അന്താരാഷ്ട്ര നിലവാരത്തിലേക്ക് സംസ്ഥാനത്തെ മ്യൂസിയങ്ങളെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി നവീകരിച്ച കേരളത്തിലെ ഏറ്റവും വലിയ മ്യൂസിയമായ തൃപ്പൂണിത്തുറയിലെ ഹിൽ പാലസ്, ഫോർട്ട് കൊച്ചി ബാസ്റ്റ്യൻ ബംഗ്ലാവ് എന്നിവ നാളെ ഉദ്ഘാടനം ചെയ്യും. കേരളത്തെ ഇന്ത്യയുടെ മ്യൂസിയം ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മിനി മ്യൂസിയങ്ങൾ സ്ഥാപിക്കാൻ സർക്കാർ തയ്യാറാവുകയാണെന്നും ഇതിലൂടെ നാടിൻറെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന മ്യൂസിയങ്ങളിലേക്ക് യുവതലമുറയെ ആകർഷിക്കാനാണ് പദ്ധതിയെന്നും ആർക്കിയോളജി, മ്യൂസിയം വകുപ്പുകളുടെ ചുമതല വഹിക്കുന്ന അഡിഷണൽ ചീഫ് സെക്രട്ടറി ഡോ വി വേണു വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രാദേശിക ജനതക്ക് വൈകാരിക അടുപ്പമുള്ള ചില ചരിത്ര സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സംസ്ഥാനത്തെമ്പാടും മിനി മ്യൂസിയങ്ങൾ ആരംഭിക്കാൻ പോകുന്നത്. മ്യൂസിയങ്ങൾ ആധുനിക വത്കരിക്കാൻ കേരള മ്യൂസിയം എന്ന സ്ഥാപനത്തിന്റെ രൂപം നൽകിയിരുന്നു. ഇതിന്റെ മേൽനോട്ടത്തിലാണ് കൊച്ചി രാജ്യത്തിൻറെ ചരിത്ര ശേഷിപ്പുകൾ കുടികൊള്ളുന്ന തൃപ്പൂണിത്തുറ ഹിൽപാലസും കേരളത്തിന്റെ വ്യാപാര ബന്ധങ്ങളുടെ ചരിത്രം വിളിച്ചോതുന്ന ഫോർട്ട് കൊച്ചി ബാസ്റ്റ്യൻ ബംഗ്ലാവും നവീകരിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാർ അനുവദിച്ച 2.50 കോടിയും സംസ്ഥാന സർക്കാർ വിഹിതമായ 62.5 ലക്ഷം രൂപയും ഉപയോഗിച്ചാണ് ഹിൽ പാലസ് മ്യൂസിയത്തിന്റെ ആദ്യഘട്ട വികസനം പൂർത്തിയാക്കിയിട്ടുള്ളത്. സന്ദർശക സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, മറ്റു സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കൽ എന്നിവയാണ് നടന്നിട്ടുള്ളത്.
രണ്ടാം ഘട്ട നവീകരണത്തിനായി 1,12,03,641 കോടി രൂപകൂടി ലഭ്യമായിട്ടുണ്ട്. ഇത് ഉപയോഗിച്ച് നടുവിലെ മാളിക, തെക്കേ മാളിക, വടക്കേ മാളിക എന്നീ പ്രധാന കെട്ടിടങ്ങളുടെ ഗ്യാലറികളുടെ സജ്ജീകരണ പ്രവൃത്തികളുമാണ് പൂർത്തിയാകുന്നത്. ഫോർട്ട് കൊച്ചി ബാസ്റ്റ്യൻ ബംഗ്ലാവ് ജില്ലാ മ്യൂസിയമായി മാറുകയാണ്. ചരിത്ര സ്മാരകമായ കെട്ടിടം സംരക്ഷിക്കാനും ലോകോത്തര നിലവാരമുള്ള സ്ഥിരം പ്രദർശന വേദിയായി മാറ്റുന്നതിനുമായി പുരാവസ്തു വകുപ്പ് 3.58 കോടി രൂപ ചിലവഴിച്ചാണ് ഈ മ്യൂസിയം ഒരുക്കിയിട്ടുള്ളതെന്നും ഡോ വേണു പറഞ്ഞു. ബാസ്റ്റ്യൻ ബംഗ്ലാവ് പൈതൃക മ്യൂസിയം രാവിലെ 10. 30 നും നവീകരിച്ച ഹിൽ പാലസ് മ്യൂസിയം ഉച്ചക്ക് 2,30 നും നടക്കുന്ന ചടങ്ങുകളിൽ വകുപ്പ് മന്ത്രിയായ രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. ജനപ്രതിനിധികളും വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും.
ENGLISH SUMMARY: The largest museum in the modernized state will open tomorrow
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.