പി എൽ നിസാമുദ്ധീൻ

ചെറുതോണി:

November 19, 2020, 5:46 pm

യുഡിഎഫിന്റെ കുത്തക തകർത്ത മരിയാപുരത്തെ മണ്ണിൽ വിജയം ആവർത്തിക്കാൻ എൽഡിഎഫ്

Janayugom Online

പി എൽ നിസാമുദ്ധീൻ

വിദ്യാഭ്യാസ, കാർഷിക, ആരോഗ്യരംഗത്ത് വൻ കുതിച്ച് ചാട്ടം ഭരണത്തുടർച്ചക്കായി മരിയാപുരം ഗ്രാമ പഞ്ചായത്ത്. നാല്പത് വർഷമായി യുഡിഎഫ് ഭരിച്ച് വന്നിരുന്ന മരിയാപുരം ഗ്രാമ പഞ്ചായത്ത് കഴിഞ്ഞ തവണയാണ് എൽഡിഎഫ് ഭരണം ഏറ്റെടുത്തത്.അതുവരെ വികസന മുരടിപ്പും കെടുകാര്യസ്ഥതയും കുലംകുത്തി വാണിരുന്ന പഞ്ചായത്ത് എൽഡിഎഫ് ഏറ്റെടുത്തതോടെ അടിസ്ഥാന മേഖലകളിൽ ഉൾപ്പെടെ നിരവധി ഭരണ നേട്ടങ്ങൾ കൈവരിക്കാനായി. എ ആർ ഓഫീസ്, കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, ട്രഷറി ഓഫീസ്, സോയിൽ കൺസർവേഷൻ ഓഫീസ് എന്നീ സ്ഥാപനങ്ങൾക്ക് പഞ്ചായത്തിലേക്ക് എത്തിച്ച് പ്രവർത്തനം ആരംഭിക്കാനായി. പ്രധാന ഗ്രാമീണ റോഡുകളായ തടിയമ്പാട് പാണ്ടിപ്പാറ റോഡ്, തടിയമ്പാട് കരിൻമേട് റോഡ് എന്നിവ ബിഎംഎംബിസി റോഡിന്റെ നിലവാരത്തിലേക്ക് ഉയർത്താനുമായി. കരിക്കിൻ മേട്-ഉപ്പ് തോട് റോഡ് എട്ടു കോടി രൂപ മുടക്കി പൂർത്തിയാക്കി. മുഴുവൻ ഉൾനാടൻ ഗ്രാമീണ റോഡുകളുടെയും വികസനത്തിനായി ഒരു കോടിയിലധികം രൂപ മുടക്കിയാണ് വിവിധ പദ്ധതികൾ യാഥാർത്ഥ്യമാക്കിയത്.

മരിയാപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്താനായി. ഇവിടെ തുടർച്ചയായി മൂന്ന് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാനായത് ആരോഗ്യരംഗത്ത് പ്രഥാന നേട്ടവും, ആശ്വാസവുമായി. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഇടുക്കി മണ്ഡലത്തില ആദ്യത്തെ ഹൈടെക് സ്കൂളായി ഉപ്പ് തോട് ഗവൺമെന്റ് യു പി സ്കൂളിനെ മാറ്റാൻ കഴിഞ്ഞതിനൊപ്പം മുഴുവൻ സ്കൂളുകളെയും ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തി. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഇരുപത്തിയെട്ട് ലക്ഷം രൂപ ചിലവഴിച്ച് ഉപ്പ് തോട്ടിൽ പകൽ വീട് പദ്ധതി യാഥാർത്ഥ്യമാക്കി. ന്യൂ മൗണ്ടിൽ എസ് സി സാംസ്കാരിക നിലയം സ്ഥാപിച്ചു.സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ഡബിൾ കട്ടിംഗിൽ നടപ്പിലാക്കിയ സ്ത്രീ വ്യവസായ കേന്ദ്രം ഈ രംഗത്ത് മികച്ച മാതൃകയായി.

ശുചിത്വമിഷൻ പദ്ധതി നടപ്പിലാക്കിയതിന് ജില്ലയിൽ ഒന്നാമതെത്താൻ മരിയാപുരം ഗ്രാമ പഞ്ചായത്തിന് ഇക്കാലയളവിലായി. ശുചിത്വ പദവി ഐഎസ്ഒ സർട്ടിഫിക്കറ്റ് നേടിയെടുക്കാൻ കഴിഞ്ഞു. തുടർച്ചയായി നൂറ് ശതമാനം നികുതി പിരിവ് നേടി
എടുക്കുന്നതിന് ഒപ്പം ലഭ്യമായ തുക നൂറ് ശതമാനവും പദ്ധതി നടത്തിപ്പിന് ചിലവഴിക്കാൻ കഴിഞ്ഞതിനുള്ള അവാർഡിനും പഞ്ചായത്ത് അർഹമായി. തൊഴിലുറപ്പ് പദ്ധതികൾ കൃത്യമായി നടപ്പിലാക്കിയതിനുള്ള പുരസ്കാരവും നേടിയെടുക്കാനായി.
വൈദ്യുതി എത്തിച്ചേരാത്ത ഉൾനാടൻ പ്രദേശ ആളിൽ വൈദ്യുതി എത്തിക്കാനായി.ഇതിനായി സോളാർ പവർ യൂണിറ്റുകൾ സ്ഥാപിച്ചു. പതിനാറ് ലക്ഷം മുടക്കി ആരംഭിച്ച പദ്ധതിക്ക് ഒൻപത് ലക്ഷം രൂപ സബ്സിഡി ലഭിച്ചു. ഇതോടെ വൈദ്യുതിനിരക്ക് പൂജ്യം ആയിതീർന്നു.തനത് ഫണ്ട് ഏറെ കുറവുള്ള പഞ്ചായത്ത് ആയതിനാൽ മറ്റുള്ള ഏജൻസികളെ കൂട്ട് പിടിച്ച് നിരവധി പദ്ധതികളിലൂടെ ഫണ്ട് സമാഹരിച്ചു. പതിറ്റാണ്ടുകളായി കൃഷി ഓഫീസർ ഇല്ലാതിരുന്ന സ്ഥാനത്ത് എല്ലാ ദിവസവും പ്രവർത്തിക്കുന്ന കൃഷി ഓഫീസും, കൃഷി ഓഫീസറെയും ഉറപ്പ് വരുത്തി.

പ്രളയകാലത്ത് വിവിധ കേന്ദ്രങ്ങളിലായി മൂവായിരത്തോളം പേരെ സുരക്ഷിതമായി പുനരധിവസിപ്പിക്കുകയും ഓരോരുത്തർക്കും സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്ക് തിട്ടപ്പെടുത്തി നഷ്ടപരിഹാരം എത്തിച്ച് കൊടുക്കുകയും ചെയ്തു. കൊച്ചു കരിമ്പൻ
കേന്ദ്രമാക്കി മുപ്പത്തിയാറ് ലക്ഷം രൂപയുടെ പ്രാഥമിക ആരോഗ്യ കേന്ദ്രം നടപ്പിലാക്കി. പാലിയേറ്റീവ് സംരക്ഷണ രംഗത്ത് പ്രതിപക്ഷത്തിൻ്റെ പോലും പ്രശംസ നേടിയെടുക്കാനായി. ടൂറിസം വികസനത്തിൻ്റെ ഭാഗമായി തടിയമ്പാട് മുതൽ ഇടുക്കി വരെയുള്ള പ്രദേശങ്ങളിൽ പുഴ നടത്തം എന്ന പദ്ധതി നടപ്പിലാക്കി ജൈവ വൈവിധ്യ പാർക്കിന് തുടക്കമിട്ടു.കുടിവെള്ള ശ്രോതസ് വർദ്ധിപ്പിക്കുന്നത് ലഷ്യമിട്ട് പഞ്ചായത്തിലെ എല്ലാ വാർഡുകളിലും തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി നിരവധി കിണറുകളും കുളങ്ങളും നിർമ്മിച്ചു.

ENGLISH SUMMARY: The LDF wants to repeat the vic­to­ry on the soil of Mari­a­pu­ram which was shat­tered by the UDF

YOU MAY ALSO LIKE THIS VIDEO