February 8, 2023 Wednesday

അജയ്യമായ ലെനിനിസ്റ്റ് പതാക

കാനം രാജേന്ദ്രൻ
November 7, 2020 4:00 am

വംബർ ഏഴിന്റെ, ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ മറ്റൊരു വാർഷികംകൂടി സമാഗതമായിരിക്കുന്നു. 103 കൊല്ലം മുമ്പാണ് റഷ്യൻ സാമ്രാജ്യത്വത്തിലെ തൊഴിലാളികളും കൃഷിക്കാരും ലെനിന്റെ നേതൃത്വത്തിൽ, ബോൾഷെവിക് പാർട്ടിയുടെ നേതൃത്വത്തിൽ സായുധ വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്ത് ചൂഷിതരുടേയും മർദ്ദകരുടേയും വാഴ്ച അവസാനിപ്പിച്ചത്. മനുഷ്യ സമുദായത്തിന്റെ ചരിത്രത്തിൽ അന്യാദൃശമായ ഒരു പുതിയ സോഷ്യലിസ്റ്റ് യൂഗത്തിന്റെ പിറവിയെ അത് വിളംബരം ചെയ്തു.

മുതലാളിത്തത്തിൽ നിന്ന് സോഷ്യലിസത്തിലേക്കുള്ള പരിവർത്തനത്തിന്റെ യുഗത്തിലേക്ക് ലോകം പ്രവേശിച്ചിരിക്കുന്നു എന്നും ചരിത്രഗതിയെ തീരുമാനിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്നത് സോവിയറ്റ് യൂണിയനും മറ്റ് സഹോദര സോഷ്യലിസ്റ്റ് രാജ്യങ്ങളും സാമ്രാജ്യാധിപത്യത്തിന് എതിരായും സമുദായത്തിന്റെ സോഷ്യലിസ്റ്റ് പരിവർത്തനത്തിനു വേണ്ടിയും പോരാടുന്ന ശക്തികളുമാണെന്നും കഴിഞ്ഞ 107 വർഷക്കാലത്തെ സംഭവങ്ങളും വമ്പിച്ച മാറ്റങ്ങളുമാണെന്നും തെളിയിച്ചിരിക്കുന്നു.

സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 26-ാം കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയുടെ റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് ബ്രഷ്നേവ് പറയുകയുണ്ടായി: ”മുമ്പത്തെ മറ്റേതൊരു നൂറ്റാണ്ടിനെക്കാളും കൂടുതൽ മാറ്റങ്ങൾ ഇരുപതാം നൂറ്റാണ്ടിൽ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. മഹത്തായ ഒക്ടോബർ വിപ്ലവത്തിന്റെ ജന്മഭൂമിയായ, സോഷ്യലിസത്തിന്റെ പ്രഥമ രാജ്യമായ സോവിയറ്റ് യൂണിയനേക്കാൾ ഈ മാറ്റങ്ങൾക്ക് കൂടുതൽ പ്രത്യക്ഷമായ സംഭാവനകൾ ചെയ്തിട്ടുള്ള മറ്റൊരു രാജ്യവുമില്ല. ആ വിപ്ലവത്തിന്റെ അജയ്യമായ ലെനിനിസ്റ്റ് പതാക പാറിക്കളിക്കുന്ന ഏഴാം ദശകമാണിത്.

ജീവിതത്തിന്റെ സോഷ്യലിസ്റ്റ് പരിവർത്തനത്തിന്റെ ഉറവിടമായി പ്രവർത്തിക്കുകയെന്ന അസൂയാവഹമായ പങ്ക് കൈവന്നിരിക്കുന്നത് നമ്മുടെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാണ്. സോവിയറ്റ് കമ്മ്യൂണിസ്റ്റുകാരായ നമുക്കാണ് സമാധാനത്തെ കാത്തുരക്ഷിക്കുകയും ഉയർത്തിപ്പിടിക്കുകയുമെന്ന മഹനീയമായ ദൗത്യം വന്നുവീണിരിക്കുന്നതും നമ്മുടെ ചുമലിലാണ്.”

ബ്രഷ്നേവിന്റെ ഈ വാക്കുകൾ പൊള്ളയായ മേനിപറച്ചിലല്ല. ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന് ഇരുപത്തിരണ്ട് വർഷം തികയുന്നതിന് തൊട്ടുമുമ്പാണ് ഹിറ്റ്ലർ രണ്ടാംലോക മഹായുദ്ധത്തിന് തീ കൊളുത്തിയത്. അന്നുള്ള ഏക സോഷ്യലിസ്റ്റ് രാജ്യമായ സോവിയറ്റ് യൂണിയനെ നശിപ്പിക്കുകയും യൂറോപ്പിനേയും ഏഷ്യയേയും ആഫ്രിക്കയേയും ഫാസിസ്റ്റ് കാട്ടാളവാഴ്ചയിൻകീഴിൽ കൊണ്ടുവരികയുമായിരുന്നു ഹിറ്റ്ലറുടെ ലക്ഷ്യം.

സോവിയറ്റ് യൂണിയൻ ഇല്ലായിരുന്നെങ്കിൽ ജർമ്മൻ നാസികളുടേയും ജാപ്പനീസ് പട്ടാളമേധാവികളുടേയും ഉദ്ദേശ്യം സഫലീകരിക്കുമായിരുന്നു. മനുഷ്യസാധ്യമെന്നൊന്ന് അതുവരെ ആരും കരുതാത്ത ധീരോദാത്തതയും ത്യാഗസന്നദ്ധതയും ദേശാഭിമാനവും മനുഷ്യസ്നേഹവും പ്രകടിപ്പിച്ചുകൊണ്ട് സോവിയറ്റ് യൂണിയനിലെ ചുവപ്പ് പട്ടാളവും കമ്മ്യൂണിസ്റ്റുകാരും ജനങ്ങളാകെയും ഫാസിസത്തിൽ നിന്ന് മാനവസമുദായത്തെ മോചിപ്പിച്ചു.

സോവിയറ്റ് യൂണിയൻ ഇല്ലായിരുന്നുവെങ്കിൽ ഫാസിസ്റ്റ് അക്രമകാരികളോടൊപ്പം മുതലാളിമാരുടേയും ഭൂപ്രഭുക്കളുടേയും ഭീകരവാഴ്ചയെയും തൂത്തുമാറ്റിക്കൊണ്ട് നിരവധി കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ ജനങ്ങൾ പുതിയൊരു സോഷ്യലിസ്റ്റ് സമുദായം കെട്ടിപ്പടുക്കാനുള്ള കരുത്താർജിക്കുമായിരുന്നില്ല. ഒരു സോവിയറ്റ് യൂണിയനോടൊപ്പം എട്ട് സോഷ്യലിസ്റ്റ് രാജ്യങ്ങൾകൂടി യൂറോപ്യൻ മണ്ണിൽ ഉദയംചെയ്തു.

സോവിയറ്റ് യൂണിയൻ ഇല്ലായിരുന്നുവെങ്കിൽ രണ്ടാംലോക മഹായുദ്ധത്തിന്റെ അവസാനത്തിലും യുദ്ധാനന്തര മൂന്ന് ദശകങ്ങൾക്കുള്ളിലും ഭൂമുഖത്തുനിന്ന് പഴയ കൊളോണിയലിസം തൂത്തെറിയപ്പെടുമായിരുന്നില്ല. നൂറോളം രാജ്യങ്ങൾക്കും 150 കോടിയോളം ജനങ്ങൾക്കും ദേശീയ വിമോചന പോരാട്ടത്തിൽ വിജയം കൈവരിക്കാൻ കഴിഞ്ഞത് സോവിയറ്റ് യൂണിയൻ ഉള്ളതുകൊണ്ടാണ്.

ഒക്ടോബർ വിപ്ലവം കഴിഞ്ഞ് അധികമാവുന്നതിനു മുമ്പ് ജർമ്മനിയിലും ഹംഗറിയിലും തൊഴിലാളിവർഗ നേതൃത്വത്തിൽ വിപ്ലവങ്ങൾ പൊട്ടിപ്പുറപ്പെട്ടെങ്കിലും സാമ്രാജ്യാധിപതികൾക്കും ആഭ്യന്തര വിപ്ലവ വിരുദ്ധ ശക്തികൾക്കും അതെല്ലാം അടിച്ചമർത്താൻ കഴിഞ്ഞു. തൊഴിലാളി പ്രസ്ഥാനത്തിലെ ഭിന്നിപ്പും ഇടതുപക്ഷ സോഷ്യലിസ്റ്റ് പാർട്ടി നേതൃത്വങ്ങളുടെ വഞ്ചനയും അതിനവരെ സഹായിച്ചു. പക്ഷെ, നവജാത സോവിയറ്റ് സോഷ്യലിസ്റ്റ് റഷ്യയെ നിർമ്മാർജനം ചെയ്യാൻ അധികാരം നഷ്ടപ്പെട്ട മുതലാളികളും ഭൂപ്രഭുക്കളും അഴിച്ചുവിട്ട ആഭ്യന്തര യുദ്ധത്തിനോ പടിഞ്ഞാറു നിന്നും തെക്കുനിന്നും കിഴക്കുനിന്നും സാമ്രാജ്യത്വ രാഷ്ട്രങ്ങൾ നടത്തിയ ആക്രമണത്തിനോ സാധിച്ചില്ല.

1936ൽ നമ്മുടെ മഹാനായ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രു ദീർഘദൃഷ്ടിയോടെ പറഞ്ഞത് ഇന്നും ശരിയാണ്: ”ഭാവി പ്രത്യാശാപൂർണമാണെങ്കിൽ വലിയൊരളവിൽ അതിനു കാരണം സോവിയറ്റ് യൂണിയനാണ്. ഏതെങ്കിലും വലിയൊരു ലോകമഹാവിപത്ത് അതിനെ തടഞ്ഞില്ലെങ്കിൽ, ഈ പുതിയ നാഗരികത മറ്റ് രാജ്യങ്ങളിലും ദൃഢപ്രതിഷ്ഠമായി തീരുമെന്നും മുതലാളിത്തം സൃഷ്ടിക്കുന്ന യുദ്ധത്തിനും സംഘട്ടനങ്ങൾക്കും ഒരു അറുതി വരുത്തുമെന്നും എനിക്ക് പൂർണ ബോധ്യമുണ്ട്”.

കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെ കാലത്തെ ലോക പുരോഗതി ആ ബോധ്യത്തെ കൂടുതൽ പൂർണമാക്കിയിരിക്കുന്നു. കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടായ താൽക്കാലിക തിരിച്ചടിയുടെ പേരിൽ കമ്മ്യൂണിസം മരിച്ചു എന്ന പ്രചാരണം അഴിച്ചു വിട്ടവരുണ്ട്. അത്തരം പ്രചാരണങ്ങൾ അപ്രസക്തമാണെന്ന് കാലം തെളിയിച്ചിരിക്കുന്നു.

ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവം സോഷ്യലിസത്തിന്റേയും ദേശീയ വിമോചനത്തിന്റേയും മാത്രമല്ല, ലോക സമാധാനത്തിന്റേയും പതാക ഉയർത്തി. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് ശക്തി പകരാൻ ഒക്ടോബർ വിപ്ലവത്തിന്റെ വിജയം വഴിതെളിച്ചു. ലോകസമാധാനം കാത്തുരക്ഷിക്കുമെന്ന ദൃഢനിശ്ചയം ആവർത്തിച്ച് ഉറപ്പിക്കേണ്ട സന്ദർഭമാണിത്. സമാധാനകാംക്ഷികൾ ഒത്തുചേർന്ന് പോരാടിയാൽ സമാധാനം കാത്തുരക്ഷിക്കാൻ കഴിയും. അതാണ് നവംബർ ഏഴിന്റെ സന്ദേശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.