March 28, 2023 Tuesday

കിസാന്‍സഭ സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

Janayugom Webdesk
പന്തളം പി ആർ നഗർ (അടൂർ പ്രൈവറ്റ് ബസ്സ് സ്റ്റാന്റ്)
February 23, 2020 11:02 pm

അഖിലേന്ത്യാ കിസാന്‍സഭ 20-ാമത് സംസ്ഥാന സമ്മേളനത്തിന് അടൂരില്‍ ഉജ്ജ്വല തുടക്കം. പതിനായിരങ്ങളാണ് സമ്മേളനത്തിന്റെ തുടക്കത്തില്‍ ചേര്‍ന്ന കര്‍ഷക മഹാസംഗമത്തില്‍ പങ്കെടുക്കാനെത്തിയത്. ചെങ്കൊടിയേന്തി ചെറുപ്രകടനങ്ങളായി എത്തിയവര്‍ അടൂര്‍ നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ ചെങ്കടലാക്കി. പൊതു പ്രകടനം ഒഴിവാക്കിയിരുന്നെങ്കിലും അഭൂതപൂര്‍വ്വമായ പങ്കാളിത്തത്തിനായിരുന്നു അടൂര്‍ നഗരം സാക്ഷ്യം വഹിച്ചത്. വിവിധ നേതാക്കളുടെ സ്മൃതി കൂടീരങ്ങളിൽ നിന്നും പുറപ്പെട്ട പതാക — കൊടിമര — ബാനർ — ദീപശിഖ ജാഥകൾ ഗാന്ധി സ്മൃതി മൈതാനത്തിന് സമീപം സംഗമിച്ച് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കര്‍ഷക മഹാസംഗമം നടക്കുന്ന പന്തളം പി ആർ നഗറില്‍ (അടൂർ പ്രൈവറ്റ് ബസ്സ് സ്റ്റാന്റ്) എത്തി. വിവിധ ബഹുജന സംഘടനകള്‍ പ്രകടനത്തെ അഭിവാദ്യം ചെയ്തു.

ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നുമുള്ള പതാക കിസാൻസഭ സംസ്ഥാന സെക്രട്ടറി വി ചാമുണ്ണിയും ഇടുക്കിയിലെ അമരാവതിയിൽ നിന്നുമുള്ള ബാനര്‍ സംസ്ഥാന പ്രസിഡന്റ് വേണുഗോപാലൻ നായരും പന്തളം മുളമ്പുഴയിലുള്ള എം എന്റെ ജന്മഗൃഹത്തിൽ നിന്നും കൊണ്ടുവന്ന കൊടിമരം സംസ്ഥാന വൈസ് പ്രസിഡന്റ് പി എ നായരും പന്തളം തെക്കേക്കരയിലെ പന്തളം പി ആർ ന്റെ സ്മൃതികുടീരത്തിൽ നിന്നും കൊണ്ടുവന്ന കൊടിമരം ചിറ്റയം ഗോപകുമാർ എംഎൽഎയും കടമ്പനാട് ഇ കെ പിള്ളയുടെ സ്മൃതിമണ്ഡപത്തിൽ നിന്നും കൊണ്ടുവന്ന ദീപശിഖ സ്വാഗത സംഘം ജനറൽ കൺവീനർ എ പി ജയനും ഏറ്റുവാങ്ങി. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് വൈ തോമസ് പതാക ഉയർത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. തുടര്‍ന്ന് നടന്ന കർഷക മഹാസംഗമം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയാകുന്ന തരത്തിൽ കേരളത്തിൽ ഭൂപരിഷ്ക്കരണം നടപ്പിലാക്കിയതിൽ മുന്‍ മുഖ്യമന്ത്രി സി അച്യുതമോനോന്റെ പങ്ക് വിസ്മരിക്കാൻ ആർക്കും കഴിയില്ലെന്ന് ഉദ്ഘാടനപ്രസംഗത്തിൽ കാനം പറഞ്ഞു.

കിസാൻസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ വേണുഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ ചിറ്റയം ഗോപകുമാർ എം എൽ എ സ്വാഗതം പറഞ്ഞു. കിസാൻ സഭാ ദേശീയ ജനറൽ സെക്രട്ടറി അതുൽ കുമാർ അഞ്ജാൻ, ദേശീയ സെക്രട്ടറി സത്യൻ മൊകേരി, മന്ത്രി വി എസ് സുനിൽ കുമാർ, സംസ്ഥാന സെക്രട്ടറി വി ചാമുണ്ണി, സ്വാഗത സംഘം ജനറൽ കൺവീനർ എ പി ജയൻ തുടങ്ങിയവർ പ്രസംഗിച്ചു. നാളെ രാവിലെ പത്തിന് പ്രതിനിധി സമ്മേളനം നടക്കുന്ന ഇ കെ പിള്ള നഗറിൽ (അടൂർ മർത്തോമ്മ യൂത്ത് സെന്റർ) സംസ്ഥാന പ്രസിഡന്റ് പതാക ഉയർത്തും. പ്രതിനിധി സമ്മേളനം എഐകെഎസ് ദേശീയ സെക്രട്ടറി അതുൽകുമാർ അഞ്ജാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി തിലോത്തമൻ, ബികെഎംയു സംസ്ഥാന സെക്രട്ടറി പി കെ കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിക്കും.

കിസാൻ സഭ സംസ്ഥാന സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും സംസ്ഥാന പ്രസിഡന്റ് ഭാവി പരിപാടിയും അവതരിപ്പിക്കും. വൈകിട്ട് 4: 30 ന് ഭൂപരിഷ്കരണ നിയമവും കേരള വികസനവും സെമിനാർ മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. സത്യൻ മൊകേരി മോഡറേറ്ററാകും. സിപിഐ സംസ്ഥാന അസി. സെക്രട്ടറി അഡ്വ: കെ പ്രകാശ് ബാബു വിഷയം അവതരിപ്പിക്കും. മന്ത്രി കെ കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തും. പ്ലാനിംഗ് ബോർഡംഗം കെ എൻ ഹരിലാൽ, കർഷക ബോർഡ് സംസ്ഥാന പ്രസിഡന്റ് ശ്രീലാൽ കൽപ്പകവടി തുടങ്ങിയവർ പങ്കെടുക്കും. 25ന് രാവിലെ പത്തിന് പൊതു ചർച്ച ആരംഭിക്കും. തുടർന്ന് ചർച്ചക്കുള്ള മറുപടി, പുതിയ സംസ്ഥാന കൗൺസിലിലേക്കുള്ള തെരെഞ്ഞെടുപ്പ് എന്നിവയോടെ സമ്മേളനം സമാപിക്കും.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.