വിക്രം ലാന്‍ഡറിന്റെ സ്ഥാനം കണ്ടെത്തി

Web Desk
Posted on September 08, 2019, 2:49 pm

ബംഗളുരു: ചന്ദ്രയാന്‍2ന്റെ ലാന്‍ഡര്‍ വിക്രമിനെ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തി. ഇതുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചു വരികയാണെന്ന് ഐഎസ്ആര്‍ഒ മേധാവി കെ ശിവന്‍ അറിയിച്ചു.

ശനിയാഴ്ച രാവിലെയാണ് ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങാനുള്ള ചരിത്രപരമായ ശ്രമത്തിനിടെയായിരുന്നു ബന്ധം നഷ്ടമായത്. ചന്ദ്രോപരിതലത്തിന് കേവലം 2.1 കിലോമീറ്റര്‍ ദൂരത്ത് വച്ചാണ് ബന്ധം നഷ്ടമായത്. ലാന്‍ഡറിന്റെ തെര്‍മല്‍ ചിത്രം ഓര്‍ബിറ്റര്‍ പകര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇനിയും ആശയവിനിമയം പുനഃസ്ഥാപിക്കാനായിട്ടില്ല. ഉടന്‍ തന്നെ ബന്ധം പുനഃസ്ഥാപിക്കാനാകുമെന്ന പ്രതീക്ഷയും ശിവന്‍ പങ്കുവച്ചു. ലാന്‍ഡറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആയിരം കോടിരൂപ ചെലവിട്ട ചാന്ദ്രയാന്‍2 ദൗത്യത്തിലൂടെ ബഹിരാകാശ രംഗത്ത് ചരിത്രം സൃഷ്ടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യ. ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ ഇതിലൂടെ മാറിയേനെ. അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ മാത്രമാണ് നേരത്തെ ചന്ദ്രോപരിതലത്തില്‍ ബഹിരാകാശ വാഹനങ്ങള്‍ വിജയകരമായി ഇറക്കിയത്. ആദ്യ ശ്രമത്തില്‍ തന്നെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമെന്ന പദവിയും ഇതിലൂടെ ഇന്ത്യയ്ക്ക് ലഭിക്കുമായിരുന്നു. അവസാനഘട്ടത്തിലെ തെറ്റായ ചില നടപടികളാണ് ബന്ധം നഷ്ടമാകാനുള്ള കാരണമെന്ന് കെ ശിവന്‍ കഴിഞ്ഞ ദിവസം ദൂരദര്‍ശന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ലാന്‍ഡിംഗിന്റെ അവസാന പതിനഞ്ച് മിനിറ്റ് ഏറെ നിര്‍ണായകമാണെന്ന് നേരത്തെ തന്നെ ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരുന്നു. പതിനഞ്ച് മിനിറ്റ് ഭീകരത എന്നാണ് അവര്‍ ഇതിനെ വിശേഷിപ്പിച്ചിരുന്നത്.

വളരെ സങ്കീര്‍ണമായ പ്രക്രിയയാണിത്. തങ്ങള്‍ക്ക് ഇത് പുതുമയുള്ളതും. നേരത്തെ ചെയ്തവര്‍ക്ക് പോലും ഇത് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിക്രം ലാന്‍ഡറും ഇതിനുള്ളിലുള്ള ലൂണാര്‍ റോവര്‍ പ്രഗ്യാനും പതിനാല് ദിവസം മാത്രമാണ് പ്രവര്‍ത്തിക്കുകയെന്നും ഈ വേളയില്‍ ധാരാളം ഉപരിതല പരീക്ഷണങ്ങള്‍ നടത്തുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു.
എന്നാല്‍ ചന്ദ്രനെ വലം വയ്ക്കുന്ന ഓര്‍ബിറ്റര്‍ ഏഴ് വര്‍ഷം പ്രവര്‍ത്തിക്കുമെന്നാണ് ഇപ്പോഴത്തെ നിരീക്ഷണം. ഇതിലൂടെ ചന്ദ്രന്റെ ഭ്രമണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാകും. കൂടാതെ ചന്ദ്രനിലെ ധാതുക്കളെയും ജലസാനിധ്യത്തെക്കുറിച്ചും അറിയാനാകും.

ജൂലൈ 22ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിക്ഷേപണം മാറ്റി വച്ചു. വിക്ഷേപണത്തിന് കേവലം അരമണിക്കൂര്‍ മാത്രമുള്ളപ്പോഴാണ് ഇത് മാറ്റി വച്ചത്. ഐഎസ്ആര്‍ഓയുടെ ഏറ്റവും ശക്തിയേറിയ റോക്കറ്റായ ജിഎസ്എല്‍വി മാര്‍ക്ക്3യിലാണ് ചന്ദ്രയാന്‍2 വിക്ഷേപണം നടത്തിയത്.