June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

ഇന്ത്യ‑യുഎസ് കരാർ കർഷകജനതക്ക് എതിര്: അതുൽകുമാർ അഞ്ജാൻ

By Janayugom Webdesk
February 25, 2020

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനവേളയിൽ നരേന്ദ്രമോഡി ഒപ്പിടാൻ പോകുന്ന മിക്ക കരാറുകളും ഇന്ത്യൻ കർഷകനും ഗ്രാമീണ ജനതയ്ക്കും എതിരായുളളതാണെന്ന് അഖിലേന്ത്യാ കിസാൻസഭ ദേശീയ ജനറൽ സെക്രട്ടറി അതുൽകുമാർ അഞ്ജാൻ പറഞ്ഞു. അഖിലേന്ത്യാ കിസാൻസഭ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ക്ഷീര മേഖലയെ തകർത്തുകൊണ്ട് അമേരിക്കൻ പാലുല്പന്നങ്ങളുടെ സ്വതന്ത്രവിപണിയാണ് അവർ ലക്ഷ്യമിടുന്നത്. ട്രംപിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് കോടികൾ ചെലവഴിക്കുന്ന കേന്ദ്രസർക്കാർ കർഷകരെ പൂർണ്ണമായും അവഗണിക്കുകയാണ്.

ഇന്ത്യൻ നിയമ വ്യവസ്ഥ നിലവിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്നു എന്നതാണ് ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പ്രധാനമന്തി നരേന്ദ്രമോഡിയെ ജസ്റ്റിസ് അരുൺ മിശ്ര മികച്ച പ്രധാനമന്ത്രിയെന്ന് പുകഴ്ത്തുന്നത് നിയമസംവിധാനത്തിന്റെ ദുരവസ്ഥയാണ് കാണിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 70 ശതമാനത്തിലധികം വരുന്ന ഗ്രാമീണ ജനതയുടെ ഉന്നതിക്കായി പ്രവർത്തിക്കാതെ പാർലമെന്റിൽ എത്താമെന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ചിന്താഗതി ഏറെക്കാലം നിലനിൽക്കില്ല. ബിഹാറിൽ നിന്നും അതിന്റെ ശുഭസൂചനകൾ കണ്ടുതുടങ്ങിയിട്ടുണ്ട്. ഡൽഹിയിൽ നടന്ന തെരഞ്ഞെടുപ്പും ഇത്തരത്തിലുളളതായിരുന്നു.

കർഷക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കൃഷി ശാസ്ത്രജ്ഞൻമാരും സാമ്പത്തിക വിദഗ്ധരും ഈ സംഘടനയുടെ അഭിപ്രായങ്ങൾക്ക് കാതോർക്കുന്നു എന്നതാണ് അഖിലേന്ത്യകിസാൻ സഭയുടെ കാലിക പ്രസക്തിയെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. ജെ വേണുഗോപാലൻ നായർ, അഡ്വ. പി കെ ചിത്രഭാനു, എ പി ജയൻ, എൻ രവീന്ദ്രൻ, പി എ നായർ, അനിതാ രാധാകൃഷ്ണൻ എന്നിവര്‍ അംഗങ്ങളായ പ്ര‌സീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ വേണുഗോപാലൻനായർ പതാക ഉയർത്തി. എൻ രവീന്ദ്രൻ രക്തസാക്ഷി പ്രമേയവും മാത്യു വർഗ്ഗീസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

കിസാൻ സഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി ദിവാകരൻ, ബി കെഎംയു സംസ്ഥാന സെക്രട്ടറി പി കെ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. എ പി ജയൻ സ്വാഗതം പറഞ്ഞു. പ്രഫ. ശങ്കരനാരായണൻ രചിച്ച് യുവകലാസാഹിതി അടൂർ ഗായകസംഘം ആലപിച്ച സ്വാഗത ഗാനത്തോടെയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. സംസ്ഥാന സെക്രട്ടറി വി ചാമുണ്ണി പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. പൊതുചർച്ച, പ്രമേയങ്ങൾ, പുതിയ സംസ്ഥാന കൗൺസിൽ തെരഞ്ഞെടുപ്പ് എന്നിവയോടുകൂടി സമ്മേളനം ഇന്ന് അവസാനിക്കും.

Eng­lish Sum­ma­ry: The Kisan Sab­ha State Con­fer­ence will con­clude today

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.