8 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 8, 2024
October 8, 2024
October 8, 2024
October 7, 2024
October 7, 2024
October 7, 2024
October 7, 2024
October 6, 2024
October 6, 2024
October 6, 2024

ലാന്റ് ട്രിബ്യൂണല്‍ കേസുകള്‍ പൂര്‍ണമായും 2026ല്‍ തീര്‍പ്പാക്കും

Janayugom Webdesk
കോഴിക്കോട്
October 1, 2024 11:13 pm

2026 ജനുവരി ഒന്നോടെ ലാന്റ് ട്രിബ്യൂണലിൽ നിലവിലുള്ള എല്ലാ കേസുകളും പരിഹരിക്കുമെന്ന് റവന്യുമന്ത്രി കെ രാജൻ. ഇതോടെ ജന്മിത്തവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന, വ്യവഹാരങ്ങള്‍ തീര്‍പ്പാക്കുന്ന സംസ്ഥാനമായി കേരളം മാറും. സംസ്ഥാന സർക്കാരിന്റെ നാലാം നൂറ് ദിന പരിപാടിയുടെ ഭാഗമായി നടന്ന പട്ടയമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്താകെ ഇത്തരത്തില്‍ ഒരു ലക്ഷത്തോളം കേസുകളുണ്ടെന്നാണ് കണക്ക്. ഇതിന് പുറമേ ജന്മിത്തം അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ട് അറിവില്ലായ്മ കാരണമോ മറ്റോ അപേക്ഷ നല്‍കാത്തവര്‍ക്ക് അതിനുള്ള അവസരം നല്‍കുന്നതിനുള്ള ക്യാമ്പയിന്‍ കൂടി നടത്താനുദ്ദേശിക്കുന്നു. ലാൻഡ് ട്രിബ്യൂണലിൽ ഉള്ളതിൽ കാരായ്മ കേസുകളും ഉൾപ്പെടും. കോഴിക്കോട് ജില്ലയിൽ 560 കാരായ്മ കേസുകളുണ്ട്. ഇവയെല്ലാം 2026 ജനുവരി ഒന്നോടെ തീർപ്പാക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. 

മലബാറിലെ ഭൂമിയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നമാണ് നികുതി കെട്ടാത്ത ഭൂമി. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലും തൃശൂരിന്റെ ചില ഭാഗങ്ങളിലുമായി പതിനായിരക്കണക്കിന് ഇത്തരം കേസുകളുണ്ട്. ഇവ പരിശോധിച്ച് അർഹതയുള്ള ഭൂമി കണ്ടെത്തി അവയ്ക്കു നികുതിയടച്ച് നിയമാനുസൃതമാക്കുന്ന പ്രവൃത്തി ഈ വർഷം തന്നെ സാധ്യമാക്കുമെന്ന് റവന്യു മന്ത്രി പറഞ്ഞു. ഭൂമി തരംമാറ്റ പ്രശ്നങ്ങൾ പരിഹരിക്കാൻ 25 മുതൽ നവംബർ 15 വരെ ജില്ലകളില്‍ താലൂക്ക്തല അദാലത്ത് നടത്തി 25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റത്തിൽ പരിഹാരം കാണും. നെൽവയൽ-തണ്ണീര്‍ത്തട നിയമം ഉണ്ടായത് നെൽവയൽ തരം മാറ്റാൻ ആണെന്ന തെറ്റിദ്ധാരണ ആർക്കും വേണ്ടെന്ന് മന്ത്രി പറഞ്ഞു. 

നിയമം ദുരുപയോഗം ചെയ്ത് തരംമാറ്റിയാൽ കർശനനടപടി സ്വീകരിക്കുകയും ഭൂമി പൂർവ്വസ്ഥിതിയിലാക്കുകയും ചെയ്യും. ഇക്കാര്യത്തിൽ ജില്ലാ കളക്ടർമാർക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. കടൽ പുറമ്പോക്ക് ഭൂമിയിൽ എന്തെങ്കിലും ചെയ്യണമെങ്കിൽ കേന്ദ്രാനുമതി വേണം. ഇത്തരം ഭൂമിയിൽ ഉയർന്ന വേലിയേറ്റ പരിധിയിൽ നിന്ന് 100 മീറ്ററിനുള്ളിൽ പട്ടയം കൊടുക്കാൻ കഴിയില്ല എന്നാണ് നിയമം. എന്നാൽ 100 മീറ്റർ പരിധി കഴിഞ്ഞാൽ സാധിക്കും. ഈ വിധത്തിൽ പരിശോധിച്ചപ്പോൾ കടൽ പുറമ്പോക്കായി അടയാളപ്പെടുത്തിയ തിരുവനന്തപുരം ജില്ലയിലെ 528 പട്ടയങ്ങളും കൊല്ലം ജില്ലയിൽ 350 പട്ടയങ്ങളും ഇനം മാറ്റി റവന്യു ഭൂമിയായി കണക്കാക്കാമെന്ന് കണ്ടെത്തി. ഈ സാധ്യത കോഴിക്കോട് ജില്ലയിലുമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.