ഓര്‍ഡര്‍ ചെയ്തത് മയില്‍, പക്ഷെ കിട്ടിയത് കണ്ട് എല്ലാവരും ഞെട്ടി!

Web Desk
Posted on October 16, 2019, 11:12 am

ഓണ്‍ലൈന്‍ ഷോപ്പിംങ്ങിലൂടെ കബളിപ്പിക്കപ്പെടുന്നവര്‍ ഏറെയാണ്. നമ്മള്‍ ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ ആയിരിക്കില്ല കയ്യില്‍ കിട്ടുന്നത്. മയിലിന്റെ ആകൃതിയിലുള്ള മനോഹരമായ കേക്ക് ഓണ്‍ലൈനില്‍ കണ്ട് ഓര്‍ഡര്‍ ചെയ്തത് ആണ് ജോര്‍ജിയ സ്വദേശിനി റീന. പക്ഷെ കിട്ടിയ കേക്ക് കണ്ട് റീന ഞെട്ടി. സുഹൃത്തിന്റെ വിവാഹാഘോഷത്തിന് വേണ്ടിയാണ് മയില്‍ കേക്ക് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത്. 300 ഡോളര്‍ ആയിരുന്നു വില. ഏകദേശം 21,500 ഇന്ത്യന്‍ രൂപ.

ഓര്‍ഡര്‍ പ്രകാരം കൃത്യസമയത്ത് തന്നെ കേക്ക് കൈയില്‍ കിട്ടുകയും ചെയ്തു. മയിലിനു പകരം കിട്ടിയതാകട്ടെ വിചിത്ര ആകൃതിയിലുള്ള ഒരു പക്ഷി രൂപം. അത് കണ്ടാല്‍ ആര്‍ക്കായാലും ചിരി വരും. അതിന്റെ തലയാകട്ടെ ഒടിഞ്ഞ നിലയിലും. സംഭവം പരാതിപ്പെട്ടപ്പോള്‍ പണം തിരികെ നല്‍കാനാവില്ല എന്നാണ് കേക്കിന്റെ നിര്‍മ്മാതാക്കള്‍ മറുപടി നല്‍കിയത്.

റീനയുടെ ബന്ധു അന്നെറ്റ് ഡേവിഡ് ഹില്ലാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. നിരവധി പേര്‍ അന്നെറ്റിന്റെ പോസ്റ്റ് ഏറ്റെടുത്തു. 5000 ലേറെ പേര്‍ ഷെയര്‍ ചെയ്തു. 8000 ത്തിലധികം കമന്റുകളും ലഭിച്ചു. ആളുകള്‍ നിരവധി രസകരമായ കമന്റുകളാണ് രേഖപ്പെടുത്തിയത്. ഇത് പുതിയ ഒരിനം പക്ഷിയാകാം, അതല്ല, ഫ്രീസറില്‍ ഇരുന്ന് മയില്‍ ചത്തു പോയതാകാം എന്നിങ്ങനെ പോകുന്നു കമന്റുകള്‍.