നിരന്തരം വ്യാജ പ്രചാരണങ്ങൾ നടത്തി ജയിൽവകുപ്പിനെ അപകീർത്തിപ്പെടുത്തുന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ നിയമ നടപടിക്കൊരുങ്ങി ജയിൽ വകുപ്പ്. അടിസ്ഥാന രഹിത പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ കെ സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജയിൽ മേധാവി ഋഷിരാജ്സിങ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ജയിൽ ചട്ടങ്ങൾ ലംഘിച്ച് സ്വർണക്കടത്ത് കേസിലെ പ്രതിയെ സന്ദർശിക്കാൻ നൂറുകണക്കിന് ആളുകൾ ജയിലിൽ എത്തിയെന്നാണ് കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. വ്യക്തമായ പരിശോധനയോ, ധാരണയോ ഇല്ലാതെ ജയിൽ വകുപ്പിനെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനയാണിത്. വ്യക്തമായ ഒരു തെളിവും ഇക്കാര്യത്തിലില്ല.
പ്രതിയുടെ അമ്മ, മക്കൾ, സഹോദരൻ, ഭർത്താവ് എന്നിവർ മാത്രമാണ് കൂടിക്കാഴ്ച നടത്തിയിട്ടുള്ളത്. അതും ജയിൽ — കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലും. പ്രതിയുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച വിവരങ്ങൾ സൂക്ഷിക്കുന്ന രജിസ്റ്ററോ, സിസിടിവി ദൃശ്യങ്ങളോ പരിശോധിക്കാവുന്നതുമാണ്. ഇക്കാര്യങ്ങളിലെ നിജസ്ഥിതി അറിയാൻ നേരിട്ടോ അല്ലാതെയോ കെ സുരേന്ദ്രൻ ശ്രമിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും ഋഷിരാജ് സിങ് മുന്നറിയിപ്പ് നൽകിയത്.
ENGLISH SUMMARY: The jail department has taken legal action against K Surendran
YOU MAY ALSO LIKE THIS VIDEO