സ്വന്തം ലേഖകന്‍

തിരുവനന്തപുരം

December 31, 2020, 10:18 pm

കര്‍ഷകദ്രോഹത്തിനെതിരെ നിയമസഭയില്‍; ഒറ്റമനസായി കേരളം

Janayugom Online

സ്വന്തം ലേഖകന്‍

കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ നിയമങ്ങൾക്കെതിരെ അണപൊട്ടിയ പ്രതിഷേധവുമായി കേരള നിയമസഭ. കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയം ഐകകണ്ഠ്യേന പാസക്കി. കേരളത്തിലെ ഏക ബിജെപി അംഗം ഒ രാജഗോപാൽ പ്രമേയത്തെ അംഗീകരിച്ചു. ചർച്ചക്കിടെ പ്രധാനമന്ത്രിക്കെതിരെയുള്ള പരാമർശങ്ങളെ എതിർക്കുന്നതായും കര്‍ഷകരുടെ വിഷയങ്ങളില്‍ കേരളം മറ്റെല്ലാവരെക്കാളും മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. പ്രമേയത്തെ പിന്തുണയ്ക്കുന്നതായി പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനത്തിലും രാജഗോപാല്‍ ആവര്‍ത്തിച്ചു.
കർഷകന്റെ കണ്ണീരിൽ കുതിർന്ന നാടായി രാജ്യം മാറിയിരിക്കുകയാണെന്നും അടിയന്തര പ്രാധാന്യമുള്ള വിഷയമാണ് നിയമസഭ ചർച്ച ചെയ്യുന്നതെന്നും സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ആമുഖമായി പറഞ്ഞു. കർഷക വിരുദ്ധമായ കേന്ദ്ര നിയമങ്ങൾക്കെതിരെ സംസ്ഥാനത്ത് നിയമനിർമ്മാണം നടത്തുന്നതിന്റെ സാധ്യതകൾ പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ മറുപടി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. നിയമസഭ വിളിച്ചുചേർക്കാൻ അനുമതി നിഷേധിച്ച ഗവർണറുടെ നടപടിക്കെതിരെയും ഭരണ — പ്രതിപക്ഷ നിരയിൽ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.

രാജ്യത്തിന്റെ നട്ടെല്ലായ കർഷകർ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചും കേന്ദ്രം പാസാക്കിയ മൂന്ന് കർഷകവിരുദ്ധ നിയമങ്ങൾ റദ്ദാക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കാർഷികോല്പന്നങ്ങളുടെ വ്യാപാരം കോർപ്പറേറ്റുകൾക്ക് കൈവശപ്പെടുത്താൻ അവസരം നൽകുകയും കർഷകർക്ക് ന്യായവില ലഭ്യമാക്കാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്രസർക്കാർ ഒഴിഞ്ഞുമാറുകയുമാണ്. കർഷകരുടെ പ്രക്ഷോഭം ഇനിയും തുടർന്നാൽ അത് കേരളത്തെ സാരമായി ബാധിക്കും. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കളുടെ വരവ് നിലച്ചാൽ ഉപഭോക്തൃ സംസ്ഥാനമായ കേരളം പട്ടിണിയിലാകും. കോവിഡ് വ്യാപന ഘട്ടത്തിൽ അത്തരമൊരു സാഹചര്യം സൃഷ്ടിക്കാവുന്ന പ്രത്യാഘാതം ഒരു തരത്തിലും കേരളത്തിന് താങ്ങാനാവില്ല. പാർലമെന്റിന്റെ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്കു പോലും അയയ്ക്കാതെ തിരക്കിട്ടാണ് സുപ്രധാന നിയമങ്ങൾ പാസാക്കിയതെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
കർഷകരുടെ വിലപേശൽ ശേഷി മിക്കപ്പോഴും കോർപറേറ്റ് സ്ഥാപനങ്ങളുടെ ശക്തിക്കുമുന്നിൽ വളരെ ദുർബലമാകും എന്നതാണ് ഇതിൽ ഉയരുന്ന ഗൗരവതരമായ പ്രശ്നം. സംഭരണത്തിൽ നിന്നും വിതരണത്തിൽ നിന്നും സർക്കാർ പിൻമാറുമ്പോൾ പൂഴ്‌ത്തിവെപ്പും കരിഞ്ചന്തയും വർധിക്കുകയും ഭക്ഷ്യവിതരണവും ഭക്ഷ്യസുരക്ഷയും അപകടത്തിലാവുകയും ചെയ്യും. അവശ്യസാധന നിയമത്തിലെ വ്യവസ്ഥയിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ, പയറുവർഗങ്ങൾ എന്നിവയടക്കമുള്ളവയെ ഒഴിവാക്കിയത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും മുഖ്യമന്ത്രി പ്രമേയത്തിൽ പറഞ്ഞു.

‘ചില നിയമ നിർമ്മാണങ്ങൾ അത് ബാധിക്കപ്പെടുന്ന ജനവിഭാഗങ്ങൾക്കിടയിൽ വലിയ ആശങ്കയും സംശയവും ജനിപ്പിക്കുമ്പോൾ’ എന്ന പ്രമേയത്തിലെ വാചകത്തിൽ നിന്നും ‘ചില’ എന്ന പദം ഒഴിവാക്കണമെന്ന കോൺഗ്രസ് നേതാവ് കെ സി ജോസഫിന്റെ ഭേദഗതി അംഗീകരിച്ചു. ഉള്ളടക്കത്തിന്റെ ആവര്‍ത്തനമെന്നതിനാല്‍ മറ്റു രണ്ട് ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. കക്ഷിനേതാക്കളായ മന്ത്രി ഇ ചന്ദ്രശേഖരൻ, കെ സി ജോസഫ്, ടി എ അഹമ്മദ് കബീർ, മാത്യു ടി തോമസ്, പി ജെ ജോസഫ്, ഒ രാജഗോപാൽ, മാണി സി കാപ്പൻ, അനൂപ് ജേക്കബ്, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ ബി ഗണേഷ്‌കുമാർ, കോവൂർ കുഞ്ഞുമോൻ, പി സി ജോർജ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

കോവിഡ് ക്വാറന്റൈനിൽ ആയതിനാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉപനേതാവ് ഡോ. എം കെ മുനീറും സഭയിലെത്തിയില്ല. പ്രമേയം ഐകകണ്ഠ്യേന പാസാക്കിയശേഷം പ്രത്യേക നിയമസഭാ സമ്മേളനം പിരിഞ്ഞു. ജനുവരി എട്ടു മുതൽ 28വരെ ബജറ്റ് അവതരിപ്പിക്കുന്നതിനായി സഭ സമ്മേളിക്കും.

Eng­lish sum­ma­ry; the Leg­isla­tive Assem­bly against the betray­al of the peasantry

You may also like this video;