അവസാന ഹോം മൽസരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും. ലീഗിൽ നിന്ന് പുറത്തായ ബ്ലാസ്റ്റേഴ്സ് നേരിടുന്നത് അവസാന നാലിലേക്ക് യോഗ്യത നേടിക്കഴിഞ്ഞ കരുത്തരായ ബാംഗ്ലൂർ എഫ്സിയെയാണ്. വൈകിട്ട് 7.30നാണ് കിക്കോഫ്. ആദ്യപാദത്തിൽ ബാംഗ്ലൂരിൽ നടന്ന മൽസരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. സ്വന്തം കാണികളുടെ മുന്നിൽ ആ തോൽവിക്ക് പകരംവിട്ടുകയാണ് മഞ്ഞപ്പടയുടെ ലക്ഷ്യം. ഇന്ത്യൻ സൂപ്പർലീഗിൽ ഇതുവരെ അഞ്ച് തവണ ഇരുടീമും ഏറ്റുമുട്ടിയപ്പോൾ നാലിലും ബാംഗ്ലൂർ ജയിച്ചുകയറി. ഒരു മൽസരം സമനിലയിൽ കലാശിച്ചു. ഒരിക്കൽ പോലും ബാംഗ്ലൂർ കരുത്ത് മറികടക്കാൻ മഞ്ഞപ്പടയ്ക്കായിട്ടില്ല. സെമിയിൽ കയറിയെങ്കിലും ബ്ലാസ്റ്റേഴ്സുമായുള്ള മൽസരത്തെ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് ബാംഗ്ലൂർ ക്യാപ്റ്റൻ സുനിൽ ചേത്രി നേരത്തെ വ്യക്തമാക്കി കഴിഞ്ഞു. കരുത്തരായ കളിക്കാരെ തന്നെ കൊച്ചിയിൽ ഇറക്കുവാനാണ് ലക്ഷ്യമിടുന്നതെന്നും ക്യാപ്റ്റൻ പറഞ്ഞു. കാര്യമായൊന്നും ചെയ്യാനാകാതെയാണ് ബ്ലാസ്റ്റേഴ്സ് ആറാം സീസണിന്റെ അവസാനത്തോട് അടുക്കുന്നത്.
ആകെ കളിച്ച 16 മൽസരത്തിൽ നിന്ന് ലഭിച്ച 15 പോയിന്റാണ് കൈയ്യിലുള്ളത്. ഇതിൽ മൂന്ന് ജയവും ആറ് സമനിലയും ഏഴ് തോൽവിയുമുണ്ട്. പോയിന്റ് നിലയിൽ എട്ടാം സ്ഥാനത്താണ് മഞ്ഞപ്പട. മറുവശത്ത് മൂന്നാം സ്ഥാനത്ത് 29 പോയിന്റുള്ള ബാംഗ്ലൂർ എഫ്സി അവസാന നാലിൽ ഇടം ഉറപ്പിച്ചുകഴിഞ്ഞു. മികച്ച പ്രകടനമാണ് ഈ സീസണിലും ബാംഗ്ലൂർ ആവർത്തിച്ചത്. 16 കളിയിൽ 10 വിജയിച്ചപ്പോൾ തോൽവി മൂന്നണ്ണം മാത്രം. മൂന്ന് സമനിലയും അവരുടെ അക്കൗണ്ടിലുണ്ട്. എഫ്സി ഗോവ, കൊൽക്കത്ത ടീമുകളാണ് പ്ലേ ഓഫിലേക്ക് കയറിയവർ. ശേഷിക്കുന്ന ഒരു സ്ഥാനത്തേയ്ക്ക് മൽസരിക്കുന്നത് ചെന്നൈയും ഒഡീഷയും മുംബൈയുമാണ്. ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം മറക്കാനാഗ്രഹിക്കുന്ന ഒരു സീസണിനാണ് അവസാനമാകുന്നത്. ഒരു എവേ മൽസരംകൂടി അവശേഷിക്കുന്നുണ്ട്. അവസാന ഹോം മൽസരമാണെന്ന തിരിച്ചറിവിൽ ആരാധകർക്ക് ഒരു ആശ്വാസ ജയം സമ്മാനിക്കുവാനുള്ള തയാറെടുപ്പിലാണ് ടീം.
സസ്പെൻഷൻ കഴിഞ്ഞ് കോച്ച് എൽകോ ഷാട്ടോരിയും ഇന്ന് പരിശീലകന്റെ കുപ്പായമണിയും. തുടർ പരിക്കുകളാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനെ വലച്ചത്. പ്രതീക്ഷയോടെ ടീമിലെത്തിച്ച വിദേശകളിക്കാരെ കാര്യമായെന്നും ഉപയോഗിക്കുവാൻ ഷാട്ടോരിക്ക് കഴിഞ്ഞില്ല. പ്രീ സീസണിൽ പരിക്കേറ്റ സന്ദേശ് ജിങ്കൻ ഒരു കളി പോലും കളിക്കാതെയാണ് ആറാം സീസണിൽ നിന്ന് കളമൊഴിഞ്ഞത്. ഗോളടിച്ച് കൂട്ടുന്ന ഒഗ്ബച്ചേയിലാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ. അവസാന മൽസരത്തിലെ ഹാട്രിക് അടക്കം 11 ഗോളുകളാണ് ഒഗ്ബച്ചേ നേടിയത്. മെസി ബൗളിയും ഗോളുകൾ കണ്ടെത്തിയെങ്കിലും പ്രതിരോധ നിരയിലുള്ള വിള്ളലുകളാണ് ടീമിന്റെ പ്രകടനത്തെ ബാധിച്ചത്. ആദ്യം ഗോളടിച്ച് മുന്നിലെത്തിയ അഞ്ചിലധികം മൽസരങ്ങളാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. അവസാന മിനിട്ടിൽ പടിക്കൽ കലമുടയ്ക്കുന്ന രീതിയിൽ കളിച്ചാണ് പലകളികളും തോൽവി ഇരന്നുവാങ്ങിയത്. ജയിച്ചാൽ നേരിട്ട് എഎഫ്സി കപ്പിലേക്കുള്ള യോഗ്യത കിട്ടുമെന്നിരിക്കെ പ്രധാനതാരങ്ങളെയെല്ലാം കളത്തിലിറക്കുവാനാണ് ബാംഗ്ലൂർ ലക്ഷ്യമിടുന്നത്.
English Summary: The last home match for Kerala Blasters.
you may alo like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.