സഭയോട് ചേര്‍ന്നു നിന്ന് ക്നാനായ സമുദായ പൈതൃകം സംരക്ഷിക്കും: മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: സഭയോട് ചേര്‍ന്നു നിന്ന് ക്നാനായ സമുദായ പൈതൃകം അഭംഗുരം സംരക്ഷിക്കുമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയിലെ അല്മായ സംഘടനകളായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് (കെസിസി), ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന് (കെസിഡബ്ല്യുഎ), ക്നാനായ കാത്തലിക് യൂത്ത് ലീഗ് (കെസിവൈഎല്‍) എന്നിവയുടെ നേതൃസംഗമവും ഏകദിന പഠന ശിബിരവും തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1911 ല്‍ വിശുദ്ധ പത്താം പിയൂസ് മാര്‍പ്പാപ്പ തെക്കും ഭാഗ സമുദായ അംഗങ്ങള്‍ക്ക് മാത്രമായി രൂപം നല്കിയ കോട്ടയം അതിരൂപതയുടെ പൈതൃകം അഭംഗുരം പരിരക്ഷിക്കുകയും വളര്‍ത്തുകയും ചെയ്യുമെന്നും ലോകത്തെവിടെയായാലും സമുദായാംഗങ്ങളുടെ പാരമ്പര്യം സംരക്ഷിക്കുന്നതിനാവശ്യമായ സഭാസംവിധാനങ്ങള്‍ ക്രമീകരിക്കുന്നതില്‍ അതിരൂപത പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രാര്‍ത്ഥനയിലും ദൈവാശ്രയ ബോധത്തിലും അടിയുറച്ചുനിന്ന പൂര്‍വ്വികരുടെ മഹത്തായ പാരമ്പര്യം തുടര്‍ന്നുകൊണ്ടു തന്നെ സമുദായത്തിന്റെയും സഭയുടെയും വളര്‍ച്ചയ്ക്കായി അതിരൂപതാദ്ധ്യക്ഷന്റെ നേതൃത്വത്തില്‍ എല്ലാവരും കൂട്ടായി യത്നിക്കണമെന്ന് ആമുഖ സന്ദേശം നല്കിയ അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പറഞ്ഞു. അതിരൂപതാ അല്മായ സംഘടനകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് സംഘടിപ്പിച്ച നേതൃസംഗമത്തില്‍ അതിരൂപതയിലെ സംഘടനകള്ക്കുണ്ടായിരിക്കേണ്ട ദര്‍ശനങ്ങളും ആഭിമുഖ്യങ്ങളും ചര്‍ച്ച ചെയ്തു. ”അല്മായ സംഘടനകള്‍ സഭയില്സമുദായത്തില്സമൂഹത്തില്” എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയില്‍ മലങ്കര റീജിയണ്‍ വികാരി ജനറാള്‍ ഫാ. തോമസ് കൈതാരം മോഡറേറ്ററായിരുന്നു. ഫാ. തോമസ് പുതിയകുന്നേല്‍, ഫാ. ബിജോ കൊച്ചാദംപള്ളില്‍, അഡ്വ. അജി കോയിക്കല്‍, തോമസ് ചാഴികാടന് എന്നിവര്‍ വിഷയാവതരണം നടത്തി. ഡോ. ജോസ് ജെയിംസ്, ഫാ. ജിജോ നെല്ലിക്കാകണ്ടത്തില്‍ എന്നിവര്‍ തുടര്‍ ചര്‍ച്ചകളില്‍ മോഡറേറ്റര്‍മാരായിരുന്നു.