June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

ഡൽഹി നൽകുന്ന പാഠം

By Janayugom Webdesk
February 16, 2020

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി വരുംദിനങ്ങളിലെ ഇന്ത്യൻ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം പ്രകമ്പനം ഉളവാക്കുന്ന ഒന്നുതന്നെയാണ്. ആം ആദ്മി പാർട്ടിയുടെ (എഎപി) വിജയം രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് ഒരു പുത്തൻ ആകർഷണീയത പകർന്നുനൽകി. സംഘപരിവാറും ബിജെപിയും വിതച്ച വിദ്വേഷ പ്രചാരണങ്ങൾക്കും പരമാർശങ്ങൾക്കും ജനങ്ങൾ നൽകിയ തിരിച്ചടിയാണ്. ബിജെപി പരാജയത്തിന് അതീതമല്ല എന്ന ശക്തമായ സന്ദേശമാണ് ഡൽഹിയിലെ ജനങ്ങൾ രാജ്യത്തെ തങ്ങളുടെ സഹജീവികൾക്ക് നൽകുന്നത്. ബിജെപിയും സംഘപരിവാറും സൃഷ്ടിക്കുന്ന ഫാസിസത്തിന്റെ ആദ്യപടിയായ തീവ്രദേശീയതയെ നിശ്ചയദാർഢ്യമുള്ള ഒരു ജനതയ്ക്ക് പാരാജയപ്പെടുത്താൻ കഴിയുമെന്നതിന്റെ തെളിവാണ് ഡൽഹിയിൽ പ്രകടമായത്.

ബിജെപിയെ സംബന്ധിച്ചിടത്തോളം ഡൽഹിയിലെ വൻഭൂരിക്ഷത്തോടെയുള്ള വിജയത്തിൽ കുറഞ്ഞൊന്നും സങ്കല്പിക്കാൻ പോലും കഴിയുമായിരുന്നില്ല. കഴിഞ്ഞ 18 മാസമായി ബിജെപിയെ സംബന്ധിച്ചിടത്തോളം പരാജയങ്ങളുടെ ഘോഷയാത്രയാണ്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപി പരാജയപ്പെട്ടു. മഹാരാഷ്ട്രയിൽ അവരുടെ ദീർഘകാലത്തെ സഖ്യകക്ഷിയും അതോടൊപ്പം അധികാരവും നഷ്ടപ്പെട്ടു. നാണംകെട്ട ഉപജാപങ്ങളിലൂടെയാണ് അവർക്ക് ഹരിയാനയിൽ അധികാരത്തിൽ എത്താൻ കഴിഞ്ഞത്. ഇതോടെ രാജ്യത്തിന്റെ ഭൂപടത്തിൽ തങ്ങളുടെ സാന്നിധ്യം നഷ്ടമാകുന്നുവെന്ന് ബിജെപിക്ക് ബോധ്യപ്പെട്ടു. അവരുടെ കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നു. തെരഞ്ഞെടുപ്പ് വേളയിൽ നൽകിയ വാഗ്ദാനങ്ങൾ വിസ്മരിച്ചതിലൂടെ നരേന്ദ്ര മോ‍ഡി സർക്കാർ ജനങ്ങളെ വഞ്ചിച്ചു. ഇന്ത്യയിലെ ജനങ്ങൾ ഒരു മാറ്റമാണ് ആഗ്രഹിക്കുന്നത്. അവർക്ക് അതിനുള്ള സ്വതന്ത്രമായ അവസരം ലഭിച്ചപ്പോൾ ബിജെപിയോടുള്ള രോഷം പ്രകടിപ്പിച്ചു. ബിജെപിയുടെ രാഷ്ട്രീയ നയങ്ങളാണ് അവരുടെ പരാജയത്തിനുള്ള കാരണം. സാമ്പത്തിക മേഖലയിൽ സ്വദേശിവാദം ഉന്നയിക്കുന്ന ബിജെപി ദേശ‑ദേശാന്തര കോർപ്പറേറ്റുകളുടെ അ­ത്യാ­ഗ്രഹ നിവൃത്തിക്കായുള്ള നടപടികളാണ് സ്വീ­കരിക്കുന്നത്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 70 ശതമാനം വരുന്ന 953 ദശലക്ഷം പേരുടെ പക്കലുള്ളതിന്റെ നാല് മടങ്ങ് സ്വത്താണ് ഒരു ശതമാനം ആളുകളുടെ പക്കലുള്ളത്. ഇ­തിന്റെയൊ­­ക്കെ ഭാഗമായുള്ള രാഷ്ട്രീയ അസംതൃപ്തിക്കെതിരെ നീന്താൻ വർഗീയമായ വിഭജനം എന്ന ആശയത്തെ ഇവർ അവലംബിച്ചു. ഇതിനായി മുത്തലാഖ് നിയമം, ജമ്മു കശ്മീരിന് പ്ര­ത്യേക പദവി അ­നുവദിച്ചിരുന്ന അനുച്ഛേദം 370,35 എ എന്നിവ റദ്ദാക്കൽ, ദേ­ശീയ പൗരത്വ ഭേദഗതി നിയമം നടപ്പാക്കൽ തുടങ്ങിയ നടപടികൾ സ്വീകരിച്ചു. രാജ്യം നേരിടുന്ന യ­ഥാർഥ പ്രശ്നങ്ങളിൽ നിന്നും ജന ശ്രദ്ധതിരിക്കുന്നതിനായിരുന്നു ഈ നടപടികൾ. ഇതാണ് ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ സവിശേഷത.

ദേശീയതലത്തിൽ തകർന്നടിയുന്ന ബിജെപിയെ സംബന്ധിച്ചിടത്തോളം ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഒരു ജീവന്മരണ പോരാട്ടമായിരുന്നു. 200 എംപിമാർ, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരടക്കം 70 കേന്ദ്ര മന്ത്രിമാർ, ആദിത്യനാഥ് ഉൾപ്പെടെ 11 മുഖ്യമന്ത്രിമാർ എന്നിവരാണ് ബിജെപിയുടെ ഡൽഹി പ്രചാരണത്തിന് നേതൃത്വം കൊടുത്തത്. എല്ലാ തരത്തിലുള്ള സ്വാധീനവും ഡൽഹി തെരഞ്ഞെടുപ്പിൽ ഇവർ അവലംബിച്ചു. പ്രതിയോഗിയെ വെടിവച്ചു കൊല്ലുക, ബലാൽസംഗ ഭീഷണി നട­ത്തു­ക, ഷഹീൻബാഗിനെ പാകിസ്ഥാനുമായി ഉപമിക്കുക തുടങ്ങിയ വിദ്വേഷ പ്രസംഗങ്ങളാണ് ബിജെപി നേതാക്കൾ നടത്തിയത്. തെരഞ്ഞെടുപ്പ് രംഗത്തെ വർഗീയവൽക്കരിച്ച ബിജെപി നടപടിയിൽ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പോലും അസംതൃപ്തി സൃഷ്ടിച്ചു. എന്നാൽ ബിജെപി ചിന്തിച്ചതിനേക്കാൾ ഡൽഹിയിലെ ജനങ്ങൾ തികച്ചും വിവേകമുള്ളവരും ജനാധിപത്യ ബോധമുള്ളവരുമാണ് എന്ന് വ്യക്തമായി. ബിജെപിയുടെ വർഗീയ വിഷത്തെ അവഗണിച്ച് ഡൽഹിയിലെ ജനങ്ങൾ എഎപി സർക്കാരിനെ തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലേറ്റി.

വിദ്യാഭ്യാസം, ആ­രോ­ഗ്യം, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ മേഖലകളിൽ തികച്ചും ജനോപകാരപ്രദമായ നടപടികളാണ് എഎപി സർക്കാർ നടപ്പാക്കിയത്. താരതമ്യേന ഒരു പുതിയ രാഷ്ട്രീയ പാർട്ടിക്ക് ഭൂരിപക്ഷം കിട്ടാനുള്ള പ്രധാനപ്പെട്ട കാരണമാണിത്. അവരുടെ വിജയത്തെ അഭിനന്ദിക്കേണ്ടത് അനിവാര്യമാണ്. എല്ലാ അർത്ഥത്തിലും ശക്തരായ ബിജെപിയെയാണ് അവർ പരാജയപ്പെടുത്തിയത്. ഡൽഹിലെ തെരഞ്ഞെടുപ്പ് ഫലം മതേതര ഇന്ത്യക്ക് ശക്തമായ ഒരു രാഷ്ട്രീയ സന്ദേശമാണ് നൽകുന്നത്. പരാജയപ്പെടുത്താൻ കഴിയാത്ത ഒരു പാർട്ടിയല്ല ബിജെപി എന്നാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സന്ദേശം. നേതാക്കളുടെ വ്യക്തിഗതമായ പൊങ്ങച്ചം വെടിഞ്ഞ് ഒരു ജനതയുടെ ആവശ്യങ്ങളെ അടിസ്ഥാനമാക്കി പ്രവർത്തിക്കാനുള്ള ഒരു മനസ് ഉണ്ടാകണം. മതേരത്വവും വർഗീയ ഫാസിസവും തമ്മിലുള്ള പോരാട്ടം ഇപ്പോൾ ഒരു നിർണായക ഘട്ടത്തിലാണ്. രാജ്യത്തിന്റെ മതേതരത്വം, പരമാധികാരം എന്നിവ സംരക്ഷിക്കണമെന്ന് താല്പര്യമുള്ളവരുടെ ഒരു വിശാല സഖ്യം രൂപീകരിക്കണം. ഒരു വിഷയാധിഷ്ടിത ഐക്യ മുന്നണികൊണ്ട് കാര്യമില്ല. ബിജെപി സർക്കാർ പിന്തുടരുന്ന മതേതര വിരുദ്ധ, ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള ചർച്ചകൾ ഈ വിശാല സഖ്യം ആരംഭിക്കേണ്ട സാഹചര്യമാണ്. ഒരു മാറ്റം സാധ്യമാണെന്ന ആത്മവിശ്വാസം രാജ്യത്തെ ജനങ്ങൾക്ക് നൽകാൻ ഈ വിശാല സഖ്യത്തിന് കഴിയണം.

ENGLISH SUMMARY: The les­son that gives from Del­hi election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.