ഗാന്ധിജിയെ കണ്ടെത്താന്‍ യാത്ര

Web Desk
Posted on June 30, 2019, 8:00 am

പി എസ് സുരേഷ്

അതൊരു യാത്രയായിരുന്നു. ഗാന്ധിജിയെ കണ്ടെത്താനുള്ള യാത്ര. തുടക്കം കൊല്ലം ജില്ലയിലെ ചടയമംഗലത്തുനിന്നായിരുന്നു. യാത്രയ്ക്കിടയില്‍ ഒരുനാള്‍ ചമ്പല്‍ക്കാട്ടിലെ കൊള്ളക്കാരുടെ പിടിയിലായി. കൊളംബിയയിലെ മയക്കുമരുന്ന് മാഫിയയുടെ പിടിയില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപെട്ടത്. ലോകത്തെ മികച്ച സര്‍വ്വകലാശാലകളില്‍ ഗാന്ധിയന്‍ സന്ദേശം പകര്‍ന്നു നല്‍കിയ എത്രയെത്ര പ്രഭാഷണങ്ങള്‍. അറുപതില്‍ പരം ഗ്രന്ഥങ്ങളുടെ കര്‍ത്താവായി. രാജ്യത്തെ ആറ് പ്രധാനമന്ത്രിമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. ഗാന്ധി സ്മൃതി ആന്റ് ദര്‍ശന്‍ സമിതിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. മഹാഗാന്ധിയന്‍, ലോകമറിയുന്ന ഡോ. എന്‍ രാധാകൃഷ്ണന്‍ 71ാം വയസിലും വിശ്രമമില്ലാതെ തന്റെ യാത്ര തുടരുകയാണ്. പ്രഭാഷകനായി; അധ്യാപകനായി, എഴുത്തുകാരനായി, പത്രപ്രവര്‍ത്തകനായി, ശാന്തിസേന ദൂതനായി. ഗാന്ധിജി മരിക്കുമ്പോള്‍ രാധാകൃഷ്ണന് വയസ് നാല്. ഒരിക്കലും ഗാന്ധിജിയെ നേരില്‍ കണ്ടിട്ടില്ലാത്ത രാധാകൃഷ്ണന്‍ മഹാത്മാവിനെ കണ്ടെത്താനുള്ള പാതയിലാണ്.

****

കൊളംബിയയിലെ ആന്റസ് പര്‍വ്വതനിരകളിലെ കൊടുംകാട്ടില്‍ മരം കോച്ചുന്ന തണുപ്പില്‍ ആയുധധാരികളായ ഒരു സംഘം ഭീകരരുടെ മുന്നില്‍ ആ രാത്രി കഴിച്ചുകൂട്ടിയത് നടുക്കത്തോടെ അദ്ദേഹം ഓര്‍മ്മിച്ചു.

2002 ഏപ്രില്‍ മാസത്തിലായിരുന്നു സംഭവം.

തെക്കേ അമേരിക്കയിലെ കൊളംബിയ റിപ്പബ്ലിക്കിലുള്ള 32 ഡിപ്പാര്‍ട്ടുമെന്റുകളില്‍ (ഡിസ്ട്രിക്ട്) ഒന്നായ അന്തോഖ്യ എന്ന പ്രദേശത്താണ് കുപ്രസിദ്ധരായ ഭീകരര്‍ (ഫാര്‍ക്കെന്നാണ് സംഘടനയുടെ പേര്) തലമുറകളായി തമ്പടിച്ചിരുന്നത്. സിവില്‍ ഭരണം പോലും അവരാണവിടെ നിയന്ത്രിച്ചുവന്നത്. അവരെ അക്രമത്തിന്റെ മാര്‍ഗ്ഗം വിട്ട് വ്യവസ്ഥാപിത ജീവിതത്തിലേക്ക് കൊണ്ടുവരുവാന്‍ പലരും ശ്രമിച്ചു. ഒന്നും വിജയിച്ചില്ല. തെരഞ്ഞെടുപ്പ് വരുമ്പോള്‍ സ്ഥാനാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി വിലപേശി പണം തട്ടുക എന്നത് അവരുടെ സ്ഥിരം പരിപാടിയാണ്. ഗവര്‍ണര്‍ തെരഞ്ഞെടുപ്പുകാലത്ത് പല ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥികളും ഇവരുടെ പിടിയിലകപ്പെട്ടിട്ടുണ്ട്.

ഗവീരിയാ ഗില്ലാര്‍മേ ആയിരുന്നു അന്ന് അവിടുത്തെ ഗവര്‍ണര്‍. വളരെ സ്വാധീനമുള്ള പത്രശൃംഖലയുടെ ഉടമസ്ഥന്റെ മകനായിരുന്നു അദ്ദേഹം. ഗവര്‍ണറായി മത്സരിക്കുമ്പോള്‍ അദ്ദേഹം ജനങ്ങള്‍ക്കൊരു വാഗ്ദാനം നല്‍കിയിരുന്നു. താന്‍ ജയിച്ചാല്‍ ഫാര്‍ക്ക് എന്ന ഗറില്ല മോഡല്‍ സംഘടനയെ നിയമത്തിന്റെ മാര്‍ഗ്ഗത്തിലൂടെ കൊണ്ടുവരുമെന്നും അതില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെ പുനരധിവസിപ്പിക്കുമെന്നും.

കോഫിപ്ലാന്റേഷന്‍ ധാരാളമുള്ള ആ പ്രദേശം മയക്കുമരുന്ന് വ്യാപാരത്തിന്റെ ലോകത്തെ തന്നെ സിരാകേന്ദ്രമായിരുന്നു. സര്‍ക്കാരുകളുടെ ഒരിടപെടലുകളും അനുവദിച്ചില്ലെന്നതോ പോകട്ടെ ഉദ്യോഗസ്ഥ സാന്നിദ്ധ്യം പോലും വിലക്കിയിരുന്നു. എല്ലാ അധികാരവും ഫാര്‍ക്കില്‍ (റവല്യൂഷണറി ആംഡ് ഫോഴ്‌സസ് ഓഫ് കൊളംബിയന്‍ പീപ്പിള്‍സ് ആര്‍മി) നിക്ഷിപ്തമായിരുന്നു. അമേരിക്കന്‍ ഐക്യനാടുകളിലെ പ്രസിഡന്റുമാര്‍ ഇവരെ അമര്‍ച്ച ചെയ്യാന്‍ സൈനികസഹായം വാഗ്ദാനം നല്‍കിയെങ്കിലും. അതൊന്നും വിജയം കണ്ടില്ല. അവസരം പോലെ ഫാര്‍ക്ക് തങ്ങള്‍ നടത്തുന്നത് സാമ്രാജ്യത്വവിരുദ്ധ പോരാട്ടമാണെന്നും മാര്‍ക്‌സിയന്‍ ആദര്‍ശങ്ങളില്‍ തങ്ങള്‍ ആകര്‍ഷിക്കപ്പെട്ടിട്ടുണ്ടെന്നും ഒക്കെ പ്രചാരവേല നടത്തിയിരുന്നു. എന്നാല്‍ ചമ്പല്‍ക്കാട്ടിലെ കൊള്ളക്കാരെ അനുസ്മരിപ്പിക്കുന്നതായിരുന്നു അവരുടെ ചെയ്തികള്‍.

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ ആ വര്‍ഷത്തെ മാതൃദിനത്തില്‍ കൊളംബിയയിലെ മെഡ്‌ലിന്‍ നഗരത്തില്‍ യുവജനങ്ങള്‍ക്കുവേണ്ടി പത്തുദിവസം നീണ്ടുനിന്ന ശിബിരം സംഘടിപ്പിച്ചു. അക്രമത്തിന്റെ മാര്‍ഗ്ഗത്തില്‍ നിന്ന് കൊള്ളക്കാരെയും മറ്റും വ്യവസ്ഥാപിത ജീവിതക്രമത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ളാതായിരുന്നു ആ യുവജന കൂട്ടായ്മ. ഗാന്ധിയന്‍ ശൈലി എങ്ങനെ പ്രായോഗികമായി നടപ്പാക്കാന്‍ കഴിയും എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്താന്‍ ഇന്ത്യയില്‍ നിന്ന് ഡോ. രാധാകൃഷ്ണനെയാണ് സംഘാടകര്‍ ക്ഷണിച്ചത്. അന്ന് അദ്ദേഹം ഡല്‍ഹി ആസ്ഥാനമായുള്ള ഗാന്ധിസ്മൃതി-ദര്‍ശന്‍ സമിതിയുടെ ഡയറക്ടറായിരുന്നു. 1990ലാണ് അദ്ദേഹം ഈ ചുമതല ഏല്‍ക്കുന്നത്. 22 വര്‍ഷക്കാലം മധുര ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇംഗ്ലീഷ് വിഭാഗം അധ്യാപകനും വകുപ്പ് മേധാവിയുമായിരുന്നു. ഔദ്യോഗിക സ്വഭാവമുള്ള പുതിയ ദൗത്യം അദ്ദേഹത്തെ തേടിയെത്തിയപ്പോള്‍ അത് സ്വീകരിക്കാന്‍ അദ്ദേഹം വൈമുഖ്യം കാട്ടി. കനത്ത ശമ്പളവും (കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഔദ്യോഗിക പദവിയാണ്) അനുബന്ധ സൗകര്യങ്ങളും ആ പദവി ഉറപ്പാക്കുന്നുണ്ടെങ്കിലും അതിലൊന്നും തല്‍പരനല്ലാതിരുന്നതുകൊണ്ടാണ് രാധാകൃഷ്ണന്‍ ആ ക്ഷണം സ്വീകരിക്കാന്‍ മടി കാട്ടിയത്. താന്‍ ഏറെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്തിരുന്ന ഡോ. ജി രാമചന്ദ്രനെപോലെയുള്ളവരുടെ നിര്‍ബന്ധത്തിനുവഴങ്ങി ആ ചുമതല ഏറ്റെടുക്കുകയായിരുന്നു. താന്‍ ഗാന്ധിറൂറല്‍ഗ്രാമില്‍ വാങ്ങിയ ശമ്പളം മാത്രമേ സ്വീകരിക്കൂ എന്നും തനിക്ക് ബോഡിഗാര്‍ഡിന്റെയോ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള സുരക്ഷയോ ആവശ്യമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ആ സ്ഥാനം ഏറ്റെടുത്തത്. അരിവെപ്പുകാരന്റെ സേവനവും അദ്ദേഹം വേണ്ടെന്ന് വച്ചു. സ്വയം പാകം ചെയ്ത് കഴിക്കുകയായിരുന്നു പതിവ്.

മെഡ്‌ലിന്‍ പട്ടണത്തിലെ ശിബിരം 2001ലാണ് സംഘടിപ്പിച്ചത്. ഗവര്‍ണര്‍ ഗവീരിയാ ഗില്ലാര്‍മേ അതില്‍ പങ്കെടുത്തു. അവിടെ പ്രഭാഷണം നടത്തിയ ഡോ. രാധാകൃഷ്ണന്‍ സന്ദര്‍ഭവശാല്‍ ചമ്പല്‍കാട്ടിലെ കൊള്ളക്കാരെ വിനോബജിയും ജയപ്രകാശ് നാരായണനും സമാധാനത്തിന്റെ പാതയിലേക്ക് നയിച്ച സംഭവം വിവരിച്ചു. അവിടെ എത്തപ്പെട്ട താന്‍ ഒരുനാള്‍ ചമ്പല്‍കൊള്ളക്കാരുടെ പിടിയിലകപ്പെട്ട സംഭവവും അദ്ദേഹം ഓര്‍മ്മിച്ചു. ഗാന്ധിയന്‍ പഠനവും ഗവേഷണവും നടത്തുന്ന സമയത്തായിരുന്നു അത്. അതിനിടയിലാണ് ചമ്പലിലെത്തുന്നത്. വിവരശേഖരണം നടത്തുന്നതിന്റെ ഭാഗമായി അവിടെ എത്തിയ അദ്ദേഹത്തെ തോക്കുധാരികള്‍ കാട്ടിലേക്ക് പിടിച്ചുകൊണ്ടുപോയി. സര്‍ക്കാരിന്റെ ഏജന്റാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു അത്. സത്യസ്ഥിതി അറിയിച്ചിട്ടും അവര്‍ വിശ്വസിച്ചില്ല. ഉപദ്രവിച്ചില്ലെങ്കിലും വളരെ ക്രൂരമായിരുന്നു അവരുടെ പെരുമാറ്റം. ബലമായി അവര്‍ തന്നെ മദ്യം കുടിപ്പിച്ചു. അവരുടെ ഭക്ഷണം കഴിപ്പിച്ചു. ബോധം വീണപ്പോള്‍ അന്തരീക്ഷത്തിന് അയവുണ്ടായതുപോലെ തോന്നി. താന്‍ ആരാണെന്ന് അവര്‍ തിരിച്ചറിഞ്ഞ പോലെ. അവര്‍ അദ്ദേഹത്തെ വിട്ടയച്ചു. ആ അനുഭവങ്ങളെല്ലാം താന്‍ പറഞ്ഞത് വളരെ കൗതുകത്തോടെയാണ് ശിബിരത്തില്‍ പങ്കെടുത്തവര്‍ സ്വീകരിച്ചത്. ആ ശിബിരത്തില്‍ ഫാര്‍ക്കിന്റെ പ്രതിനിധികളും പങ്കെടുത്തു. ആയുധമേന്തി കൊള്ള നടത്തുന്നതെന്തിനാണെന്ന് അവരോട് മറ്റ് പ്രതിനിധികള്‍ ചോദിച്ചു. തൊഴിലില്ലായ്മ കൊണ്ടാണെന്നായിരുന്നു ആദ്യത്തെ മറുപടി. സമാധാനത്തിന്റെ മാര്‍ഗ്ഗം സ്വീകരിച്ചാല്‍ അവരെ പുനരധിവസിപ്പിക്കാമെന്നും വിദ്യാഭ്യാസവും തൊഴിലും ജീവിതവും ഉറപ്പ് വരുത്താമെന്നും ഗവര്‍ണര്‍ അപ്പോള്‍ തന്നെ അറിയിച്ചു. പക്ഷേ അവരുടെ പ്രതികരണം വിചിത്രമായിരുന്നു. ”നിങ്ങള്‍ എത്ര ഡോളര്‍ സ്‌കോളര്‍ഷിപ്പ് തരും? അഞ്ഞൂറ്, ആയിരം, അതോ അയ്യായിരമോ. അത്രയല്ലേ തരൂ. അത് ആര്‍ക്ക് വേണം. ഞങ്ങള്‍ക്ക് ഒരുദിവസം ജീവിക്കാന്‍ തികയില്ല അത്. ഒരാളിനെ തട്ടിക്കൊണ്ടുപോയാല്‍ മോചിപ്പിക്കുന്നതിന് അമ്പതിനായിരമോ അതിലധികമോ കിട്ടും. ഞങ്ങളെ സംബന്ധിച്ചിടത്തോളം ജീവിക്കാന്‍ അത് കൂടിയേ കഴിയൂ.” ഇതായിരുന്നു മറുപടി.

ഗവര്‍ണര്‍ ഗില്ലാര്‍മെയും ഭാര്യയും രണ്ടാഴ്ചക്കാലം ഡോ. രാധാകൃഷ്ണന്റെ അതിഥികളായി ഡല്‍ഹിയില്‍ കഴിഞ്ഞു. ഉപ്പുസത്യഗ്രഹം മുതല്‍ നവഖാലി വരെയുള്ള സംഭവത്തെ പറ്റി അവര്‍ പഠനവിഷയമാക്കി. ഇരുവരും അന്വേഷണ കുതുകികളായ നല്ല വിദ്യാര്‍ത്ഥികളായിരുന്നു എന്നാണ് ഡോ. രാധാകൃഷ്ണന്‍ അവരെ വിശേഷിപ്പിച്ചത്. ഹവായിയിലെ ഹോണോലുലു ആസ്ഥാനമായുള്ള സമാധാന പ്രസ്ഥാനത്തിന്റെ അദ്ധ്യക്ഷനായ പ്രഫ. ഗ്ലെന്‍ഡി പെയ്ജ് റോഡ്-അയലന്റില്‍ വിളിച്ചുകൂട്ടിയ സമാധാനസമ്മേളനത്തില്‍ വച്ചാണ് രാധാകൃഷ്ണന്‍ ഗില്ലാര്‍മേയുമായി പരിചയപ്പെടുന്നത്. പിന്നീട് ആ ബന്ധം വളരുകയായിരുന്നു.

ഇതിനിടയില്‍ വളരെ ഒച്ചപ്പാടുണ്ടാക്കിയ ഒരു സംഭവം നടന്നു. കൊള്ളക്കാരുടെ സ്വാധീനമേഖലയായ കസറ്റോ ടൗണില്‍ ഒളിസങ്കേതത്തിന് സമീപത്തുള്ള ക്രിസ്ത്യന്‍ പള്ളിക്കുനേരേ ഫാര്‍ക്ക് നടത്തിയ ആക്രമണവും സമീപത്തുള്ള കാപ്പിത്തോട്ടം കൊള്ളയടിച്ചതുമായിരുന്നു അത്. പ്രാര്‍ത്ഥനാനിരതരായ പുരോഹിതരെ പള്ളിയില്‍ കയറി ഉപദ്രവിച്ചത് ജനരോഷം വളര്‍ത്താന്‍ ഇടയാക്കി. ഈ പശ്ചാത്തലത്തിലാണ് ഗവീരിയായുടെ പ്രഖ്യാപനം വരുന്നത്. തങ്ങള്‍ തലസ്ഥാനനഗരിയായ മെഡലിനില്‍ നിന്ന് കസെറ്റയിലേക്ക് ഒരു സമാധാനമാര്‍ച്ച് നടത്തുമെന്ന്. ആ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ഡോ. രാധാകൃഷ്ണന്‍ ഉള്‍പ്പെടെ ഏതാനും ലോകസമാധാന നേതാക്കള്‍ക്കും ക്ഷണം ലഭിച്ചു.

”സമാധാനത്തിന് ഒരവസരം കൂടി”, ”പൊരുത്തപ്പെടല്‍ ഒരു പ്രക്രിയായി മാറട്ടെ” എന്നീ മുദ്രാവാക്യങ്ങളാണ് മാര്‍ച്ചില്‍ ഉന്നയിച്ചത്. മെഡലിനില്‍ നിന്ന് കസെറ്റയിലേക്കുള്ള 240 കിലോമീറ്റര്‍ കാല്‍നടയായി അവര്‍ സഞ്ചരിച്ചു. ദണ്ഡിയാത്രയെ അനുസ്മരിപ്പിക്കുന്നതായിരുന്നു ആ യാത്ര. ശാന്തിമന്ത്രവുമായി നടന്ന യാത്രയില്‍ ഗവര്‍ണറെ കൂടാതെ ബിഷപ്പ്, വിദ്യാഭ്യാസമന്ത്രി, ഗവര്‍ണറുടെ അഡൈ്വസര്‍, സെക്രട്ടറി തുടങ്ങിയവരുമുണ്ടായിരുന്നു. പ്രഫ. ഗ്ലെന്‍ പെയ്ജ്, റവ. ബര്‍ണാഡ് ലാഫിയാറ്റ് (പ്രഫ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ സെക്രട്ടറിമാരിലൊരാള്‍), റിച്ചാര്‍ഡ് ഡീഡ് (പ്രമുഖ സമാധാന സംഘടനയായ എഫ്ഡിആറിന്റെ ജനറല്‍സെക്രട്ടറി), തായ്‌ലന്റിലെ ഡോ. ചൈവാക്, ഡോ. ലൂയി പിരാന്റെ, ഡോ. രാധാകൃഷ്ണന്‍ തുടങ്ങി സാര്‍വദേശീയ സമാധാന പ്രസ്ഥാനങ്ങളെ പ്രതിനിധീകരിച്ചുള്ള എട്ടുപേര്‍ ആ സംഘത്തിലുണ്ടായിരുന്നു. ആ യാത്രയ്ക്ക് മുന്നോടിയായി ഫാര്‍ക്കിന്റെ തലവന് ഗവര്‍ണര്‍ ഒരു കത്തെഴുതി. അതില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘മനുഷ്യജീവിതം ക്ഷണികമാണ്. അത് കൊന്നുതള്ളാനുള്ളതല്ല. സമാധാനത്തില്‍ ജീവിക്കാനാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. മറ്റുള്ളവര്‍ക്ക് സൈ്വരവും സമാധാനവും നല്‍കുകയാണ് അതിനു പ്രത്യുപകാരമായി നാം ദൈവത്തിന് നല്‍കേണ്ടത്. പള്ളിയില്‍ പ്രാര്‍ത്ഥിച്ചതുകൊണ്ടോ ജപമാല എണ്ണിത്തീര്‍ത്തതുകൊണ്ടോ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ല. മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കുകയാണ് വേണ്ടത്. ഞങ്ങള്‍ നിരായുധരായിട്ടാണ് അങ്ങോട്ട് വരുന്നത്. തന്റെ അംഗരക്ഷകരും നിരായുധരാണ്.’ ഒരു കാരണവശാലും വരാന്‍ പാടില്ലെന്നായിരുന്നു ആ കത്തിനുള്ള ഫാര്‍ക്ക് തലവന്റെ മറുപടി. ഗവര്‍ണര്‍ ആ ഭീഷണി നിരസിച്ചു. രണ്ടായിരത്തോളം വരുന്ന ശാന്തിസേനാംഗങ്ങള്‍ നിര്‍ദ്ദിഷ്ട പരിപാടിയനുസരിച്ച് മുന്നോട്ട് നീങ്ങി. വെള്ളത്തൊപ്പി ധരിച്ച ശാന്തിസേന സമാധാനഗാനങ്ങള്‍ ആലപിച്ചു. മൂന്നാംദിവസം അവര്‍ വൈകിട്ട് മൂന്നുമണിയോടെ കസെറ്റയിലെത്തി. നല്ല തണുത്ത കാറ്റടിക്കുന്ന ആ സായാഹ്നത്തില്‍ മരങ്ങള്‍ക്കിടയില്‍ നിന്ന് ആയുധധാരികളായ ഒരുസംഘം ആളുകള്‍ അവരെ വളഞ്ഞു. ഗവര്‍ണറെയും സംഘത്തെയും ഒരുഗ്രൂപ്പായി മാറ്റി. സാര്‍വദേശീയസംഘത്തെ മറ്റൊരു ഗ്രൂപ്പായും മാറ്റി നിര്‍ത്തി. ബാക്കിയുള്ളവരോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. തങ്ങള്‍ പിന്തിരിയാന്‍ തയ്യാറല്ലെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഗവര്‍ണര്‍ ഇടപെട്ട് അനുയായികളെ തിരിച്ചയച്ചു. അവശേഷിച്ച ഇരുസംഘങ്ങളുടെയും കണ്ണുകള്‍ മൂടിക്കെട്ടി. കുതിരപ്പുറത്തും കഴുതപ്പുറത്തുമായി കൊടുംകാട്ടിലെ രണ്ട് ഭാഗങ്ങളിലേക്കായി കൂട്ടിക്കൊണ്ടുപോയി. ഗവര്‍ണറെയും കൂട്ടരെയും പിന്നെ ഒരിക്കലും കാണാന്‍ കഴിഞ്ഞില്ലെന്നത് ദുഖത്തോടെ ഡോ. രാധാകൃഷ്ണന്‍ ഓര്‍മ്മിക്കുന്നു. കൊടുംകാട്ടിലെ താവളത്തിലെത്തിച്ച ശേഷമാണ് സാര്‍വദേശീയ സംഘത്തിലുള്‍പ്പെട്ടവരെ കണ്ണിലെ കെട്ടഴിച്ചത്. തുടര്‍ന്ന് ചോദ്യം ചെയ്യല്‍. ‘ഇത് ഞങ്ങളുടെ ആഭ്യന്തര കാര്യമാണ്. നിങ്ങളെന്തിനിവിടെ വന്നു. നിങ്ങള്‍ക്കെന്ത് കാര്യം ഇവിടെ’ എന്നൊക്കെ തിരിച്ചും മറിച്ചും ചോദിച്ചു. വളരെ മനുഷ്യത്വഹീനമായ അന്തരീക്ഷമാണ് അവിടെയുണ്ടായിരുന്നത്. സ്പാനിഷ് ഭാഷയിലാണ് സംഭാഷണം. അപൂര്‍വ്വമായ മുറിഇംഗ്ലീഷും. പലരും മാന്യമായാണ് പെരുമാറിയതെങ്കിലും കൂട്ടത്തിലുള്ള ഒരാള്‍ വളരെ അപമര്യാദയായി സംസാരിച്ചു. വിഢികളെന്നാണ് അവര്‍ എപ്പോഴും തങ്ങളെ വിളിച്ചത്. കൊന്നുകുഴിച്ചുമൂടുമെന്നും പുറംലോകം കാണിക്കില്ലെന്നുമൊക്കെ അയാള്‍ വിളിച്ചുപറഞ്ഞു. മത്സ്യമാംസാദികള്‍ കൊണ്ടുള്ള ഭക്ഷണം നല്‍കി. ഒരുകഷണം റൊട്ടിയും ഒരു പഴവും കിട്ടിയതുകൊണ്ട് താന്‍ വിശപ്പടക്കിയതായി ഡോ. രാധാകൃഷ്ണന്‍ പറഞ്ഞു. നേരംവെളുത്തപ്പോള്‍ വീണ്ടും തങ്ങളുടെ കണ്ണ് മൂടിക്കെട്ടി. കൊല്ലാന്‍ കൊണ്ടുപോവുകയാണെന്ന് ഒരുത്തന്‍ പറഞ്ഞു. കുറച്ചുദൂരം കുതിരപ്പുറത്ത് കയറ്റി ഒരുസ്ഥലത്തെത്തിച്ചു. എന്നിട്ട് തങ്ങളുടെയെല്ലാം കണ്ണുകള്‍ അഴിച്ചിട്ട് ‘ആഗോളവിഡ്ഡികളെ പൊയ്‌ക്കൊള്ളണം ഞങ്ങളുടെ നാട്ടില്‍ നിന്ന്’ എന്നുപറഞ്ഞ് അവര്‍ തിരിച്ചുപോയി. ജീവന്‍ തിരിച്ചുകിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ആ രംഗങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഡോ. രാധാകൃഷ്ണന് ഇപ്പോഴും നടുക്കം മാറിയിട്ടില്ല.

രണ്ടുവര്‍ഷത്തോളം ഗവര്‍ണറെ വച്ച് അവര്‍ വിലപേശി. യുഎസ് സര്‍ക്കാര്‍ അവരുടെ മോചനത്തിന് സൈനിക നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നു എന്ന് അറിഞ്ഞപ്പോള്‍ ഗവര്‍ണറെയും സംഘത്തെയും വധിക്കുകയാണുണ്ടായത്. മരിക്കുന്നതിന് മുമ്പ് ഗവര്‍ണര്‍ തന്റെ പിതാവിന് ഹൃദയസ്പൃക്കായ ഒരുകത്തെഴുതി. മരണത്തില്‍ ഭയമില്ലെന്നും സമാധാനം വിജയിക്കുകതന്നെ ചെയ്യുമെന്നും പറഞ്ഞുകൊണ്ടുള്ള കത്ത് ഇന്നും ലോകത്തിന്റെ വേദനയായി. പില്‍ക്കാലത്ത് ഫാര്‍ക്ക് ആയുധം വച്ച് കീഴടങ്ങി. വ്യവസ്ഥാപിത മാര്‍ഗ്ഗത്തിലേക്ക് വന്നെങ്കിലും ഇപ്പോഴും വിമതവിഭാഗം മുന്‍ഗാമികളുടെ പാതയിലൂടെ തന്നെ സഞ്ചരിക്കുന്നു.

ജീവിതരേഖ

കൊല്ലം ജില്ലയിലെ ചടയമംഗലത്തെ കര്‍ഷകകുടുംബത്തില്‍ സ്വാതന്ത്ര്യസമരസേനാനി പി കെ നീലകണ്ഠപിള്ളയുടെയും നാരായണിയമ്മയുടെയും മകനായി ജനിച്ച രാധാകൃഷ്ണന്റെ വിദ്യാഭ്യാസം തിരുവനന്തപുരം എംജി കോളജ്, പന്തളം എന്‍എസ്എസ് കോളജ് എന്നിവിടങ്ങളിലായിരുന്നു. എം പി മന്മഥന്റെ സ്വാധീനത്തില്‍ സര്‍വോദയ പ്രസ്ഥാനത്തില്‍ അദ്ദേഹം ചേര്‍ന്നു. ചടയമംഗലം എസ്‌വിഎച്ച്എസിലും നിലമേല്‍ എന്‍എസ്എസ് കോളജിലും അധ്യാപകനായി. അണ്ണാമല സര്‍വ്വകലാശാലയില്‍ നിന്ന് പിഎച്ച്ഡി നേടി. തമിഴ്‌നാട്ടിലെ ഗാന്ധിഗ്രാം സര്‍വ്വകലാശാലയില്‍ അധ്യാപകനായി പരീക്ഷാവിഭാഗം കണ്‍ട്രോറായും ശാന്തിസേന ചീഫ് ഓര്‍ഗനൈസറായും ഫാക്കുല്‍റ്റി ഡീനായും 22 വര്‍ഷം സേവനം അനുഷ്ഠിച്ചു. ചെങ്ങാരപ്പള്ളി നാരായണന്‍ പോറ്റിയുടെ പത്രാധിരത്യത്തിലുള്ള മലയാളി ദിനപത്രത്തിന്റെ സഹപത്രാധിപരായി രണ്ടുവര്‍ഷം പ്രവര്‍ത്തിച്ചു.

പ്രസിദ്ധ ഗാന്ധിയന്‍ ഡോ. ജി രാമചന്ദ്രനുമായുള്ള സഹവര്‍ത്തിത്വം വഴിത്തിരിവായി. പ്രസിദ്ധ സാമൂഹ്യപ്രവര്‍ത്തകനായ ബാബ ആംതെയുടെ കീഴില്‍ പരിശീലനം സിദ്ധിച്ചു. 1990ല്‍ ഭാരത ഗവണ്‍മെന്റിന്റെ ക്ഷണമനുസരിച്ച് ഡല്‍ഹിയില്‍ ബിര്‍ള ഹൗസിലുള്ള ഗാന്ധിസ്മൃതി എക്‌സിക്യൂട്ടീവ് ഡയറക്ടറായി 12 വര്‍ഷം പ്രവര്‍ത്തിച്ചു. ഭാരതത്തിന്റെ പ്രതിനിധിയെന്ന നിലയില്‍ യുനെക്‌സോയുടെ പല പ്രവര്‍ത്തനങ്ങളിലും അദ്ദേഹം ബന്ധപ്പെട്ടു. നിരവധി വിദേശരാജ്യങ്ങളില്‍ പര്യടനം നടത്തി. മാനവ വികസന മന്ത്രാലയത്തിന്റെ വിവിധ കമ്മിറ്റികളില്‍ അംഗമായി. യുജിസി, യുപിഎസ്‌സി എന്നിവിടങ്ങളില്‍ വിദഗദ്ധസമിതി അംഗമായും പ്രവര്‍ത്തിച്ചു. വാര്‍ത്താവിതരണ വിക്ഷേപണത്തിലെ നവീന തന്ത്രങ്ങളെക്കുറിച്ച് പഠിക്കാന്‍ മഞ്ചസ്റ്ററിലെ ബിബിസി ആസ്ഥാനത്ത് ഹൃസ്വകാലം ചിലവഴിച്ചു. ലോസ്ആഞ്ചലസിലെ സോക്കോ യൂണിവേഴ്‌സിറ്റിയുടെ അംബാസിഡര്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസിന്റെ സ്ഥാപക ചെയര്‍മാന്‍, ജെയിന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രഫസര്‍, ഗാന്ധിമീഡിയ സെന്ററിന്റെ ചെയര്‍മാന്‍ എന്നീ നിലകളില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. അറുപതിലധികം വിദേശ സര്‍വ്വകലാശാലകളില്‍ വിസിറ്റിംഗ് പ്രഫസറായിരുന്നു. ഗാന്ധിജിയുടെ മറ്റൊരു സ്വപ്ന പദ്ധതിയായ ശാന്തിസേന സംഘടിപ്പിക്കുന്നതിലാണ് ഇന്ന് അദ്ദേഹം വ്യാപൃതനായിരിക്കുന്നത്.

തിരുവനന്തപുരം ജില്ലാസഹകരണബാങ്കിലെ ഐസിഡിസി വിഭാഗം മാനേജരായിരുന്ന വിമലാദേവിയാണ് ഭാര്യ. ജപ്പാനില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറായ അഭിലാഷ്, എയര്‍ഫോഴ്‌സില്‍ ഫ്‌ളൈറ്റ് ലഫ്റ്റനന്റ് ആയ അജിത്ത് എന്നിവര്‍ മക്കളാണ്.

വിവിധ മേഖലകളിലുള്ള സംഭാവനയുടെ അടിസ്ഥാനത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ഗാന്ധി-മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് പുരസ്‌കാരം (അമേരിക്ക), ഓണററി ഡോക്ടറേറ്റ് (സോക്കോ യൂണിവേഴ്‌സിറ്റി ജപ്പാന്‍), എം കെ കെ നായര്‍ അവാര്‍ഡ് (കേരളം), മില്ലേനിയം പുരസ്‌കാരം (കേരള യൂണിവേഴ്‌സിറ്റി), രാജീവ് ഗാന്ധി ദേശീയ സദ്ഭാവനാ അവാര്‍ഡ് തുടങ്ങിയവ അതിലുള്‍പ്പെടുന്നു.

ഫോട്ടോ: സുരേഷ് ചൈത്രം