Web Desk

February 24, 2021, 3:55 am

ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്നത് ജനാധിപത്യ മൂല്യങ്ങള്‍

Janayugom Online

ഴക്കടല്‍ മത്സ്യബന്ധനത്തിന് ടോളറുകള്‍ നിര്‍മ്മിക്കുന്നതിന് യുഎസ് കമ്പനിയായ ഇഎംസിസിയുമായി കേരള ഫിഷിങ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ (കെഎസ്ഐഎന്‍സി) ഒപ്പുവച്ച ധാരണാപത്രം സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത മത്സ്യബന്ധന നയത്തിന് എതിരാണ് ധാരണാപത്രം എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു ഈ തീരുമാനം. അത്തരത്തില്‍ സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായി ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കാനുണ്ടായ സാഹചര്യം അന്വേഷിക്കുന്നതിന് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. ധാരണാപത്രം റദ്ദാക്കിയ സംഭവത്തെ അഴിമതിയുടെ തെളിവായി ഉയര്‍ത്തിക്കാട്ടാനാണ് പ്രതിപക്ഷ നേതാവും എല്‍ഡിഎഫ് സര്‍ക്കാരിനെ എതിര്‍ക്കുന്ന ശക്തികളും ശ്രമിക്കുന്നത്.

പ്രതിപക്ഷ വിമര്‍ശനത്തിന്റെയും ജനങ്ങളുടെ എതിര്‍പ്പിനെയും മാനിച്ച് സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കാന്‍ സന്നദ്ധമാവുക എന്നത് ഏതൊരു ജനാധിപത്യ സര്‍ക്കാരിന്റെയും ഉത്തരവാദിത്വവും ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയുമാണ് വ്യക്തമാക്കുന്നത്. സര്‍ക്കാരിന്റെ നയപരിപാടികളെയും തീരുമാനങ്ങളെയും വിമര്‍ശന വിധേയമാക്കുക എന്നതും അത്തരം വിമര്‍ശനങ്ങളെ ഉത്തമവിശ്വാസത്തോടെ മാനിക്കുക എന്നതും ജനാധിപത്യ സമൂഹങ്ങളുടെ നിലനില്പിന് ഒഴിവാക്കാനാവാത്തതാണ്. വിമര്‍ശനങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നതും അഭിപ്രായഭിന്നതകളെ അവഗണിക്കുന്നതും അത് ഉന്നയിക്കുന്നവരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതും സ്വേച്ഛാധിപത്യമാണ്.

അത്തരം സ്വേച്ഛാധിപത്യ പ്രവണതകള്‍ക്കാണ് രാജ്യം സാക്ഷ്യംവഹിക്കുന്നത്. അത്തരം സ്വേച്ഛാധിപത്യ പാരമ്പര്യത്തിന്റെ ഉടമകളാണ് കോണ്‍ഗ്രസ്, ബിജെപി എന്നീ പാര്‍ട്ടികളെ നയിക്കുന്നത്. അക്കാരണത്താല്‍ തന്നെ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന എല്‍ഡിഎഫ് ഗവണ്മെന്റിന്റെ നടപടികള്‍ അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതില്‍ അത്ഭുതമില്ല. അവരെ സംബന്ധിച്ചിടത്തോളം ആരോപണം ഉന്നയിക്കലും അതിനു ലഭിക്കുന്ന വാര്‍ത്താ പ്രാധാന്യവുമാണ് മുഖ്യലക്ഷ്യം. രാജ്യത്തെ ദശലക്ഷക്കണക്കിനു വരുന്ന തീരദേശ മത്സ്യത്തൊഴിലാളികളുടെ താല്പര്യത്തിന് എതിരായി ആഴക്കടല്‍ മത്സ്യബന്ധന നയത്തിന് തുടക്കം കുറിച്ചത് കോ­­ണ്‍ഗ്രസ് പാര്‍ട്ടിയും അവരുടെ ആഗോളീകൃ­ത ഉദാരവല്‍ക്കരണ ന­യങ്ങളുമാണെന്നത് പ്ര­തിപക്ഷം സൗകര്യപൂര്‍വം വിസ്മരിക്കുന്നു. ഇ­പ്പോ­ള്‍ ഉ­യര്‍ന്നുവന്ന വിവാദം ഇ­ടതുപക്ഷം മു­ന്നോട്ടുവയ്ക്കുന്ന മത്സ്യബന്ധന നയം ആവര്‍ത്തിച്ച് ഉറപ്പിക്കാനുള്ള അവസരമാണ് സംസ്ഥാന ഗവണ്മെന്റിന് നല്‍കിയിരിക്കുന്നത്.

രാജ്യത്തെ കര്‍ഷകരും മത്സ്യത്തൊഴിലാളികളും പരമ്പരാഗത തൊഴില്‍ മേഖലകളെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരുമായ കോടാനുകോടി മനുഷ്യരുടെ ജീവിതത്തെ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ എപ്രകാരമാണ് അസ്ഥിരപ്പെടുത്തുന്നതെന്ന് ചിന്തിക്കാന്‍ ഇപ്പോഴത്തെ വിവാദം അവസരം നല്കിയിരിക്കുന്നു. പ്രതിപക്ഷ വിമര്‍ശനത്തോട് ക്രിയാത്മകമായി പ്രതികരിച്ചുകൊണ്ട് ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ ഒരിക്കല്‍ക്കൂടി ചര്‍ച്ചാവിധേയമാക്കാനും അതിനെതിരായ പോരാട്ടം ശക്തിപ്പെടുത്താനുമുള്ള അവസരമാണ് ഇടതുപക്ഷത്തിന് കെെവന്നിരിക്കുന്നത്. നരസിംഹറാവു സര്‍ക്കാരും അതില്‍ ധനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിങ്ങുമാണ് രാജ്യത്തിനും ജനങ്ങള്‍ക്കും വിനാശകരമായി മാറിയ ആഗോളീകരണ, ഉദാരവല്‍ക്കരണ, സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്ക് തുടക്കംകുറിച്ചത്. രാജ്യത്തിന്റെ പൊതുആസ്തികള്‍ കൂട്ടത്തോടെ സ്വകാര്യവല്‍ക്കരിക്കുന്നതിനും സമ്പത്ത് വിദേശ മൂലധനശക്തികള്‍ക്ക് കൊള്ളയടിക്കുന്നതിന് വാതില്‍തുറന്നതും ആ നയങ്ങളാണ്. അതാണ് രാജ്യത്തെ മത്സ്യബന്ധനമടക്കം പരമ്പരാഗത തൊഴില്‍മേഖലകളിലും കാര്‍ഷികരംഗത്തും വന്‍ പ്രതിസന്ധിക്ക് കാരണമായത്. അത്തരം ദേശവിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിരോധം ഉയര്‍ത്തിക്കൊണ്ടുവന്നത് ഇടതുപക്ഷമാണ്. അത്തരം പ്രതിരോധത്തില്‍ ഊന്നിയുള്ള നയസമീപനങ്ങളാണ് കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്തുടരുന്നത്. എല്‍ഡിഎഫിനെതിരെ ആരോപണ വ്യവസായത്തില്‍ മുഴുകുന്നവര്‍ ജനങ്ങള്‍ക്കും രാജ്യതാല്പര്യങ്ങള്‍ക്കും എതിരായ ഉദാരീകരണ സാമ്പത്തിക നയങ്ങളോടുള്ള തങ്ങളുടെ ഇപ്പോഴത്തെ സമീപനം തുറന്നുപറയാന്‍ സന്നദ്ധമാകണം.

തങ്ങള്‍ അധികാരത്തിലിരുന്നപ്പോള്‍ ഡോ. സ്വാമിനാഥന്‍ നേതൃത്വം നല്കിയ ദേശീയ കാര്‍ഷിക കമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ വിസമ്മതിച്ചവരാണ് കോണ്‍ഗ്രസുകാര്‍. മത്സ്യബന്ധന മേഖലയടക്കം പരമ്പരാഗത തൊഴില്‍ മേഖലകള്‍ ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ ഉത്തരവാദികള്‍ മറ്റാരുമല്ല. വസ്തുത അതായിരിക്കെ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആരോപണങ്ങളും വിവാദങ്ങളും അധികാരത്തിനു വേണ്ടിയുള്ള ആക്രാന്തമല്ലാതെ മറ്റൊന്നുമല്ല. അത് കോണ്‍ഗ്രസിനെ അനുഭവിച്ചറിഞ്ഞ കേരള ജനത തിരിച്ചറിഞ്ഞ് മറുപടി നല്‍കുക തന്നെ ചെയ്യും.