August 12, 2022 Friday

അക്കിത്തം എന്ന ഇതിഹാസം

Janayugom Webdesk
December 8, 2019 7:19 am

ഡോ.വി എസ് രാധാകൃഷ്ണന്‍

”ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം ഒരു പുഞ്ചിരി ഞാന്‍ മറ്റുള്ളവര്‍ക്കായ് ചെലവാക്കവേ ഹൃദയത്തിലുലാവുന്നു നിത്യനിര്‍മല പൗര്‍ണമി”

ഈ വരികളില്‍ അന്തര്‍ലീനമായിരിക്കുന്ന ഭാവമണ്ഡലം കേവല മനുഷ്യമനസ് ദേവപഥത്തോളം എത്തി നില്‍ക്കുമ്പോള്‍ മാത്രം കാണാന്‍ ഒന്നാണ്. പരിപാവനമായ ഋഷിത്വത്തില്‍ നിന്നുയരുന്ന ആത്മവിഭൂതിയുടെ സ്വരാഞ്ജലികളായി അക്കിത്തം കവിതകള്‍ മാറുന്നത് ഇത്തരമൊരു മനോമണ്ഡവലം അദ്ദേഹത്തിനുള്ളതുകൊണ്ടാണ്. മനുഷ്യത്വരഹിതമായ നീതിശാസ്ത്രങ്ങങ്ങളെ ദൈവനീതിക്കിണങ്ങുന്ന മാനവിക ദര്‍ശനങ്ങള്‍കൊണ്ട് സ്വന്തം കവിതകളില്‍ പൊലിപ്പിച്ചുകാട്ടിയ വിശ്വപൗരനാണ് അക്കിത്തം. മനുഷ്യ നന്മയുടെയും സ്നേഹത്തിന്റെയും ഉദാത്ത ഭാവ ശില്‍പ്പങ്ങളാണ് അക്കിത്തം കവിതകളുടെ അനാവൃതാലങ്കാരം. അത് വേദോപനിഷത്തുകളില്‍ നിന്നൂറിക്കൂടിയ വിശാലമയ മനുഷ്യ നന്മയുടെ ആര്‍ദ്രഭാവ സ്ഫുലിംഗങ്ങളാണ്. മനുഷ്യത്വ ശൂന്യതകളും വിവേചന രാഹിത്യവും സാമൂഹ്യ യാഥാര്‍ഥ്യങ്ങളില്‍ ചേക്കേറുമ്പോള്‍ അത് കവിയുടെ വൈകാരിക തലങ്ങളെ കഠിനമായി സ്പര്‍ശിക്കുന്നതിന്റെ ഫലങ്ങളാണ് ഏതുകാലത്തുമുണ്ടായിട്ടുള്ള നല്ല രചനകള്‍. അസഹനീയമായ ജീവിത കാഴ്ചകള്‍ ദു:ഖാഗ്നി പടര്‍ത്തിയപ്പോള്‍ അതില്‍ നിന്നും ഉയിര്‍ക്കൊണ്ട ജീവിതയാഥാര്‍ഥ്യങ്ങളുടെ നേര്‍ക്കാഴ്ചകളാണ് അക്കിത്തത്തിന്റെ ഓരോ രചനയും. നിഷേധാത്മകതയില്‍ നിന്നും അനുകൂല സത്തയെ വാര്‍ത്തെടുക്കുകയാണദ്ദേഹം.

‘വെളിച്ചം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം’

എന്ന കല്‍പ്പന കടന്നു വരുന്നത് അതിനുദാഹരണമാണ്. എത്രമാത്രം അര്‍ഥവ്യാപ്തിയാണ് ആധുനിക ദശയിലെ മനുഷ്യരാശിയെ സംബന്ധിച്ച് ഈ പ്രവചനത്തിന് വന്നുചേര്‍ന്നിട്ടുള്ളത് എന്നോര്‍ക്കുക. ഇത് കേവലം കേരളത്തിന്റെ ആധുനിക സാമൂഹ്യമനുഷ്യജീവിത മണ്ഡലത്തിന്റെ മാത്രം നേര്‍ചിത്രമല്ല, ലോകത്തിനുതന്നെ അക്കിത്തം കൊടുത്ത സന്ദേശമാണെന്ന് നമ്മുടെ സംസ്കാര തമസ്കരണങ്ങള്‍ ഓര്‍മപ്പെടുത്തുന്നു. മനുഷ്യജീവിതത്തിന്റെ സര്‍വ്വതലങ്ങളിലും ഭൗതികവും ശാസ്ത്രീയവുമായ മുന്നേറ്റങ്ങളെല്ലാം നമ്മെ ഉയരത്തിലെത്തിച്ചപ്പോഴും നമ്മുടെ സംസ്കാര വിലോപനം ഇപുച്ചിന്റെ താഴ് വാരങ്ങളിലേക്ക് കൂപ്പുകുത്തിയതുകണ്ട ഒരു വിശ്വമാനവന്റെ വേദനയാണ്  ‘തമസ്സല്ലോ സുഖപ്രദം’ എന്ന വചനസാരസ്വതം. ഇത്തരം ദു:ഖങ്ങളുടെ കണ്ണീര്‍പ്പാടങ്ങളില്‍ നിന്നും കൊയ്തെടുത്ത മനുഷ്യജീവിത ഉല്‍പ്പന്നങ്ങളാണ് അക്കിത്തത്തിന്റെ കവിതകള്‍. എന്നു പറയുന്നതാവും ശരി.

അക്കിത്തം ജനിച്ചത് 1926 മാര്‍ച്ച് എട്ടിനാണ്. ഈ ഒരുകാലത്തെ സസാമൂഹ്യകാലാവസ്ഥ, ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും താളുകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. കേരളം പ്രാകൃതാവസ്ഥകളിലൂടെയും ഉപരിവര്‍ഗകരവലയങ്ങളിലൂടെയുംസഞ്ചരിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. മാത്രമല്ല, രാജഭരണത്തിന്റെയും ഫ്യൂഡലിസ്റ്റ്യാ ഥാസ്ഥിതികത്വത്തിന്റെയും വിദേശമേധാവിത്വത്തിന്റെയും കരങ്ങളില്‍ ഞെരിഞ്ഞമര്‍ന്നുകഴിഞ്ഞ ഒരു കാലത്തിന്റെ ദൃശ്യസഞ്ചാരിയായിരുന്നു അക്കിത്തം. സാധാരണയില്‍ സാധാരണക്കാരന്റെ ജീവിതപാതകളില്‍ പറയത്തക്ക വെളിച്ചമൊന്നും എത്തപ്പെടാതിരുന്ന ഒരു കാലമായിരുന്നു അത്. അവിടെ ജനിച്ചുവീഴുന്ന ഓരോ ശിശുവും കാലത്തിന്റെ യും സാമൂഹിക സ്ഥിതികളുടെയും അസന്തുലിത പരിതസ്ഥിതികളാണ് ഏറ്റുവാങ്ങേണ്ടിവരുന്നത്. എന്നാല്‍ ചിന്താശീലര്‍ ഇതിനെതിരെ തുഴയും തോണിയും നീക്കും. വി ടി ഭട്ടതിരിപ്പാടും, ഇഎംഎസും സഞ്ചരിച്ച മാര്‍ഗം സാര്‍വദേശീയ മാനവികബോധത്തില്‍ നിന്നുമുടലെടുത്തതാണെന്ന സത്യം തിരിച്ചറിഞ്ഞ അക്കിത്തം, തന്റെ രചനകളെ ആ തലത്തില്‍ പുന:സൃഷ്ടിക്കുകയായിരുന്നു. എന്നാല്‍ തന്റെ പൂര്‍വികര്‍ നല്‍കിയ മനുഷ്യജീവിത സത്യങ്ങളേയും ദര്‍ശനങ്ങളേയും അദ്ദേഹം കൈവെടിഞ്ഞില്ല. വേദങ്ങളിലും ഉപനിഷത്തുകളിലും അദ്ദേഹം അനുഭവിച്ചറിഞ്ഞ സാര്‍വമാനവികത എന്ന ത്തവം തന്റെ രചനകളിലെ ഓരോ വരിയിലും അദ്ദേഹം കാത്തു സൂക്ഷിച്ചു. തൊഴിലിടങ്ങളിലെ ജീവിതങ്ങളെപോലും കണ്ടറിയുവാനും, അതിന് കണ്ണീര്‍ച്ചാല് സൃഷ്ടിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞത് അതുകൊണ്ടാണ്. ഇതേ മനസുള്ളതുകൊണ്ടുതന്നെയാണ്

”നിരത്തില്‍ കാക്ക കൊത്തുന്നു ചത്തപെണ്ണിന്റെ കണ്ണുകള്‍ മുലചപ്പിവലിക്കുന്നു നരവര്‍ഗ നവാതിഥി”

എന്ന ദാരുണതയെ സമൂഹത്തിന്റെ നേര്‍ക്കാഴ്ചയാക്കാന്‍ കവിക്ക് കഴിയുന്നത്. ജീവിത യാഥാര്‍ഥ്യങ്ങളെ അടുത്തും, അകലെയും നിന്നു നോക്കിക്കാണാനുള്ള അക്കിത്തത്തിന്റെ മഹത്വം വിളിച്ചു പറയുന്നതാണ് ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’ത്തിലെ ഈ ദൃശ്യം. സംസ്കാരം പൈശാചികവും, ക്രൂരവുമായ സന്ദര്‍ഭങ്ങളിലെല്ലാം അതിനെ ഓര്‍മപ്പെടുത്തുവാന്‍ ഭീകരയാഥാര്‍ഥ്യങ്ങളെയാണ് അക്കിത്തം അക്ഷരനൂലില്‍ കോര്‍ത്തിട്ടത്. ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’വും ‘ഇടിഞ്ഞുപൊളിഞ്ഞ ലോക’വും മാത്രം മതി ഈ വസ്തുതകളെ വെളിപ്പെടുത്താന്‍. എന്തൊരു മനുഷ്യോന്മത്തസ്നേഹഗായകത്വമാണ് തന്റെ കവിതകളിലൂടെ ഈ ഋഷി കവി ആവിഷ്കരിച്ചുവച്ചതെന്ന് ഇനിയുമന്വേഷിച്ച് കണ്ടെത്തേണ്ടിയിരിക്കുന്നു. കൃഷ്ണനും, ക്രിസ്തുവും, മുഹമ്മദും ഒന്നിച്ചിണങ്ങിയ അത്യുദാത്തമായ മാനവികതയുടെ അടര്‍ത്താനാവാത്ത കാരുണ്യത്തിന്റെ സ്വരാഞ്ജലികളാണ് അക്കിത്തം കവിതകള്‍. ജീവിതയാഥാര്‍ഥ്യങ്ങളുടെ അക്ഷര ചക്രവര്‍ത്തിയായ ഈ കവിക്ക് മനുഷ്യത്വത്തിന്റെ മഹാമേരു പടുത്തുയര്‍ത്താന്‍ ബലം നല്‍കുന്നത് സ്നേഹം മാത്രമാണെന്ന വിശ്വാസമാണുള്ളത്. അതുകൊണ്ടാണ് നിര്‍മമതയോടെ അദ്ദേഹം ഇങ്ങനെ കുറിച്ചത്;

‘നിരുപാധികമാം സ്നേഹം ബലമായ് വരും ക്രമാല്‍’

ഇതില്‍ അടിയുറച്ച കാഴ്ചപ്പാടുകളാണുള്ളതെന്ന് കാണിക്കുന്നവയാണ് അദ്ദേഹത്തിന്റെ ഓരോ കവിതയും. കാലം മാറ്റിവച്ച ബ്രാഹ്മണ്യത്തിന്റെ ദയനീയ മനുഷ്യാവസ്ഥയും അക്കിത്തത്തിന് വിഷയമാക്കേണ്ടിവന്നു. വല്ലാത്ത ദീനദയനീയസ്ഥിതി വിഷയത്തിലേക്ക് നമ്മെ നയിക്കുകയാണ് ‘പണ്ടത്തെ മേല്‍ശാന്തി’ എന്ന കവിത. കേരളത്തിലെ ഉപരിവര്‍ഗത്തിന്റെ ഏറ്റവും വേദനാജനകമായ അവസ്ഥാന്തരം ഇതില്‍പ്പരം ഹൃദയസ്പര്‍ശിയായി മറ്റാര്‍ക്കും അവതരിപ്പിക്കാന്‍ കഴിയുകയില്ല. ഒരു സമുദായത്തിന് കാലം ക്രൂരനായ ശിക്ഷകനാകുന്ന കാഴ്ചയാണ് ഇവിടെ നാം കാണുന്നത്. ബ്രാഹ്മണ്യത്തിന്റെ ശാന്തി കാര്‍ത്ഥത്തിന് സംഭവിച്ച അപചയത്തിന്റേയും അതുവഴി വന്നുചേര്‍ന്ന സാമ്പത്തിക അപചയത്തിന്റെയും മാര്‍ഗരേഖയാണ് ഈ കവിത. സ്വന്തം ജീവിത പരിസരത്തില്‍ നിന്നു വാര്‍ത്തെടുത്ത ഈ കാവ്യശില്‍പ്പം പിന്നീട് ഈ സമുദായത്തില്‍ പിറന്നവര്‍ക്കും പിറക്കുവാന്‍ പോകുന്നവര്‍ക്കുമുള്ള പാഠ്യവിഷയമാണ്. അക്കിത്തത്തിന്റെ ജീവിതോന്മുഖമായ ദര്‍ശനത്തിനും, കാഴ്ചപ്പാടിനും ഇത് ഉദാഹരണമാണ്. സമ്പന്ന വര്‍ഗത്തിന്റെ ഗൃഹാന്തരീക്ഷത്തിലെ പച്ചയായ കണിവയ്പാണ്,

”അരിവെപ്പോന്റെ തീയില്‍ ചെന്നിയാംപാറ്റ പതിക്കയാല്‍ പിറ്റേന്നിടവഴിക്കുണ്ടില്‍ കാണ്‍മൂ ശിശുശവങ്ങളെ”

എന്ന കല്‍പ്പന. ഇത് കാലാകാലങ്ങളായി പിന്‍തുടരുന്ന സംഭവം തന്നെയാണ്. ലൈംഗികഭ്രാന്തിന്റെ ഉന്മത്തഭൂമികയില്‍ തീര്‍ത്തെടുത്ത ഈ സത്യം സമകാലജീവിതമുഖത്ത് നടന്നുകൊണ്ടേയിരിക്കുന്നുവെന്നതാണ് ഇതിനുള്ളിലെ ദീര്‍ഘദര്‍ശനം വെളിപ്പെടുത്തുന്നത്. താന്‍ ജീവിച്ച കാലത്തിന്റെ സമഗ്രമാനുഷികതയെ അളന്നു തിട്ടപ്പെടുത്തുകയാണ് അക്കിത്തം തന്റെ കവിതകളില്‍. യാഥാര്‍ഥ്യങ്ങളുടെ പടച്ചട്ടയാണ് അദ്ദേഹം തന്റെ കവിതകള്‍ക്കു നല്‍കിയത്. താന്‍ കണ്ടെത്തിയ ജീവിതപൊരുളുകളെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ദാര്‍ശനിക പരിവേഷത്തോടെ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. നന്മയുടെ വേദപാഠങ്ങള്‍ അനുഭവസീമയില്‍ നിന്ന് കണ്ടെത്താനുള്ള തീവ്രശ്രമമാണ് അദ്ദേഹത്തിന്റെ ഓരോ കവിതയും.  മനുഷ്യജീവിതത്തെ ആത്മവിഭൂതികൊണ്ട് പവിത്രസ്നാനം ചെയ്യിക്കുന്ന സ്വരാഞ്ജലികളാണ് അക്കിത്തം കവിതകള്‍.

ഇന്നലെപ്പോയ ഭടന്റെ കാല്‍പ്പാടുകള്‍ ചിന്നിയ മണ്ണില്‍ ചവിട്ടുകയില്ല ഞാന്‍ *************************************

തോക്കിനും വാളിനും വേണ്ടി ചെലവിട്ടോരിരുമ്പുകള്‍ ഉരുക്കി വാര്‍ത്തെടുക്കാവൂ ബലമുള്ള കലപ്പകള്‍ ബോംബിനായ്ദ്ദുര്‍വ്യയം ചെയ്യു- മാണവോല്‍ബണശക്തിയാല്‍ അന്ധഗ്രാമക്കവലയില്‍ സ്നേഹദീപം കൊളുത്തുക ************************

ഈ ചത്ത യാഥാസ്ഥിതികത്വസിംഹം ഗര്‍ജ്ജിക്കുമെന്നോര്‍ത്തു പരുങ്ങിടാതെ പുറത്തിറങ്ങീടുക ജന്മസൗഖ്യം തിരഞ്ഞു നമ്പൂതിരികന്യകേ നീ *******************************

കൃഷ്ണപ്പരുന്തുപോല്‍ ദേവ- മാര്‍ഗത്തില്‍ വിഹരിക്കിലും പൊഴിച്ചീടുന്നു ഞാന്‍ ലോക- സമസ്ത സുഖവൈഖരി *******************************

വാല്മീകിയും വ്യാസനും സി- ദ്ധാര്‍ത്ഥനും രന്തിദേവനും അശോകനും ശങ്കരനും ജീസസ് ക്രൈസ്റ്റും മുഹമ്മദും കണ്‍ഫ്യൂഷ്യസ്സും ഗാന്ധിജിയും കൊളുത്തിയ വെളിച്ചമേ ആ വെളിച്ചത്തിലാറാടു- മരോഗദൃഢചിത്തരേ. *****************************

ജീവിതപ്രേമമേ, നിന്റെ കുുരിശെന്‍ നെഞ്ചിലാഴ്ത്തവേ, പശ്ചാതതാപവചസ്സാമീ നിണം വാര്‍ന്നൊഴുകീടവേ, പറ്റെ ക്ഷീണിപ്പിതാത്മാവിന്‍ നീലരക്തഞരമ്പുകള്‍ സുഖമുണ്ടി,ന്നു മുച്ചൂടൊ- ന്നുറങ്ങിയുണരാവൂ ഞാന്‍ *****************************

കവിയാവണമെങ്കിലെന്തു ചെയ്യണമെന്നോ? കവിയാവണമെന്നു മോഹിക്കാതിരിക്കണം കരളില്‍ സ്ഥലകാലക്ഷീരസാഗരത്തിലെ- ക്കളഹംസത്തെപ്പോലെ വിഹരിച്ചെഴുതണം. എഴുതിക്കഴിഞ്ഞതും തിരുത്തീടണം തൂശി- പ്പഴുതില്‍ നൂലോടിക്കും വിരലിന്‍ ക്ഷമയോടെ. എന്നെക്കൊണ്ടിതിലേറെ നന്നാക്കാന്‍ കഴികയി- ല്ലെന്നു വന്നാലേ നെറ്റിവിയര്‍പ്പു തുടയ്ക്കാവൂ.

************************************

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.