ഐക്യത്തിന്റെ അനിവാര്യത

Web Desk
Posted on November 02, 2019, 9:53 pm

അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിലെ വിജയം ബിജെപി പിന്തുടരുന്ന ഭൂരിപക്ഷ ഫാസിസ്റ്റ് നയങ്ങളുടെ വിജയമാണെന്ന് ചിത്രീകരിക്കാൻ ബിജെപിയുടെ പ്രചാരണവിഭാഗം അഹോരാത്രം പ്രയത്നിക്കുന്നു. സമ്പന്നരെ അനുകൂലിക്കുന്ന ബിജെപിയുടെ നയങ്ങളെ ജനങ്ങൾ പുച്ഛിച്ച് തള്ളിയെന്നാണ് മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ 303 സീറ്റുകൾ നേടിയാണ് ബിജെപി അധികാരത്തിൽ എത്തിയത്. എന്നാൽ രാജ്യത്തെ യഥാർഥ യജമാനൻമാരായ ജനങ്ങൾ പൊടുന്നനെ നിരാശരായി. രണ്ടാം മോഡി സർക്കാരിന്റെ ആദ്യദിനത്തിൽതന്നെ സംഘപരിവാർ നിയന്ത്രണത്തിലുള്ള സർക്കാരിന്റെ യഥാർഥ മുഖം മറനീക്കി പുറത്തുവന്നു. പാർലമെന്ററി സമിതികളുടെ പരിശോധനയില്ലാതെ ആദ്യ സമ്മേളനത്തിൽ 32 ബില്ലുകളാണ് മോഡി സർക്കാർ പാസാക്കിയത്.
ദേശീയതയുടെ അടിസ്ഥാനമായി തീവ്ര വർഗീയത അവലംബിച്ച് തനതായ രാഷ്ട്രീയ ശൈലിയും പരീക്ഷണങ്ങളുമാണ് മോഡി സർക്കാർ സ്വീകരിക്കുന്നത്. വിശ്വാസം, ചിന്ത എന്നിവയിലെ വൈവിധ്യങ്ങളിൽ അധിഷ്ഠിതമാണ് ഇന്ത്യൻ ഭരണഘടന. എന്നാൽ ഇന്ന് അതൊക്കെ ശീതികരണിയിലായി. നീതിന്യായ സംവിധാനങ്ങളെ പോലും തങ്ങളുടെ കാൽക്കൽ എത്തിക്കുന്നു. ദേശീയ സുരക്ഷാ നിയമം, ദേശീയ പൗരത്വ രജിസ്റ്റർ, മുത്തലാഖ് നിയമം, ഭരണഘടനാ അനുച്ഛേദങ്ങളായ 370, 35 എ എന്നിവ തങ്ങളുടെ ഇംഗിതങ്ങൾക്ക് അനുസൃതമായി ഭേദഗതിവരുത്തി. ഇതിന്റെയൊക്കെ പിന്നിൽ ന്യായീകരിക്കാൻ കഴിയാത്ത ഇസ്ലാമിക വിദ്വേഷം മാത്രമാണുള്ളത്.
ഇതൊക്കെ നടപ്പാക്കുമ്പോൾ രാജ്യത്തെ ജനങ്ങൾ ദുരിതങ്ങളിൽപ്പെട്ട് ഉഴലുന്നു. തൊഴിലില്ലായ്മ 45 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തി. ജനങ്ങളുടെ ക്രയവിക്രയ ശേഷി ആറ് വർഷത്തിനിടെയുള്ള താഴ്ന്ന നിലയിൽ തുടരുന്നു. രൂപയുടെ വിനിമയ നിരക്ക് ഗണ്യമായി ഇടിഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് രാജ്യത്തെ മൊത്തം ആഭ്യന്തര ഉൽപ്പാദനം. നോട്ട് പിൻവലിക്കൽ, ചരക്ക് സേവന നികുതി എന്നീ തീരുമാനങ്ങൾ സാമ്പത്തിക അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരുന്നു. ഇതൊക്കെയാണ് ഇന്നത്തെ ഇന്ത്യയുടെ ദയനീയമായ അവസ്ഥ. സാമ്പത്തിക കോണിൽ നിന്നു വീക്ഷിക്കുമ്പോൾ മോഡി സർക്കാർ പൂർണ പരാജയമെന്ന് ഏതൊരാൾക്കും ബോധ്യമാകും.
എതിരാളികളെ ശത്രുസ്ഥാനത്ത് പ്രതിഷ്ഠിച്ച് തീവ്രദേശീയത സൃഷ്ടിക്കുന്ന സമീപനങ്ങളാണ് വലതുപക്ഷ ഭരണകൂടങ്ങൾ എന്നും സ്വീകരിച്ചിട്ടുള്ളതെന്ന് ചരിത്രം വ്യക്തമാക്കുന്നു. പട്ടിണി, തൊഴിലില്ലായ്മ എന്നീ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പരാജയം മറയ്ക്കുന്നതിന് ദേശീയതയെ വിപണനം ചെയ്യുന്ന സമീപനമാണ് മുസോളിനിയും ഹിറ്റ്ലറും സ്വീകരിച്ചിരുന്നത്. ദേശീയതയെ മറയാക്കി ഹിറ്റ്ലറും മുസോളിനിയും സ്വീകരിച്ചിരുന്ന നിലപാടുകളാണ് സംഘപരിവാർ സ്വീകരിക്കുന്നത്. ജനങ്ങൾ നേരിടുന്ന ദൈനംദിന പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടുന്നതിന് വൈകാരികമായ ദേശീയതയാണ് സംഘപരിവാർ അവലംബിക്കുന്നത്. ഇതേ തന്ത്രമാണ് 2014,2019 പൊതു തെര‍ഞ്ഞെടുപ്പുകളിൽ ബിജെപി ഉപയോഗിച്ചത്.
മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുമെന്നാണ് ബിജെപി നേതാക്കൾ വീമ്പിളക്കിയത്. എന്നാൽ ആകെയുള്ള 288 സീറ്റിൽ 105 എണ്ണത്തിൽ മാത്രമാണ് വിജയിക്കാനായത്. സ്പീക്കർ ഉൾപ്പെടെ ഫഡ്നാവിസ് മന്ത്രിസഭയിലെ ഏഴ് മന്ത്രിമാരാണ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്. ഇത് ശിവസേനയ്ക്ക് വിലപേശാൻ കൂടുതൽ കരുത്ത് നൽകി. ഹരിയാനയിൽ ആകെയുള്ള 90 സീറ്റുകളിൽ 70 എണ്ണത്തിൽ വിജയിക്കുമെന്നായിരുന്നു നേതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ ബിജെപിക്ക് 40 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. പിന്നീട് ജെജെപിക്ക് ഉപമുഖ്യമന്ത്രിസ്ഥാനം അടിയറവച്ച് സർക്കാരുണ്ടാക്കി.
ജനങ്ങളുടെ രാഷ്ട്രീയമായ ധാരണകളും പക്വതയുമാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത്. അവർ പാവങ്ങളും നിരക്ഷരരുമായിരിക്കാം എന്നാൽ രാഷ്ട്രീയ വിവേകം അടിയവറവയ്ക്കാൻ അവർ തയ്യാറായില്ല. ബിജെപിയെ തോൽപ്പിക്കാൻ കഴിയില്ലെന്ന നേതാക്കളുടെ ധാരണയാണ് ഇതോടെ തിരുത്തപ്പെട്ടത്. രാഷ്ട്രീയത്തിൽ എന്നും ജനങ്ങളാണ് യജമാനൻമാർ എന്ന് ബിജെപി നേതാക്കൾക്ക് ബോധ്യപ്പെടുത്തികൊടുത്തു. ഇതെല്ലാം തന്നെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷപാർട്ടികൾക്ക് മുന്നിൽ ജനങ്ങൾ ഒരു ചോദ്യമാണ് ഉന്നയിക്കുന്നത്. ഭരണഘടനയുടെ തത്വങ്ങളെ തകർത്തെറിഞ്ഞ ബിജെപി സർക്കാരിനോടുള്ള പ്രതികരണമാണ് അവർ തേടുന്നത്. ജനാധിപത്യം, മതേതരത്വം, രാജ്യത്തിന്റെ പരമാധികാരം, സോഷ്യലിസ്റ്റ് ലക്ഷ്യങ്ങൾ എന്നിവ അപകടത്തിലായപ്പോൾ കോൺഗ്രസ് എന്താണ് ചെയ്തതെന്നും ജനങ്ങൾ ചോദിക്കുന്നു.
തെരഞ്ഞെടുപ്പിന് ശേഷമുള്ള തികച്ചും സങ്കീർണമായ ഈ രാഷ്ട്രീയ സാഹചര്യത്തിൽ വെല്ലുവിളികൾക്കൊപ്പം വിശാലമായ അവസരങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ കാര്യക്ഷമമായി ഇടപെടാനുള്ള ദൗർബല്യമാണ് ഇടതുപാർട്ടികൾ ഇപ്പോൾ നേരിടുന്നത്. എന്നാൽ രാജ്യത്തെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പാർലമെന്റിന് അകത്തും പുറത്തും ഉന്നയിക്കുന്നതിന് ഇടതുപാർട്ടികൾ സജീവ ഇടപെടലുകൾ നടത്തുന്നുണ്ട്. കേരളത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിലും മഹാരാഷ്ട്രയിൽ ഒരു സീറ്റിലും വിജയിച്ചു. എന്നാൽ ഇടതുപാർട്ടികളെ സംബന്ധിച്ചിടത്തോളം ഇനിയും അനേക ദൂരമുണ്ട് അവിശ്രമം നടക്കുവാൻ. ഝാർക്കണ്ഡ്, ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തു. ഈ യുദ്ധങ്ങളിലെല്ലാം സംഘപരിവാർ നിയന്ത്രണത്തിലുള്ള ബിജെപിയാണ് മുഖ്യശത്രു. ഇന്ത്യയുടെ ഐക്യം, അഖണ്ഡത, പുരോഗതി എന്നിവയുടെ ശത്രുക്കളാണവർ. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ലക്ഷ്യം സാധ്യമാക്കാൻ ഇവരുടെ പരാജയം അനിവാര്യമാണ്. ഈ വെല്ലുവിളി ഏറ്റെടുക്കാൻ മതേതര, ജനാധിപത്യ ഇടതുപാർട്ടികൾ ഒന്നിച്ചുനിൽക്കേണ്ട സാഹചര്യമാണിത്.