ദേശീയതലത്തിൽ തൊഴിലാളിപക്ഷ നിയമങ്ങൾ ആവിഷ്കരിക്കുന്നതിന് ഡോക്ടർ ബി ആർ അംബേദ്കർ വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുകയുണ്ടായി. 1926 മുതൽ 1937 വരെ വരെ ബോംബെ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായും 1937 മുതൽ മുതൽ 1942 വരെ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ച കാലയളവിൽ ഒട്ടനവധി തൊഴിലാളിപക്ഷ നിയമങ്ങൾ കൊണ്ടുവന്നു. 1942 മുതൽ 1946 വരെ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ ലേബർ അംഗമായി ഇരുന്നു കൊണ്ട് ഒട്ടനവധി തൊഴിലാളിപക്ഷ നിയമ നിർമ്മാണങ്ങൾക്ക് അംബേദ്കർ തുടക്കം കുറിച്ചു. തൊഴിലാളി തൊഴിലുടമ പ്രതിനിധികളെ ലേബർ കോൺഫറൻസുകളിൽ ആദ്യമായി പങ്കെടുപ്പിക്കുന്നതും ലേബർ കോൺഫറൻസുകൾ സ്ഥിരമായി കൂടുന്നതും സ്റ്റാൻഡിങ് ലേബർ കമ്മിറ്റി രൂപീകരിക്കുന്നതും അംബേദ്കറുടെ മുന്‍കയ്യിലാണ്. തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങൾ പരിശോധിക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനുമായി ലേബർ ഇൻവെസ്റ്റിഗേഷൻ കമ്മിറ്റി രൂപീകരിക്കുന്നതിലും തൊഴിലാളികളുടെ സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കുന്നതിന് ലേബർ ബ്യൂറോ രൂപീകരിക്കുന്നതിലും തൊഴിൽ സമയം എട്ടു മണിക്കൂർ ആയി നിജപ്പെടുത്തുന്നതും ട്രേഡ് യൂണിയൻ നിർബന്ധമായും രജിസ്റ്റർ ചെയ്യുന്നതിനും ട്രേഡ് യൂണിയനുകളെ തൊഴിലുടമകൾ അംഗീകരിക്കുന്നതിനും നിയമഭേദഗതികൾ കൊണ്ട് വന്നത് അംബേദ്കർ ആണ്.
തൊഴിലിടങ്ങളിൽ നേരിട്ട് സന്ദർശനം നടത്തി വേണ്ട കാര്യങ്ങൾ ചെയ്യുന്നതിന് അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 400 അടി ആഴത്തിലുള്ള ഖനികളിൽ സന്ദർശനം നടത്തി തൊഴിലാളികളുടെ ജീവിതം നേരിട്ടറിയുകയും ഖനി തൊഴിലാളികൾക്ക് ഇന്ത്യയിലാദ്യമയി തൊഴിലാളി ക്ഷേമനിധി രൂപീകരിക്കുകയും ചെയ്തു. സമൂഹത്തിലെ അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി നിലയുറപ്പിച്ച് ശക്തമായ പോരാട്ടമാണ് അംബേദ്കർ നടത്തിയിട്ടുള്ളത്. ബോംബെ ലജിസ്ലേറ്റീവ് കൗൺസിൽ പണിമുടക്ക് നിരോധിച്ചുകൊണ്ടുള്ള വ്യവസായ തര്‍ക്ക നിയമം കൊണ്ടുവന്നപ്പോൾ ഒരു ലക്ഷം തൊഴിലാളികളെ അണിനിരത്തി എഐടിയുസി ഉൾപ്പടെയുള്ള സംഘടനകളുമായി ചേർന്ന് വലിയ പ്രക്ഷോഭം നയിക്കുകയുണ്ടായി. 1947 മുതൽ 1951 വരെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ നിയമമന്ത്രി എന്ന നിലയിലും 1952 മുതൽ മുതൽ 1956 വരെ രാജ്യസഭാംഗം എന്ന നിലയിലും നിയമ നിർമ്മാണ രംഗത്ത് അംബേദ്കർ നൽകിയ സംഭാവന ഇന്ത്യയിലെ തൊഴിലാളിവർഗ്ഗത്തിന് മറക്കാൻ കഴിയില്ല. പ്രസവാനുകൂല്യം, തുല്യജോലിക്ക് തുല്യവേതനം തുടങ്ങിയ സ്ത്രീപക്ഷ നിയമങ്ങൾ ആവിഷ്കരിക്കുന്നതിനും ഭരണഘടനയുടെ ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ അവയെല്ലാം ഭരണഘടനയുടെ വകുപ്പുകളായി ഉൾപ്പെടുത്തുന്നതിനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഭരണഘടന വകുപ്പുകൾ പിന്തുടർന്നുകൊണ്ട് നടത്തിയ ഒട്ടനവധി തൊഴിലാളിപക്ഷ നിയമനിർമ്മാണങ്ങൾക്ക് ഇന്ത്യൻ തൊഴിലാളി വർഗം ബാബാ സാഹിബ് അംബേദ്കറോട് വളരെയധികം കടപ്പെട്ടിരിക്കുന്നു.
You may also like this video;