സംയുക്ത ട്രേഡ് യൂണിയൻ ദേശവ്യാപക പ്രതിഷേധം സംഘടിപ്പിച്ചു

Web Desk

ന്യൂഡൽഹി/തിരുവനന്തപുരം:

Posted on July 03, 2020, 10:19 pm

തൊഴിൽ നിയമങ്ങൾ തകർക്കുന്നതിനും, പെട്രോൾ വില വർധിപ്പിക്കുന്നതിനും, കേന്ദ്രസർക്കാരിന്റെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങൾക്കുമെതിരെ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ദേശവ്യാപക പ്രതിഷേധം സംഘടിപ്പിച്ചു. ഡൽഹിയിൽ ശ്രംശക്തി ഭവന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ എഐടിയുസി ജനറൽ സെക്രട്ടറി അമർജിത്ത്കൗർ, തപൻ സെൻ (സിഐടിയു), അശോക്‌സിങ്(ഐഎൻടിയുസി), ആർ കെ ശർമ്മ (എഐയുടിയുസി), ലത (സേവ), രാജീവ് ദിമ്‌റി ( എഐസിസിടിയു), ശത്രുജിത് (യുടിയുസി) തുടങ്ങിയവർ സംസാരിച്ചു.

സംസ്ഥാനത്തെ 8,970 കേന്ദ്രങ്ങളിലാണ് പ്രക്ഷോഭം നടന്നത്. കേന്ദ്ര സർക്കാർ ഓഫീസുകൾ, വ്യവസായ സ്ഥാപനങ്ങൾ, തൊഴിൽ കേന്ദ്രങ്ങൾ, പ്രധാന കവലകൾ എന്നിവിടങ്ങളിൽ സമരം നടന്നു. കോവിഡ് മാർഗ നിർദ്ദേശങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് തൊഴിലാളികൾ അണിനിരന്നു.

തിരുവനന്തപുരം ജിപിഒയ്ക്ക് മുന്നിൽ നടന്ന സമരം സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ്‌ വിശ്വം എം പി ഉദ്ഘാടനം ചെയ്തു. രാജ്ഭവന് മുന്നിൽ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനും ഏജീസ് ഓഫീസിന് മുന്നിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനും തൃശൂർ മണ്ണുത്തി ജനറൽ പോസ്റ്റ്‌ ഓഫീസിനു മുന്നിൽ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രനും കൊല്ലത്ത് സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനുവും ഉദ്ഘാടനം നിർവഹിച്ചു.

പെട്രോളിയം ഉല്പന്നങ്ങളുടെ വില വർധനവ് പിൻവലിക്കുക, അസംഘടിതമേഖലയിലെ മുഴുവൻ തൊഴിലാളികൾക്കും 7500 രൂപ വീതം പ്രതിമാസം നിത്യനിദാന ചെലവുകൾക്ക് സൗജന്യമായി നൽകുക, രാജ്യത്തെ തന്ത്രപ്രധാന മേഖലകളടക്കം, കോവിഡിന്റെ മറവിൽ സ്വകാര്യവല്ക്കരിക്കുവാനുള്ള നീക്കം ഉപേക്ഷിക്കുക, നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാസത്തിനുള്ള സൗകര്യം ഒരുക്കുക. അവർക്ക് ഭക്ഷണവും വസ്ത്രവും നൽകുക, എല്ലാ തൊഴിലാളി കുടുംബത്തിനും 35 കിലോ വീതം സൗജന്യ ഭക്ഷണ സാധനങ്ങൾ നൽകുക, തൊഴിൽ കേന്ദ്രങ്ങളിൽ തെർമൽ പരിശോധന നിർബന്ധമാക്കുക തുടങ്ങിയവയായിരുന്നു പ്രധാന ആവശ്യങ്ങൾ.

ENGLISH SUMMARY:The Joint Trade Union orga­nized a nation­wide protest
you may also like this video