എൽഡിഎഫ് സർക്കാർ അഞ്ചാം വർഷത്തിലേക്ക്

Web Desk

തിരുവനന്തപുരം

Posted on May 23, 2020, 9:16 pm

ജനപക്ഷത്തു നിന്നുകൊണ്ട് നടത്തിയ ജനക്ഷേമ പ്രവർത്തനങ്ങളുടെ അംഗീകാരവുമായി കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ തിങ്കളാഴ്ച അഞ്ചാം വർഷത്തിലേക്ക് കടക്കുന്നു. പ്രതിസന്ധികളിൽ പതറാതെ വെല്ലുവിളികളെ സധൈര്യം നേരിട്ട് കേരളത്തിന്റെ വികസനത്തിനുവേണ്ടിയുള്ള സമഗ്ര പദ്ധതികളുമായി മുന്നോട്ടുപോയ എൽഡിഎഫ് സർക്കാർ, തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ ഒരോന്നായി നടപ്പാക്കിയെന്ന അപൂർവ്വനേട്ടവും കൈവരിച്ചു.

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ആഘോഷങ്ങളില്ലാതെയാണ് നാലാം വാർഷികം സർക്കാർ ആചരിക്കുന്നത്. കോവിഡ് 19ന്റെ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് എൽഡിഎഫ് പ്രവർത്തകർ ചൊവ്വാഴ്ച മുതൽ ഒരാഴ്ചക്കാലം ഭവന സന്ദർശനം നടത്തി സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കും. ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കുകയും ചെയ്യും. ജനങ്ങളുടെ അഭിപ്രായങ്ങൾ വിലയിരുത്തിയായിരിക്കും സർക്കാരിന്റെ ഇനി ഒരു വർഷക്കാലത്തെ യാത്ര.

ഓഖി ദുരന്തവും നിപ വൈറസും രണ്ടു പ്രളയങ്ങളും ഏറ്റവും ഒടുവിൽ ലോകത്തെ വരിഞ്ഞു മുറുക്കിയ കോവിഡ് 19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിലും ജനങ്ങൾക്ക് നൽകിയ സമാനതകളില്ലാത്ത ദുരിതങ്ങളിലും സർക്കാർ പതറിയില്ല. എല്ലാത്തിലും രാജ്യത്തിന് മാതൃകയായി. സർക്കാർ ചെയ്യുന്ന ജനകീയ ഇടപെടലുകളെ നഖശിഖാന്തം എതിർക്കുകയെന്ന നയം മാത്രമാണ് കേരളത്തിലെ പ്രതിപക്ഷവും, ബിജെപിയും അനുവർത്തിച്ചുപേരുന്നത്. എന്തിനും ഏതിനും വിമർശിക്കാൻ കച്ചകെട്ടിയിറങ്ങിയ ഇവരുടെ എല്ലാ ദുഷ്ടലാക്കോടുള്ള നീക്കങ്ങളെയും നിശ്ചയ ദാർഢ്യത്തോടെ നേരിട്ട് ജനങ്ങളെ ഒപ്പം നിർത്തി മുന്നോട്ടുപോകാനും സർക്കാരിന് കഴിഞ്ഞു.

കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളോട് പുറംതിരിഞ്ഞ് നിൽക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാരിൽ നിന്നും ആദ്യഘട്ടം മുതൽ ഉണ്ടായത്. സാമ്പത്തികമായി ദുർബലമായ കേരളത്തെ സഹായിക്കേണ്ട കേന്ദ്രസർക്കാർ പലഘട്ടങ്ങളിലും മറിച്ചുള്ള തീരുമാനമാണ് കൈക്കൊണ്ടത്. എന്നാൽ ഇതിനെയും അതിജീവിച്ച്, ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള വികസന പ്രവർത്തനങ്ങൾക്ക് അവധി നൽകാൻ സർക്കാർ ഒരുക്കമായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് എൽഡിഎഫ് സർക്കാർ ജനങ്ങൾക്ക് പ്രിയപ്പെട്ടതായത്. എല്ലാ വകുപ്പുകളിലും അടുത്ത ഒരു വർഷക്കാലത്തേക്കുള്ള കർമ്മ പദ്ധതിയ്ക്കു രൂപം നൽകി ജനങ്ങളോടൊപ്പം നിന്ന് ‘ഒന്നാണ് നാം; ഒന്നാമതാണ്’ എന്ന വാക്കുകൾ അന്വർത്ഥമാക്കും.

Eng­lish Sum­ma­ry;The LDF gov­ern­ment is in its fifth year.

You may also like this Video: