ജയ്സൺ ജോസഫ്

കോട്ടയം

February 21, 2020, 9:58 am

ഇന്ന് പിളരാനുറച്ച് കേരള കോൺഗ്രസ്

Janayugom Online

പിളരാൻ ശേഷിയില്ലെങ്കിലും കേരള കോൺഗ്രസിന്റെ ചരിത്രം ആവർത്തിച്ച് കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗം ഇന്ന് രണ്ടാകും. ഔദ്യോഗികമായുള്ള പിളർപ്പും പിരിയലും. ഒറ്റക്കെട്ടായി നിലനിർത്താനുളള യുഡിഎഫിന്റെ അനുനയ നീക്കങ്ങളെ തളളിയാണ് ജേക്കബ് വിഭാഗം ചെയർമാൻ ജോണി നെല്ലൂരും പാർട്ടി ലീഡർ അനൂപ് ജേക്കബും ഇന്ന് രണ്ടായി പിരിയുന്നത്. പാർട്ടിയിൽ മേൽക്കൈ അവകാശപ്പെട്ട് ഇരു വിഭാഗങ്ങളുടെയും സംസ്ഥാന നേതൃയോഗങ്ങൾ ഇന്നു കോട്ടയത്ത് ചേരും.

അനൂപിന്റെ നേതൃത്വത്തിലുളള വിഭാഗം പാർട്ടി സംസ്ഥാന കമ്മറ്റി ഓഫീസിലും ജോണി നെല്ലൂരിന്റെ നേതൃത്വത്തിലുളള വിഭാഗം പബ്ലിക് ലൈബ്രറി ഹാളിലുമാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്. പാർട്ടിയിലെ പിളർപ്പോടെ ജേക്കബ് ഗ്രൂപ്പിന്റെ അവകാശവാദത്തെച്ചൊല്ലിയുളള തർക്കവും രൂക്ഷമായി. ജേക്കബ് ഗ്രൂപ്പ് ചെയർമാൻ എന്ന നിലയിൽ സംസ്ഥാന കമ്മറ്റി വിളിച്ചു ചേർക്കാനുളള അവകാശം തനിക്കാണെന്നും അതിനാൽ അച്ചടക്കലംഘനം നടത്തിയാൽ അനൂപിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്നുമാണ് ജോണി നെല്ലൂരിന്റെ നിലപാട്. എന്നാൽ പാർട്ടി ലീഡർ എന്ന നിലയിൽ ജേക്കബ് ഗ്രൂപ്പിന്റെ സംസ്ഥാന കമ്മറ്റി വിളിച്ചുചേർക്കാനുളള അവകാശം തനിക്കാണെന്നാണ് അനൂപ് ജേക്കബ് അവകാശപ്പെടുന്നത്. ഇന്നത്തെ യോഗത്തിൽ ഇരുവിഭാഗവും പരസ്പരം അച്ചടക്ക നടപടി സ്വീകരിക്കും.

പതിമൂന്നു ജില്ലാ പ്രസിഡന്റുമാർ തനിക്കൊപ്പമാണെന്നാണ് അനൂപ് ജേക്കബ് അവകാശപ്പെടുന്നത്. എന്നാ­ൽ എട്ടു ജില്ലാ പ്രസിഡന്റുമാർ തനിക്കൊപ്പമാണെന്ന് ജോണി നെല്ലൂരും പറയുന്നു. കേരള കോൺഗ്രസ് (എം)ലെ ജോസഫ് വിഭാഗവുമായുളള ലയന നീക്കമാണ് ജേക്കബ് ഗ്രൂപ്പിലെ പൊട്ടിത്തെറിക്ക് ആക്കം നൽകിയത്. ജോണി നെല്ലൂരിനെ അനുകൂലിക്കുന്നവർ ജോസഫുമായി ലയിക്കണമെന്ന ആഗ്രഹത്തിലുമാണ്. ജോസഫ് വിഭാഗവുമായുള്ള ലയന തീരുമാനം ഇന്നത്തെ യോഗത്തിൽ ജോണി നെല്ലൂർ പ്രഖ്യാപിക്കും. തന്റെ നിലനിൽപ്പ് ഇല്ലാതാക്കുന്ന ലയനത്തിനെതിരെയാണ് അനൂപ് ജേക്കബ്. അനൂപ് ജേക്കബ് വിഭാഗം ഇതേ നിലപാട് ഇന്ന് സ്വീകരിയ്ക്കും.

അനൂപ് ജേക്കബും ലയനത്തിന് ആദ്യം അനുകൂലമായിരുന്നുവെന്നും പിന്നീട് പിൻമാറുകയാണ് ഉണ്ടായതെന്നുമാണ് ജോണി നെല്ലൂർ ഇന്നലെയും പറഞ്ഞത്. ഈ വാദത്തെ അനൂപ് തളളുകയാണ്. യാതൊരുവിധ ലയന ചർച്ചകളും നടന്നിട്ടില്ലെന്നും പാർട്ടിയിലെ ബഹുഭൂരിപക്ഷം പേരും ലയനനീക്കത്തെ എതിർക്കുകയാണെന്നുമാണ് അനൂപ് ജേക്കബ് വിശദീകരിയ്ക്കുന്നത്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ ജോസ് — ജോസഫ് വിഭാഗങ്ങൾ തമ്മിലുണ്ടായ കലഹവും പരോക്ഷമായ പിളർപ്പിനും പിന്നാലെ കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിലുണ്ടാകുന്ന പിളർപ്പും യുഡിഎഫിന് മറ്റൊരു ഊരാക്കുടുക്കായി.

അനൂപ് ജേക്കബും പാർട്ടി ചെയർമാനും നേർക്കുനേർ

കേരളകോൺഗ്രസ് ജേക്കബ് വിഭാഗത്തിന്റെ സീറ്റുകൾ പലഘട്ടങ്ങളിലായി ഇല്ലാതാക്കിയതിന് പിന്നിൽ അനൂപ് ജേക്കബാണെന്ന് പാർട്ടി ചെയർമാൻ ജോണി നെല്ലൂർ. അനൂപ് ജേക്കബ് വേറെ പാർട്ടിയുണ്ടാക്കിയാൽ അത് ചീട്ട് കൊട്ടാരം പോലെ തകരുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറ‍ഞ്ഞു. അനൂപ് വിളിച്ച യോഗങ്ങളെല്ലാം സംഘടനാ വിരുദ്ധമാണ്. സംഘടന വിരുദ്ധമായി വീണ്ടും യോഗം വിളിച്ചാൽ അനൂപിനെതിരെ നടപടിയെടുക്കേണ്ടി വരുമെന്നും ജോണി നെല്ലൂർ പറഞ്ഞു. പാർട്ടിയെ നശിപ്പിക്കാനാണ് അനൂപിന്റെ നീക്കം. അത് അനുവദിക്കില്ലെന്നും ജോണി നെല്ലൂർ കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry; Ker­ala Con­gress Split

YOU MAY ALSO LIKE THIS VIDEO