അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ കേരള നിയമസഭ സമഗ്ര നിയമനിര്‍മ്മാണം നടത്തണമെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഗോവിന്ദ് പന്‍സാരയുടെ രക്തസാക്ഷിദിനമായ ഫെബ്രുവരി 20ന് സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന മതേതര സംരക്ഷണ സദസുകളില്‍ ഈ ആവശ്യം ഉന്നയിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തിരുവനന്തപുരം എംഎന്‍ സ്മാരകത്തില്‍ നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാര്‍ ശക്തികള്‍ ഉയര്‍ത്തിയ മതനിരപേക്ഷ വിരുദ്ധ ചിന്തകള്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടമാണ് ഗോവിന്ദ് പന്‍സാരെ നടത്തിയത്. അദ്ദേഹത്തിന്റെ രചനകള്‍ സംഘപരിവാറിനെയും ശിവസേനയേയും രോഷംകൊള്ളിച്ചു. അതിന്റെ ഫലമായിട്ടാണ് ഗോവിന്ദ്പന്‍സാരെ കൊലചെയ്യപ്പെട്ടത്. മതനിരപേക്ഷ നിലപാടുകള്‍ സ്വീകരിക്കുന്ന എല്ലാവരെയും മതനിരപേക്ഷ സംരക്ഷണസദസുകളില്‍ അണിനിരത്തുമെന്ന് കാനം പറഞ്ഞു.
നവോത്ഥാന കാലഘട്ടം കേരളസമൂഹത്തില്‍ നിന്നും പടിയടിച്ച് പുറത്താക്കിയ അന്ധവിശ്വാസങ്ങള്‍ ‚അനാചാരങ്ങള്‍ , ദുര്‍മന്ത്രവാദം തുടങ്ങിയ സാമൂഹ്യ വിരുദ്ധ പ്രവണതകള്‍ വീണ്ടും തിരിച്ചുവരുന്നു എന്നത് അങ്ങേയറ്റം ആശങ്കാജനകമാണെന്ന് സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. രോഗശാന്തി, ധനലബ്ധി എന്നൊക്കെയുള്ള പേരില്‍ സാമൂഹ്യ വിരുദ്ധരായ ചിലര്‍ പൊതുസമൂഹത്തില്‍ ഇത്തരം പ്രവണതകള്‍ വളര്‍ത്തുന്നതും ചിലപ്പോഴെങ്കിലും സമൂഹമനസ്സാക്ഷിയെ ആകെ ഞെട്ടിക്കുന്ന തരത്തില്‍ കുഞ്ഞുങ്ങളെ ബലിനല്‍കുക , മനുഷ്യര്‍ക്കു നേരെ കൊടിയ പീഢനങ്ങള്‍ അരങ്ങേറുക തുടങ്ങിയ ഹീനമായ കുറ്റകൃത്യങ്ങളിലെക്ക് ഈ പ്രവണത വളരുന്നതും വളരെ ഗൗരവത്തോടെ കാണേണ്ടതാണ്.
അന്ധവിശ്വാസത്തിന്റെ പേരില്‍ ഒരു സ്ത്രീയെ ബലി കൊടുത്ത സംഭവം അടുത്ത ദിവസങ്ങളിലാണുണ്ടായത്. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ചില ജീവജാലങ്ങളേയും വളരെ പ്രാകൃതവും ക്രൂരവുമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു. വിവിധ പേരുകളില്‍ പൊതു സമൂഹത്തിന്റെ വിശ്വാസ്യത ആര്‍ജിക്കുവാനും ആധുനിക വൈദ്യശാസ്ത്രത്തിന്റെ യും ശാസ്ത്ര സത്യങ്ങളുടേയും കണ്ടെത്തലുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും സൈ്വര ജീവിതത്തിനും ഭീഷണിയാണ് ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അര്‍ഹിക്കുന്ന ഗൗരവത്തൊടെ കാണേണ്ടതും അവയെ ഇനിയൊ രിക്കലും ആവര്‍ത്തിക്കാത്ത തരത്തില്‍ തക്കതായ ശിക്ഷ നല്‍കി അവസാനിപ്പി ക്കെണ്ടതുമാണ്. അതിനാല്‍ ഈ വിഷയത്തില്‍ സംസ്ഥാന നിയമസഭ അന്ധവിശ്വാ സങ്ങള്‍ അനാചാരങ്ങള്‍ ദുര്‍മന്ത്രവാദം വ്യാജചികിത്സ ഇവയെല്ലാം തടയുവാനായി നിയമ നിര്‍മാണം നടത്തേണ്ടതാണ്
ഈ നിയമത്തില്‍,
1.മന്ത്രവാദം എന്ന പേരില്‍ പ്രേത ബാധ ആരോപിച്ച് മനുഷ്യരെ ശാരീരികമായും മാനസികമായും പീഢിപ്പിക്കുക , പരിക്കേല്‍പ്പിക്കുക
2 .ചികിത്സ എന്ന പേരില്‍ ശാരീരികമായി പരിക്കേല്‍പ്പിക്കുക .ജീവന് തന്നെ ഹാനി വരാവുന്ന വസ്തുക്കള്‍ ഭക്ഷിക്കുവാനായി നല്‍കുക , നിര്‍ബന്ധിത ലൈംഗിക വേഴ്ചയക്കടത്തുക
3. ദിവ്യത്വം അവകാശപ്പെട്ടു കൊണ്ട് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് വാഗ്ദാനം ചെയ്തു കണ്ടുള്ള പരസ്യങ്ങള്‍ നല്‍കി ആളുകളെ വശീകരിച്ച് പണം തട്ടിയെടുകുകയും അവരെ ഹീനമായി പീഢിപ്പിക്കുകയും ചെയ്യുക
4. അമാനുഷിക ശക്തി ലഭിക്കും എന്ന് വാഗ്ധാനം ചെയ്ത് മനുഷ്യരെ ക്രൂരമായ കുറ്റകൃതങ്ങള്‍ക്ക് പ്രേരിപ്പിക്കുക
5.നരബലിയും മൃഗബലിയും പ്രോത്സാഹിപ്പിക്കുക
6.അമാനുഷിക ശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ച് മനുഷ്യരെ സ്വന്തം അനുയായികളാക്കുക ആജ്ഞകള്‍ അനുസരിപ്പിക്കുക
7.രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നതില്‍ നിന്നും പ്രതിരോധ കുത്തിവെപ്പുകളെടു ക്കുന്നതില്‍ നിന്നും തടയുക
8.മാനസികരോഗികളെ സമൂഹമദ്ധ്യത്തില്‍ ദിവ്യന്‍മാരായി അവതരിപ്പിച്ച് ലാഭമുണ്ടാക്കുക
9.രോഗികളായവരെ പ്രദര്‍ശന വസ്തുവാക്കി തങ്ങളുടെ വേദികളില്‍ അവതരിപ്പിക്കുക
10 .സ്ത്രീകളെയും പെണ്‍കുട്ടികളേയും അന്ധ വിശ്വാസങ്ങളുടെ പേരില്‍ ശാരീരികമായും മാനസികമായും പീഢിപ്പിക്കുക , സാമൂഹ്യ നിയന്ത്രങ്ങങ്ങള്‍ എന്ന പേരില്‍ അവരെ ഒറ്റപ്പെടുത്തുക
എന്നിവയെ കുറ്റകൃത്യങ്ങളായി പ്രഖ്യാപിക്കേണ്ടതും പൊതുസമൂഹത്തില്‍ നിന്ന് ഇല്ലായ്മ ചെയ്യേണ്ടതുമാണ് . ഇത് പൗരന്‍മാരുടെ സ്വശ്ചമായ ജീവിതത്തിന് അത്യന്താപേഷിതമായി വന്നിരിക്കുന്ന സാഹചര്യത്തില്‍ കേരള നിയമസഭ മേല്‍പ്പറഞ്ഞ കാര്യങ്ങളും അതിനോടനു ബന്ധമായി വരാവുന്ന വിഷയങ്ങളും ഉള്‍പ്പെടുത്തി നിയമലംഘകര്‍ക്ക് തക്കതായ ശിക്ഷയോടു കൂടി സമഗ്രമായ ഒരു നിയമ നിര്‍മ്മാണം നടത്തണമെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ. കെ പ്രകാശ് ബാബു, സത്യന്‍ മൊകേരി എന്നിവര്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.