വായ്പാ മൊറട്ടോറിയം കാലാവധി ഇന്ന് അവസാനിക്കും; ഇടപെടാതെ കേന്ദ്രസർക്കാർ

Web Desk

ന്യൂഡൽഹി

Posted on August 31, 2020, 8:17 am

റിസർവ് ബാങ്ക് പ്രഖ്യാപിച്ച വായ്പാ മൊറട്ടോറിയം കാലാവധി ഇന്ന് അവസാനിക്കുന്നു. കോവിഡ് പശ്ചാത്തലത്തിലായിരുന്നു ആറ് മാസത്തെ വായ്പാ മൊറട്ടോറിയം റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നുവെങ്കിലും ആർബിഐയും കേന്ദ്രസർക്കാരും ഇത് അവഗണിക്കുകയായിരുന്നു. കോവിഡ് പ്രതിസന്ധിയില്‍ തൊഴിലും വരുമാനമാര്‍ഗവും നഷ്ടപ്പെട്ടവര്‍ വായ്പ എങ്ങനെ തിരിച്ചടയ്ക്കുമെന്ന ആശങ്കയിലേക്കാണ് വീഴുന്നത്.

മൊറട്ടോറിയം കാലയളവിൽ പലിശ ഒഴിവാക്കുന്നത് സംബന്ധിച്ച കേസ് സുപ്രിംകോടതി നാളെ വീണ്ടും പരിഗണിക്കുന്നുണ്ട്. വിഷയത്തിൽ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കാത്തതിൽ കോടതി രൂക്ഷവിമർശനം നടത്തിയിരുന്നു. ദുരന്തനിവാരണ നിയമപ്രകാരം പലിശ ഒഴിവാക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. കോവിഡ് പ്രതിസന്ധിയില്‍ നിരവധിപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ഉപജീവനമാര്‍ഗം ഇല്ലാതാകുകയും നിരവധി ബിസിനസുകള്‍ പ്രതിസന്ധിയിലാകുകയും ചെയ്ത സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് ലോണ്‍ മോറട്ടോറിയം പ്രഖ്യാപിച്ചത്.

മെയ് 31ന് അവസാനിക്കുന്ന രീതിയിലായിരുന്നു ആദ്യ ഘട്ടം മോറട്ടോറിയം. പിന്നീടത് ഓഗസ്റ്റ് 31 വരെ നീട്ടി. മൊറട്ടോറിയം കാലയളവിലെ പലിശതന്നെ രണ്ട് ലക്ഷം കോടി രൂപയോളം വരുമെന്ന് റിസർവ് ബാങ്ക് സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. വായ്പാ മൊറട്ടോറിയം നീട്ടുന്നതില്‍ ബാങ്കുകള്‍ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. വായ്പ തിരിച്ചടവ് അടയ്ക്കാന്‍ കഴിവുള്ളവര്‍പോലും മോറട്ടോറിയം ഉപയോഗിക്കുന്നുണ്ടെന്നും അതിനാല്‍ നീട്ടരുതെന്നുമാണ് ബാങ്കുകളുടെ നിലപാട്. മൊറട്ടോറിയം ഒരു താല്‍ക്കാലിക പരിഹാരം മാത്രമാണെന്നാണ് ആർബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെയും നിലപാട്.

തൊഴില്‍ നഷ്ടപ്പെട്ടവരും വലിയ തുക വായ്പയെടുത്ത് ബിസിനസ് തുടങ്ങിയവരും ഈ പ്രതിസന്ധിഘട്ടത്തെ എങ്ങനെ നേരിടണമെന്നറിയാത്ത അവസ്ഥയിലാണ്. കൊറോണ വ്യാപനത്തെ തുടര്‍ന്നുള്ള പ്രതിസന്ധികള്‍ വ്യവസായ‑വാണിജ്യ മേഖലയില്‍ തുടരുന്ന പശ്ചാത്തലത്തില്‍ മൊറട്ടോറിയം കാലാവധി നീട്ടാതിരുന്നാല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായേക്കുമെന്ന് സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നു. വായ്പാ മൊറട്ടോറിയം ഡിസംബര്‍ വരെ നീട്ടണമെന്ന് ആവശ്യപ്പെടുന്ന ഹർജിയും സുപ്രീം കോടതിക്ക് മുന്നിലുണ്ട്.

ENGLISH SUMMARY:The loan mora­to­ri­um will end today with­out the inter­ven­tion of the Cen­tral Gov­ern­ment
You may also like this video