June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

ചരിത്രത്തെ തിരുത്തിയ ഭൂപരിഷ്കരണ നിയമവും അതിന്റെ വിപ്ലവകരമായ നിർവ്വഹണവും

By Janayugom Webdesk
January 1, 2020

ഇ ചന്ദ്രശേഖരൻ, റവന്യൂ വകുപ്പ് മന്ത്രി

ഇന്ത്യയിൽ പല സംസ്ഥാനങ്ങളും ഭൂപരിഷ്കരണ നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും അർത്ഥപൂർണ്ണമായി അവ നടപ്പാക്കാൻ കഴിഞ്ഞത് കേരളത്തിൽ മാത്രമാണ്. ഒരു ജുഡീഷ്യൽ നടപടിക്രമത്തിലൂടെ ഈ നിയമം നടപ്പാക്കുന്നത് എളുപ്പമല്ലെന്ന് അച്യുതമേനോൻ തിരിച്ചറിഞ്ഞു. എ­ന്നാ­ൽ, ഭരണ നടപടികളിലൂടെ മാത്രം ഇത് നടപ്പാക്കാൻ ശ്രമിച്ചാൽ, അത് പരിഹരിക്കുന്നതിനേക്കാൾ കൂടുതൽ പ്രശ്നങ്ങൾ പുതുതായി സൃഷ്ടിക്കും എന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഖ്വാസി-ജുഡീഷ്യൽ സ്വഭാവമുള്ള സ്പെഷ്യൽ ലാന്റ് ട്രിബ്യൂണലുകൾ സ്ഥാപിച്ച് ബിഡിഒമാർ ഉൾപ്പെടെയുള്ളവരെ ട്രിബ്യൂണലുകളായി നിയമിച്ചത്. മിച്ചഭൂമി ഏറ്റെടുക്കുന്നതിലും കുടികിടപ്പുകാർക്ക് ഭൂമി വിതരണം ചെയ്യുന്നതിലും വ്യക്തമായ ആസൂത്രണത്തോടെയും അവധാനതയോടെയും സർക്കാർ പ്രവർത്തിച്ചു. ലാന്റ് ബോർഡ് നൽകിയ കണക്കുകൾ അനുസരിച്ച് 1970 മുതൽ 1977 വരെയുള്ള കാലഘട്ടത്തിൽ ലാന്റ് ട്രിബ്യൂണലുകളിൽ വന്ന ഹർജികളിൽ 99.64 ശതമാനം എണ്ണവും തീർപ്പാക്കി. 19,67,593 ഏക്കർ ഭൂമി ഇപ്രകാരം ജനങ്ങൾക്ക് നൽകി. 12,29,746 കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ഏറ്റെടുത്ത ഭൂമിയിൽ 85.31 ശതമാനം വിതരണം ചെയ്യാനും സാധിച്ചു. കേരളത്തിലെ 27 ലക്ഷത്തോളം വരുന്ന കുടിയാൻമാർക്കും അഞ്ച് ലക്ഷത്തിലധികം വരുന്ന കുടികിടപ്പുകാർക്കും ഈ നിയമത്തിലൂടെ അവകാശം ലഭ്യമായി.

1970 മുതൽ നടപ്പാക്കിത്തുടങ്ങിയ കേരള ഭൂപരിഷ്കരണ (ഭേദഗതി) നിയമം തുടർന്നുള്ള വർഷങ്ങളിൽ നിരവധി ഭേദഗതികൾക്ക് വിധേയമായി. ഭൂപരിഷ്കരണ നടപടികൾക്ക് വേഗത കൂട്ടാനും കാര്യക്ഷമത കൈവരിക്കാനും നിയമതടസ്സങ്ങൾ നീക്കാനുമായി 1971, 1972, 1973 (2 തവണ), 1974, 1976, 1978 വർഷങ്ങളിൽ ഈ നിയമത്തിൽ മാറ്റങ്ങൾ വരുത്തി. 1972 ലെ ഭേദഗതി ഇതിൽ ശ്രദ്ധേയമാണ്. ആക്റ്റിലെ സീലിംഗ് വ്യവസ്ഥകൾ നടപ്പാക്കാൻ ജനപങ്കാളിത്തം ആവശ്യമാണെന്ന് സർക്കാർ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ഇതിനായി വില്ലേജ് കമ്മറ്റികൾ രൂപീകരിക്കാനും, സീലിംഗ് വ്യവസ്ഥകളിൽ ലാന്റ് ബോർഡിൽ നിക്ഷിപ്തമായ കർത്തവ്യങ്ങൾ വികേന്ദ്രീകരിച്ച് താലൂക്ക് ലാന്റ് ബോർഡിലേക്ക് നൽകാനും ഈ ഭേദഗതിയിലൂടെ വ്യവസ്ഥ ചെയ്തു. ഇക്കാര്യങ്ങൾ ഭംഗിയായി നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ലാന്റ് റിഫോംസ് റിവ്യൂ ബോർഡും രൂപീകരിച്ചു. 1973 ലെ ഭേദഗതി (1973 ലെ 11-ാം നിയമം) സീലിംഗ് വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനുള്ള നിയമത്തിലെ സമയപരിധി നീട്ടുന്നതിനായി 22.03.1973 ൽ നിയമം ഭേദഗതി ചെയ്തു. 1973 ലെ ഭേദഗതി (1973 ലെ 12-ാം നിയമം) 1972 ലെ ഭേദഗതി പ്രകാരം ലാന്റ് ബോർഡിൽ തീർപ്പാക്കാതെ കിടക്കുന്ന കേസ്സുകൾ എല്ലാം താലൂക്ക് ലാന്റ് ബോർഡിലേക്ക് കൈമാറേണ്ടതാണ്.

എന്നാൽ, പല കേസ്സുകളിലും നടപടി തുടങ്ങുകയും നല്ല പുരോഗതി കൈവരിക്കുകയും ചെയ്തിരുന്നതിനാൽ അവ കൈമാറ്റം ചെയ്താൽ അതുവരെ ചെയ്ത ജോലി വൃഥാവിലാവുകയും കാലതാമസം ഉണ്ടാവുകയും അതുവഴി നിയമത്തിന്റെ ലക്ഷ്യം കൈവരിക്കാതെ പോവുകയും ചെയ്യുമെന്നതിനാൽ അത്തരം കേസ്സുകൾ ലാന്റ് ബോർഡിൽ തന്നെ തുടരുന്ന സാഹചര്യം സൃഷ്ടിക്കാനാണ് ഈ ഭേദഗതി കൊണ്ടുവന്നത്. (ഇത് ഓർഡിനൻസിലൂടെ നേരത്തെ നടപ്പാക്കിയിരുന്നു). ബിൽ പാസ്സായത് 27.03.1973.രാഷ്ട്രപതിയുടെ അനുമതി ലഭിച്ചത് 16.04.1973 ന്. 1974 ലെ ഭേദഗതി താലൂക്ക് ലാന്റ് ബോർഡ് യോഗം ചേരുന്നതിനുള്ള ക്വാറം സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമല്ലാത്തതിനാൽ പലപ്പോഴും യോഗങ്ങൾ നടക്കാതെ പോയി. ഇക്കാര്യത്തിൽ വ്യക്തത വരുത്തിക്കൊണ്ട് 1974 ഒക്ടോബർ 14 ന് നിയമം വീണ്ടും ഭേദഗതി ചെയ്തു. 1976 ലെ ഭേദഗതി അനൗദ്യോഗിക അംഗങ്ങളുടെ അഭാവം മൂലം ക്വാറം തികയാതെ വരുന്നത് നിയമം നടപ്പാക്കുന്നതിന് തടസ്സം സൃഷ്ടിച്ചു. ഇതൊഴിവാക്കുന്നതിനായി ക്വാറം തികയാൻ മൂന്നു പേർ വേണമെന്ന നിബന്ധന ഒഴിവാക്കുകയും ചെയർമാന് മാത്രമായോ, ചെയർമാനും മറ്റൊരംഗത്തിനും ചേർന്നോ ലാന്റ് ബോർഡിന്റെ കർത്തവ്യങ്ങൾ നിർവ്വഹിക്കാം എന്ന് ഈ ഭേദഗതിയിലൂടെ വ്യവസ്ഥ ചെയ്തു.

കൂടാതെ, അനൗദ്യോഗിക അംഗങ്ങൾക്ക് യാത്രാബത്തയും സിറ്റിംഗ് ഫീസും അനുവദിച്ചു. മൂലനിയമത്തിലെ വകുപ്പ് 123 എ യ്ക്ക് പകരമായി മറ്റൊരു വകുപ്പ് ചേർത്ത് താലൂക്ക് ലാന്റ് ബോർഡിലെ ഓരോ അംഗത്തിനും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ അംഗീകാരം നൽകിക്കൊണ്ട് 118 എ വകുപ്പ് പ്രകാരമുളള കുറ്റകൃത്യങ്ങൾ വിസ്തരിക്കാനുള്ള വ്യവസ്ഥ ഈ ഭേദഗതിയിലൂടെ നടപ്പിലാക്കി. 1976 മാർച്ച് 1 നാണ് ഈ നിയമം പാസ്സായത്. ഹൈക്കോടതി വിധിയിലൂടെ ഒരിക്കൽ മിച്ചഭൂമി അല്ലെന്ന് കണ്ടെത്തിയത് പിന്നീട് മിച്ചഭൂമിയാണെന്ന് തെളിഞ്ഞാൽ ആദ്യത്തെ വിധി റദ്ദാക്കി പുതിയ വിധി പ്രസ്താവിച്ച് മിച്ചഭൂമി ഏറ്റെടുക്കാനുള്ള താലൂക്ക് ലാന്റ് ബോർഡിന്റെ അധികാരം തിരികെ നൽകുന്നതിനും അതിന് 01.01.1970 മുതൽ മുൻകാല പ്രാബല്യം നൽകുന്നതിനും 1978 ലെ ഭേദഗതിയിലൂടെ സാദ്ധ്യമായി. കൂടാതെ, ലാന്റ് ബോർഡ് വിധിക്കെതിരെ ഹൈക്കോടതിയിൽ റിവിഷൻ പെറ്റീഷൻ നൽകുന്നതിന് സർക്കാരിന് അധികാരം നൽകാനും ഇതിലൂടെ വ്യവസ്ഥ ചെയ്തു. ഭൂപരിഷ്കരണ (ഭേദഗതി 1969) നിയമം 9-ാം ഷെഡ്യൂളിൽ 1957 ഡിസംബറിൽ ആദ്യമായി കേരള നിയമസഭയിൽ കാർഷികബന്ധ ബിൽ കൊണ്ടുവന്നതു മുതൽ ജന്മി — ബൂർഷ്വാ താല്‍പര്യങ്ങൾ ഭൂപരിഷ്കരണ ശ്രമങ്ങളെ അട്ടിമറിക്കാൻ ആസൂത്രിതമായി ശ്രമിച്ചിരുന്നു. വിമോചന സമരം പോലെയുള്ള രാഷ്ട്രീയമായ കുതന്ത്രങ്ങൾക്ക് പുറമെ വ്യവഹാരക്കുരുക്കുകളിൽപ്പെടുത്തി ഈ നിയമങ്ങളെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളും സജീവമായിരുന്നു.

1972 ഏപ്രിൽ 26 നും 28 നും സുപ്രീംകോടതി പ്രസ്താവിച്ച രണ്ട് വിധികളിൽ പൊതുവായി ഭൂപരിഷ്കരണ നിയമങ്ങളെ അംഗീകരിച്ചെങ്കിലും ഈ നിയമത്തിലെ ചില നിർണ്ണായക വ്യവസ്ഥകളെ കേരള ഹൈക്കോടതി റദ്ദ് ചെയ്തത് അംഗീകരിക്കുകയുണ്ടായി. ഇതോടെ ഭൂപരിഷ്കരണ നടപടികളുടെയും അതുവഴി പതിനായിരക്കണക്കിന് കർഷക-കർഷകത്തൊഴിലാളി കുടുംബങ്ങളുടെയും ഭാവി അനിശ്ചിതത്വത്തിലാകുമെന്ന ആശങ്ക ഉയർന്നു. സുപ്രീംകോടതിയുടെ ചില നിർദ്ദേശങ്ങൾ കുടികിടപ്പുകാർക്ക് ലഭിച്ച ആനുകൂല്യങ്ങൾക്കെതിരെ ധാരാളം കേസ്സുകൾ ഉയർന്നുവരാനുള്ള സാധ്യതയും വർദ്ധിപ്പിച്ചു. കുടികിടപ്പുകാരാവട്ടെ അത്തരം നീണ്ട വ്യവഹാരങ്ങൾ പണം ചെലവാക്കി നടത്താൻ കെൽപ്പില്ലാത്തവരായിരുന്നു. അച്യുതമേനോൻ സർക്കാരിന് മുന്നിൽ അവർക്കായി അപ്പോൾ ചെയ്യാൻ ബാക്കിയുണ്ടായിരുന്ന ഏക നടപടി ഭരണഘടനയുടെ 9-ാം ഷെഡ്യൂളിൽ ഈ നിയമ വ്യവസ്ഥകളെ ഉൾപ്പെടുത്തി അവയ്ക്ക് പ്രത്യേക പരിരക്ഷ നേടുക എന്നതായിരുന്നു. പരമോന്നത കോടതി ഉൾപ്പെടെയുള്ള കോടതികളുടെ വിധിയുടെ മറവിൽ തൊഴിലാളികളുടെയും സാധാരണക്കാരുടെയും പ്രശ്നത്തിൽ നിന്നും ഒളിച്ചോടാതെ അപ്രാപ്യമെന്ന് പലരും കരുതിയ ഭരണഘടനാപരമായ ആ മാർഗ്ഗം തേടാൻ അച്യുതമേനോൻ സർക്കാർ ധീരമായി തീരുമാനിച്ചു. അങ്ങനെയാണ് 1972 ജൂണിൽ 29-ാം ഭരണഘടനാ ഭേദഗതിയിലൂടെ കേരള ലാന്റ് റിഫോംസ് (ഭേദഗതി) ആക്റ്റ് 1969 ഉം കേരള ലാന്റ് റിഫോംസ് (ഭേദഗതി) ആക്റ്റ് 1971 ഉം ഇന്ത്യൻ ഭരണഘടനയുടെ 9-ാം ഷെഡ്യൂളിന്റെ ഭാഗമായത്.

അന്ന് അത് ചെയ്തിരുന്നില്ലെങ്കിൽ വർത്തമാനകാല നീതിന്യായ സംവിധാനത്തിന്റെ വർഗ്ഗചായ‍്‍വുകളുടെ ഇരയായി ഭൂപരിഷ്കരണ നിയമങ്ങൾ അപ്രസക്തമായി മാറുമായിരുന്നു. ഐക്യകേരളം പിറവിയെടുക്കുമ്പോൾ ഏതാനും ആയിരംപേർ മാത്രം ഭൂഉടമകളായിരുന്ന കേരളത്തിൽ ചരിത്രം തിരുത്തിയ 1970 ലെ ഭൂപരിഷ്കരണ നടപടികളുടെ ഫലമായി ഇന്ന് 75 ലക്ഷത്തിലധികം കുടുംബങ്ങൾ ഭൂമിയുടെ ഉടമകളാണ്. 1957 ലെ ഇഎംഎസ് സർക്കാർ ആരംഭിച്ച സമഗ്രമായ കർഷകപക്ഷ ഭൂപരിഷ്കരണ ശ്രമങ്ങളുടെ അർത്ഥപൂർണ്ണമായ തുടർച്ച 1969 മുതലുള്ള സി അച്യുതമേനോൻ സർക്കാർ ഏറ്റെടുത്തതുകൊണ്ടാണ് കേരള മോഡൽ വികസനം സാധ്യമായത്. ഈ നൈരന്തര്യം പ്രത്യയശാസ്ത്രാധിഷ്ഠിതവും ഇന്ത്യൻ ദേശീയ ജനാധിപത്യ വിപ്ലവത്തിന്റെ വർഗ്ഗ സ്വഭാവം വിളിച്ചോതുന്നതുമാണ്. അതുകൊണ്ടുതന്നെ അദ്ധ്വാനിക്കുന്ന വർഗ്ഗവും അതിനെ പ്രതിനിധീകരിക്കുന്നവരും ഈ ചരിത്ര സംഭവത്തെ ആദരിക്കുകയും അനുസ്മരിക്കുകയും വേണം. ജന്മിത്തം അവസാനിപ്പിച്ചതിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷം കേരള സർക്കാരും റവന്യു വകുപ്പും 2020 ജനുവരി 1 മുതൽ സമുചിതമായി നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ജനിച്ചുവളർന്ന മണ്ണിൽ നിന്നും ജനങ്ങളെ കുടിയൊഴിപ്പിക്കാൻ ശ്രമിക്കുന്ന വിഭാഗീയതയുടെ രാഷ്ട്രീയം രാജ്യത്തെ അപകടപ്പെടുത്തുന്ന വർത്തമാനകാലത്ത് മണ്ണിൽ പണിയെടുത്ത് ജീവിക്കുന്നവനെ ഭൂമിയുടെ അവകാശിയാക്കി മാറ്റിയ നിയമനിർമ്മാണ‑നിർവ്വഹണ പ്രക്രിയയുടെ ഓർമ്മകൾ മതേതര സോഷ്യലിസ്റ്റ് ഇന്ത്യക്ക് ആവേശം പകരുന്നതാണ്.

(അവസാനിച്ചു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.