കർണ്ണാടക സർക്കാർ കാട്ടിയ കണ്ണിൽ ചോരയില്ലാത്ത ക്രൂരത

കാനം രാജേന്ദ്രൻ
Posted on April 08, 2020, 3:15 am

ലോകമാകെ സഹകരണത്തിന്റെയും സഹായത്തിന്റെയും പുത്തൻ പാതകൾ വെട്ടിത്തുറന്നുകൊണ്ടിരിക്കുന്ന ഈ കൊറോണക്കാലത്ത് തലപ്പാടി അടക്കമുള്ള അതിർത്തികളിൽ കർണാടക സർക്കാർ കാട്ടുന്നത് സമാനതകളില്ലാത്ത ക്രൂരതയാണ്.

ദേശീയപാത അടച്ച്, കേരളത്തിൽ നിന്ന് രോഗികൾ ഉൾപ്പെടെ ആരെയും പ്രവേശിപ്പിക്കില്ലെന്ന കർണ്ണാടക ഭരണകൂടത്തിന്റെയും ബിജെപി നേതാക്കളുടെയും ക്രൂരമായ നിലപാടുമൂലം പത്ത് മനുഷ്യജീവനുകളാണ് ചികിത്സ കിട്ടാതെ മരണത്തിനു കീഴടങ്ങിയത്. ലോകമാകെ രോഗികളോട് അനുകമ്പാപൂർണ്ണമായ സമീപനമാണ് സ്വീകരിക്കാറുള്ളത്. കടുത്തശത്രുതയിലുള്ള രാജ്യങ്ങൾ പോലും ഈ രീതികൾ കൈയ്യൊഴിയാറില്ല. യുദ്ധവേളകളിലടക്കം പരിക്കു പറ്റുന്നവരോടും രോഗികളോടുമെല്ലാമുള്ള പെരുമാറ്റത്തിൽ നാം ദർശിക്കുന്നത് ആ അനുകമ്പയാണ്. വധശിക്ഷക്ക് വിധിച്ചിരിക്കുന്നവർക്കു പോലും ചികിത്സ നിഷേധിക്കുകയോ തടസപ്പെടുത്തുകയോ ചെയ്യാറില്ല. രോഗികളെവച്ച് ആരും വിലപേശാറുമില്ല. പാകിസ്ഥാനും ഇറാനും ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാത തുറന്നുകൊടുത്ത വാർത്തകൾ നാം വായിച്ചത് അടുത്ത ദിവസമാണ്. ജീവനുവേണ്ടി പിടഞ്ഞ് ആംബുലൻസിൽ കിടക്കുന്ന രോഗിയുടെ ദൈന്യത, എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ അനുവദിക്കണമെന്ന കൂടെയുള്ളവരുടെ യാചന, അതിനോട് തരിമ്പും വില കല്പിക്കാതെ തിരിച്ചയക്കുന്ന കർണ്ണാടകത്തിലെ കാക്കിയുടെ ക്രൂരത, ഇതെല്ലാമായിരുന്നു കർണ്ണാടക സ്വദേശിനിയായ ഫാത്തിമ എന്ന എഴുപതുകാരിക്കും കുടുംബത്തിനും കഴിഞ്ഞ ദിവസം നേരിടേണ്ടിവന്നത്. ബന്ധുവീട്ടിൽ വന്ന് രോഗം മൂർഛിച്ചപ്പോൾ ചികിത്സിച്ചുകൊണ്ടിരിക്കുന്ന സ്വന്തം സംസ്ഥാനത്തെ ആശുപത്രിയിലേക്ക് പോകാൻ ശ്രമിച്ചതായിരുന്നു അവർ. ഫാത്തിമ ചികിത്സകിട്ടാതെ തൊട്ടടുത്ത ദിവസം മരണമടഞ്ഞു. കുറച്ചു പൊലീസുകാർ സ്വയം സ്വീകരിച്ച ഒരു നടപടിയായിരുന്നില്ല അത്. ഭരണകൂടം തന്നെയാണ് അതിന്റെ പിന്നിലെന്ന് പിന്നീട് വ്യക്തമായി.

കേരളത്തിന്റെ മുഖ്യമന്ത്രി ഒരു ദിവസം മുഴുവൻ കർണ്ണാടക മുഖ്യമന്ത്രിയെ ബന്ധപ്പെടാൻ ശ്രമിച്ചു. തിരിച്ചു വിളിക്കുമെന്ന ഉറപ്പ് നടപ്പിലാവാതെപോയപ്പോൾ കർണ്ണാടകയിൽ നിന്നുള്ള കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ ബന്ധപ്പെട്ട് അതിർത്തികളെല്ലാം മണ്ണിട്ട് അടച്ചിരിക്കുന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തി. രോഗികളായവരെ സ്ഥിരമായി ചികിത്സിച്ചുകൊണ്ടിരിക്കുന്ന മംഗലാപുരത്തെ ആശുപത്രിയിൽ എത്തിക്കാൻ തലപ്പാടിയിലെ തടസം നീക്കിത്തരണമെന്ന് കേരള മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ഉടൻ പരിഹരിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നൽകുകയും ചെയ്തു. പരിഹാരം കാണാതെവന്നതിനെ തുടർന്ന് മുഖ്യമന്ത്രി നേരിട്ട് പ്രധാനമന്ത്രിയുടെ ഓഫീസിനെ വിവരം അറിയിച്ചു. തിരിച്ചു ബന്ധപ്പെടുമെന്ന് ഉറപ്പ് ലഭിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ തിരിച്ചു വിളിച്ച് പ്രശ്നപരിഹാരത്തിന് ഇടപെടുമെന്ന് ഉറപ്പിച്ചു പറഞ്ഞു. സംസ്ഥാന ചീഫ് സെക്രട്ടറി കർണ്ണാടക ചീഫ് സെക്രട്ടറിയെയും കേന്ദ്ര കാബിനറ്റ് സെക്രട്ടറിയെയുമെല്ലാം ബന്ധപ്പെട്ടത് വേറെയും. എന്നാൽ ഒരു പരിഹാരവും ഉണ്ടായില്ല. ഇരുസംസ്ഥാനങ്ങളിലേയും മെഡിക്കൽ ടീമുകളെ ചെക്ക് പോസ്റ്റിൽ നിയമിച്ച് കടന്നു പോകുന്നവരെ പരിശോധിക്കാൻ ധാരണയായതായി കേരള മുഖ്യമന്ത്രി പ്രത്യാശയോടെയാണ് അടുത്ത ദിവസം പറഞ്ഞത്. കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരെ ഒഴിച്ച് മറ്റെല്ലാവർക്കും പരിശോധനകൾക്കുശേഷം ഇരുസംസ്ഥാനങ്ങളിലേക്കും പ്രവേശിക്കാം എന്നായിരുന്നു ഉറപ്പ്. എന്നാൽ ഇന്നലെ രാവിലെ കേട്ടത് ഈ ഉറപ്പ് ലംഘിച്ചുകൊണ്ടുള്ള കർണ്ണാടകയുടെ നടപടിയാണ്. കേരളത്തിന്റെ ആരോഗ്യപ്രവർത്തകരെയും ആശുപത്രി ജീവനക്കാരെയും അതിർത്തികടക്കാൻ പോലും കർണ്ണാടക പൊലീസ് അനുവദിച്ചില്ല. സങ്കുചിത ചിന്തകളോടെ രാഷ്ട്രീയം കളിക്കുകയാണ് കർണ്ണാടക സർക്കാർ ചെയ്തത്. ഇതിനെതിരെ ഹൈക്കോടതി അഭിഭാഷക സംഘടനയും സിപിഐ കാസർകോട് ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിലും കേരള ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജികളിൽ കർണ്ണാടകയുടെ സങ്കുചിതവും ക്രൂരവുമായ നിലപാട് ബോധ്യപ്പെട്ടു. ദേശീയപാത അടയ്ക്കാനും ഗതാഗതം തടയാനും ഒരു സംസ്ഥാനത്തിനും അവകാശമില്ല. ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശം അതിനെല്ലാം ഉപരിയായിട്ടുമുണ്ട്. അതിനാലാണ് തലപ്പാടി ഉൾപ്പെടെയുള്ള ഇടങ്ങളിലെ തടസം നീക്കാൻ ഹൈക്കോടതി വിധിച്ചത്. അതിനെതിരെയാണ് കർണ്ണാടക ബിജെപി സർക്കാർ സുപ്രീം കോടതിയിൽ പോയത്. പാർലമെന്റംഗമായ ബിജെപി കർണ്ണാടക സംസ്ഥാന പ്രസിഡന്റ് വിദ്വേഷവും വിഷവും വമിപ്പിക്കുന്ന വാക്കുകളുമായി കർണ്ണാടക സർക്കാരിന്റെ അതിർത്തി അടയ്ക്കലിനെ ന്യായീകരിച്ചും കേരള ജനതയെ അപഹസിച്ചും രംഗത്തെത്തിയിരുന്നു. കേരളത്തിലേക്കുള്ള അതിർത്തി കർണ്ണാടക അടച്ച വിഷയത്തിൽ സംസ്ഥാനങ്ങൾ തമ്മിൽ ധാരണയായെന്നാണ് കേന്ദ്ര സർക്കാർ ഇന്നലെ സുപ്രീം കോടതിയെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട പ്രോട്ടോക്കോൾ തയ്യാറാക്കിയതായും കേന്ദ്ര സർക്കാർ കോടതിയിൽ പറഞ്ഞു. ഈയൊരു വാദത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് മറ്റെല്ലാ ഹർജികളും തള്ളിക്കൊണ്ട് സുപ്രീം കോടതി കേസ് തീർപ്പാക്കിയത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറിമാർ എന്നിവർ യോഗം ചേർന്നെടുത്ത തീരുമാനം അടിസ്ഥാനമാക്കിയായിരുന്നു കേന്ദ്രവാദം. അതേ തീരുമാനമാണ് കേരള മുഖ്യമന്ത്രി പ്രതീക്ഷയോടെ അറിയിച്ചതും ഇന്നലെ അതിർത്തിയിൽ കർണ്ണാടക പൊലീസ് ലംഘിച്ചതും. സുപ്രീംക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഉത്തരവിറക്കിയിട്ടുണ്ട്. അത് നടപ്പിലാക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന രൂപീകരണത്തിനു മുമ്പ് ദക്ഷിണ കാനറ ജില്ലയുടെ ഭാഗമായിരുന്ന കാലം മുതൽ ഭാഷയുടെയും ഭൂമിശാസ്ത്രപരമായ അടുപ്പത്തിന്റെയും പേരിൽ കാസർകോടിന് ഏറെ ബന്ധമുള്ള പ്രദേശമാണ് മംഗലാപുരം. ആ ബന്ധങ്ങളുടെ ചരിത്രത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അതിർത്തി പ്രദേശങ്ങളിലുള്ളവർ ഏറെ സൗകര്യപ്രദമായ ഇടങ്ങൾ ചികിത്സക്കും വിദ്യാഭ്യാസത്തിനുമെല്ലാം തെരഞ്ഞെടുക്കുക സ്വാഭാവികവുമാണ്. മഞ്ചേശ്വരത്തുകാർ ഇത്തരത്തിൽ മംഗലാപുരത്തെ ഏറെ ആശ്രയിക്കുമ്പോൾ അവിടുത്തെ പല സ്ഥാപനങ്ങളുടെയും നിലനില്പിന് ഇത് സഹായകമാവുകയും ചെയ്യുന്നുണ്ട്.

സമ്പൂർണ ലോക്ഡൗൺ രാജ്യമാകെ നടപ്പിലാക്കുമ്പോഴും ആരോഗ്യം, ഭക്ഷണം എന്നിവയുമായി ബന്ധപ്പെട്ട യാത്രകൾക്കും ചരക്കുനീക്കങ്ങൾക്കും കേന്ദ്ര സർക്കാർ തന്നെ ഇളവ് നൽകുന്നുമുണ്ട്. ഈ പ്രത്യേകതകൾ ഉള്ളപ്പോഴാണ് കേരളക്കാരെ മംഗലാപുരത്ത് ചികിത്സിക്കാനേ പാടില്ലെന്ന നിലപാടെടുത്തത്. തിരുവനന്തപുരത്തെ ആർസിസി, മെഡിക്കൽ കോളജ്, ശ്രീചിത്ര തുടങ്ങിയ നിരവധി ആശുപത്രികളിൽ എല്ലാ ദിവസവും തമിഴ്‌നാട്ടുകാർ അടക്കം ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറുകണക്കിനാളുകൾ ഇപ്പോഴും ചികിത്സ തേടുന്നുണ്ട്. ആരുടെ മുമ്പിലും കേരളം വാതിലുകൾ കൊട്ടിയടച്ചിട്ടില്ല. ലോക്ഡൗണിനെ തുടർന്നുള്ള കർശന നിയന്ത്രണങ്ങൾ നിലനില്ക്കേ കർണ്ണാടകയിലെ മൈസൂരു ജില്ലയിൽനിന്ന് വയനാട്ടിൽ ചികിത്സ തേടിയെത്തിയത് 29 രോഗികളാണ്. വയനാട് അതിർത്തിയോട് ചേർന്നുകിടക്കുന്ന കർണ്ണാടകയിലെ ബൈരക്കുപ്പ മേഖലയിൽ നിന്നാണ് ഇത്രയുംപേർ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിട്ടുള്ളത്. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലുള്ള 44 പേരാണ് ഇതുവരെ വയനാട്ടിലെ ആശുപത്രിയിലെത്തി ചികിത്സ തേടിയത്. മംഗലാപുരത്ത് നാളുകളായി ചികിത്സിച്ചു കൊണ്ടിരിക്കുന്നവരും ഏറ്റവും അടുത്തുള്ള ആശുപത്രികൾ എന്ന നിലയിൽ അടിയന്തര ഘട്ടത്തിൽ അവിടേക്ക് പോകേണ്ടവരുമായ ആളുകൾ ചികിത്സ കിട്ടാതെ മരിച്ചു കൊണ്ടേയിരിക്കുകയാണ് എന്നത് ഗുരുതരമായ സ്ഥിതിവിശേഷമാണ്. ആ മരണസംഖ്യ ഇപ്പോൾ പത്തിലെത്തി നിൽക്കുന്നു. കോവിഡ് 19 ന് രണ്ടു ജീവിതങ്ങളെ മാത്രമേ കേരളത്തിൽ നിന്ന് അപഹരിക്കാൻ കഴിഞ്ഞിട്ടുള്ളു. കേരള സർക്കാരും ജനതയും ഒന്നിച്ചുനിന്ന് കൈമെയ് മറന്ന് പ്രവർത്തിക്കുന്നതിനാലാണിത്. എന്നാൽ കർണ്ണാടക ബിജെപി ഭരണകൂടം കോവിഡിനേക്കാൾ മാരകമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഫാത്തിമ (70), അബ്ദുൾ ഹമീദ് (60), ശേഖര (50), മാധവൻ (59), ബേബി (60), ആയിഷ (63), ഹസൈനാർ (60), രുദ്രപ്പ (51), യൂസഫ് (59), കൃഷ്ണഗൗഡ (72) കർണ്ണാടകയിലെ ബിജെപി ഭരണകൂടത്തിന്റെ നെറികേടുകൾക്ക് ജീവിതം വിലയായി നൽകേണ്ടി വന്നവരാണിവർ. ഇവരുടെ രാഷ്ട്രീയവും മതവുമൊന്നും പരതേണ്ടതില്ല. രോഗം ഒരു കുറ്റവുമല്ല. അതിനാൽ തന്നെ കുറ്റവാളികളോടെന്നപോലെയും നികൃഷ്ടരോടെന്നപോലെയും ഈ സാധുക്കളോട് പെരുമാറിയ ബിജെപി നേതാക്കൻമാരെ വിശേഷിപ്പിക്കാൻ വാക്കുകളില്ലാതാവുന്നു. കണ്ണിൽ ചോരയില്ലാത്ത ഇത്തരം ക്രൂരതകൾ അവരുടെ മാത്രം പ്രത്യേകതയാണ്. ഫാസിസ്റ്റുകൾക്കു മാത്രമേ ഇങ്ങനെയെല്ലാം നിലപാടെടുക്കാൻ കഴിയുകയുള്ളു. മൗനം കൊണ്ട് ഇതിനെയെല്ലാം പിന്തുണയ്ക്കുന്ന കേരളത്തിലെ ബിജെപി നേതാക്കൻമാരും അവരിൽ നിന്ന് ഒട്ടും വ്യത്യസ്ഥരല്ല.