ്ഞത് ഇവയൊക്കെയായിരുന്നു

Web Desk
Posted on November 09, 2019, 10:23 pm

ഏവരും ഒന്നു പോലെ കേൾക്കാൻ കാതോർത്തിരുന്ന ചരിത്രപരമായ ഒരു വിധി ആയിരുന്നു അയോധ്യാ ഭൂമി തർക്ക കേസ്. ഇന്നത്തെ വിധിയെ കുറിച്ച് ആകാംഷയില്ലാത്തവരായി ആരും തന്നെ ഉണ്ടായിരുന്നിട്ടുണ്ടാവുകയില്ല. എഴുപത് വർഷം നീണ്ട ഭൂമി തർക്ക കേസ്, നാൽപ്പത് ദിവസം നീണ്ട വാദം. ഒടുവിൽ ചരിത്രപരമായ വിധി ഇന്നെത്തി. തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും മുസ്ലീങ്ങള്‍ക്ക് പള്ളി പണിയാന്‍ പ്രത്യേക ഭൂമി നല്‍കുമെന്നും സുപ്രീം കോടതി വിധിച്ചു. മൂന്നു മാസത്തിനുള്ളില്‍ തര്‍ക്കപ്രദേശത്ത് ക്ഷേത്രം നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു ട്രസ്റ്റി ബോര്‍ഡിനെ നിയമിക്കും. തര്‍ക്കഭൂമിക്ക് പുറത്ത് കേന്ദ്ര സര്‍ക്കാര്‍ മുസ്ലിങ്ങള്‍ക്ക് ഭൂമി ഏറ്റെടുത്തു നല്‍കണമെന്നും വിധിയില്‍ പറയുന്നു. പള്ളിയിരിക്കുന്ന ഭൂമിയില്‍ ഒരു നിര്‍മ്മിതി ഉണ്ടെന്ന് കരുതി അതിന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ കഴിയില്ല.

വിധി പ്രസ്താവിക്കെ അയോധ്യയിലും സമീപപ്രദേശങ്ങളിലും കർശന ജാഗ്രതാ നിർദ്ദേശം ഉണ്ടായിരുന്നു. ചില സ്ഥലങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് വില‌ക്കേർപ്പെടുത്തിയിട്ടുണ്ടായിരുന്നു. സമൂഹ മാധ്യമങ്ങളിൽ അപവാദ പ്രചരണങ്ങൾ പ്രചരിക്കുന്നത് തടയാനായിരുന്നു ഇത്. എല്ലാവർക്കും ഈ വിഷയത്തില്‍ ഒരുപാട് സംശയങ്ങളും മറ്റും ഉണ്ടായിരുന്നു. എന്നാൽ വിധി പുറപ്പെടുവിക്കും മുൻപ് ഇന്ത്യാക്കാർ പ്രധാനമായും ഗൂഗിളിൽ തിരഞ്ഞ പ്രധാന സംശയങ്ങൾ ഇവയാണ്.

നാളെ അവധി ആണോ?

അയോധ്യ വിധിയ്ക്കു ഒരു ദിവസം മുമ്പ് ഇന്ത്യക്കാര്‍ക്ക് അറിയേണ്ടിയിരുന്നത് വിധി പ്രസ്താവിക്കുന്ന ദിവസം അവധി ആയിരിക്കുമോ എന്നാണ്. ചില സംസ്ഥാനങ്ങളില്‍ നവംബര്‍ 11 വരെ സ്‌കൂളുകള്‍, കോളജുകള്‍, ഇന്‍സ്റ്റിറ്റിയൂഷനുകള്‍ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ മിക്കയിടങ്ങളിലും മദ്യ വില്‍പ്പനയ്ക്ക് വിലക്ക് ഉണ്ടായിരുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഏത് മതക്കാരനാണ്?

വിധി പ്രസ്താവിക്കുന്ന ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയെ കുറിച്ചാണ് അടുത്തതായി തിരഞ്ഞത് . അദ്ദേഹം ഏത് മതക്കാരനാണ്? ഏതു സംസ്ഥാനത്ത് നിന്നുള്ളതാണ്? എന്നുതുടങ്ങി ആരാണ് ര‍‍ഞ്ജൻ ഗൊഗോയി എന്നു വരെ തിരഞ്ഞവരുണ്ട്.

എന്താണ് 144ാം വകുപ്പ്?

സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നഗരങ്ങളിലും സിആര്‍പിസിയുടെ 144ാം വകുപ്പ് ഏര്‍പ്പാടാക്കി. നാലില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച് നില്‍ക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിരോധനാഞ്ജാ വകുപ്പാണിത്. യുപി, ബെംഗളൂരു, ജമ്മു എന്നിവിടങ്ങളില്‍ 144 ഏര്‍പ്പാടാക്കിയിരുന്നു. ഗൂഗിളില്‍ ഏറ്റവും അധികം തെരഞ്ഞ സംശയമാണ് 144 എന്താണെന്ന്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവരാണ് വിധി പ്രസ്താവിച്ചത്.