ലഹരി മരുന്നുകളും മയക്കുമരുന്നുകളും സാമൂഹിക ഭദ്രതക്കും വ്യക്തിജീവിത ഭദ്രതക്കും അപകടകരമായ വെല്ലുവിളി ഉയർത്തിയിരിക്കുകയാണ്. ഈ വിപത്തിൽ നിന്നും നമുക്ക് മോചനം നേടണം. ഇതിനുവേണ്ടി ‘വിമുക്തി’ എന്ന പദ്ധതി സംസ്ഥാനസർക്കാർ നടപ്പിലാക്കി വരികയാണ്. വിമുക്തിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ജനകീയ കാമ്പയിനിലൂടെ നമ്മുടെ പൊതുവിദ്യാലയ കാമ്പസ്സുകളെയും ലഹരിമുക്തമാക്കണം. അതിനുവേണ്ടി നിങ്ങളോരോരുത്തരും കഴിവിന്റെ പരമാവധി ശ്രമിക്കണം. മയക്കുമരുന്നുകൾ യഥാർത്ഥത്തിൽ മയക്കുക മാത്രമല്ല, മനംമാറ്റമുണ്ടാക്കുന്ന മരുന്നുകളും കൂടിയാണ്. ഇവ വിഭ്രാന്തിജനകങ്ങളായ രാസവസ്തുക്കളാണ്.
മനസിനെ മാറ്റിമറിച്ച് ശരീരത്തെയും ജീവിതത്തെയും തകർക്കുന്നവയാണ് ലഹരി, മയക്കുമരുന്നുകൾ. അടുത്ത തലമുറകളെവരെ ദോഷകരമായി സ്വാധീനിക്കുന്നതാണ് ഇതിന്റെ ദോഷവശങ്ങൾ. കൊച്ചുമക്കൾ ഒരിക്കലും മദ്യവും മയക്കുമരുന്നുകളും ലഹരി വസ്തുക്കളും ഉപയോഗിക്കരുത്. ഇത്തരത്തിലുള്ള ഒരു പ്രലോഭനത്തിനും നിങ്ങൾ അടിമപ്പെടരുത്. പൊതുവിദ്യാലയത്തിലെ കുട്ടികളുടെ ശക്തി അതായിരിക്കണം. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾ ലഹരി, മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവരല്ല എന്ന് അനുഭവത്തിലൂടെ സമൂഹം പറയണം. അദ്ധ്യാപകരും മാതാപിതാക്കളും സ്വയം മാതൃകയായിക്കൊണ്ട് ലഹരി, മയക്കുമരുന്ന് ഉപയോഗം തടയണം. എക്സൈസ്, പൊലീസ് തുടങ്ങിയ സംവിധാനങ്ങൾ കൂടി ഉപയോഗിച്ചുകൊണ്ട് സർക്കാർ നിങ്ങളോടൊപ്പം ഉണ്ടാകും. നമുക്ക് ലഹരിമുക്ത കാമ്പസുകൾ യാഥാർത്ഥ്യമാക്കാം. നാല് ഘട്ടങ്ങളിലൂടെയാണ് ലഹരി, മയക്കുമരുന്ന് അടിമത്തത്തിലെത്തുക.
you may also like this video;
ഒന്നു കഴിച്ചുനോക്കിയാലോ — പരീക്ഷണഘട്ടം ഒരിക്കൽ കൂടി കഴിക്കാൻ ആഗ്രഹം. ഉപയോഗിക്കുവാൻ അവസരം കാത്തിരിക്കുക. ഉപയോഗിക്കാതിരിക്കാൻ കഴിയില്ല. വിഭ്രാന്തി — അടിമത്തം. നാലാം ഘട്ടമെത്തിയാൽ തിരിച്ചുവരവ് വളരെ ദുഷ്കരമാണ്. തകർച്ച മാത്രമാണ് ഫലം. മനസിന്റെ പ്രതിരോധ ശേഷിയാണ് ഏറ്റവും വലിയ രക്ഷാകവചം. കൊച്ചുമക്കളേ, നിങ്ങളീ രക്ഷാകവചം സ്വായത്തമാക്കണം. പ്രലോഭനങ്ങളിൽ വീഴാത്ത മഹാപ്രതിരോധ ശേഷിയുള്ളവരാകണം നിങ്ങൾ. ജീവിതത്തിലെ എ പ്ലസിലേക്കുള്ള വഴികളിലൊന്നാണിത്. പ്രിയപ്പെട്ട മാതാപിതാക്കളെ, അദ്ധ്യാപകരെ, നിങ്ങൾക്കും ഇക്കാര്യത്തിൽ ചില കടമകളുണ്ട്.
ഇക്കാര്യത്തിൽ നിങ്ങളെല്ലാം മുന്നോട്ട് വന്നാൽ സർക്കാർ നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. നമുക്ക് മയക്കുമരുന്ന് വിമുക്ത കേരളത്തെ സൃഷ്ടിക്കാം. മയക്കുമരുന്നിനെതിരെ ജനപ്രതിനിധികൾ പോലീസ്, എക്സൈസ്, വിദ്യാർത്ഥികൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ, തല്പരായവർ എന്നിവരുടെ ഒരു കാമ്പസ് കമ്മിറ്റി രൂപീകരിച്ച് ജനകീയ പ്രതിരോധം വളർത്തിയെടുക്കുകയും അതിലൂടെ പൊതുവിദ്യാലയങ്ങളെ ലഹരിമുക്തമാക്കി ശക്തിപ്പെടുത്താൻ പരിശ്രമിക്കുകയും ചെയ്യണമെന്ന് എല്ലാവരോടും ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.