March 21, 2023 Tuesday

പ്രധാനമന്ത്രിക്കും, മുൻ പ്രധാനമന്ത്രിമാർക്കും എതിരായ ആരോപണങ്ങൾ ലോക്പാൽ ഫുൾ ബെഞ്ച് പരിഗണിക്കും

Janayugom Webdesk
ന്യൂഡൽഹി
March 4, 2020 9:17 pm

പ്രധാനമന്ത്രിക്കും മുൻ പ്രധാനമന്ത്രിമാർക്കും എതിരായ അഴിമതി ആരോപണങ്ങൾ ലോക്പാലിന്റെ ഫുൾ ബെഞ്ച് പരിഗണിക്കും. ലോക്പാൽ സംബന്ധിച്ച് കേന്ദ്ര പേഴ്സണൽ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ ചട്ടങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പരാതികൾ പ്രാഥമികമായി പരിശോധിച്ച് തള്ളാൻ ലോക്പാലിന്റെ ഫുൾ ബെഞ്ചിന് അധികാരം ഉണ്ടായിരിക്കും. പരാതി എന്തുകൊണ്ടാണ് തള്ളുന്നതെന്ന് വിശദീകരിക്കേണ്ടതില്ല. ലോക്പാൽ രൂപീകൃതമായി ഒരു വർഷത്തിന് ശേഷം ആണ് ചട്ടം രൂപീകരിച്ച് സർക്കാർ വിജ്ഞാപനം ഇറക്കുന്നത്.

ലോക്പാൽ നിയമത്തിലെ 14-ാം വകുപ്പിലെ ഒന്നാം ഉപവകുപ്പ് പ്രകാരം പൊതുപ്രവർത്തകർക്കെതിരെ ലഭിക്കുന്ന പരാതികൾ ലോക്പാൽ പ്രാഥമികമായി പരിശോധിക്കുമെന്ന് പേഴ്സണൽ മന്ത്രാലയം പുറത്തിറക്കിയ ചട്ടത്തിൽ വിശദീകരിക്കുന്നു. പ്രധാനമന്ത്രി, മുൻപ്രധാനമന്ത്രി എന്നിവർക്കെതിരെ ആണ് പരാതിയെങ്കിൽ ലോക്പാലിന്റെ ഫുൾ ബെഞ്ച് ആണ് പരാതി പ്രാഥമികമായി പരിശോധിക്കുക. തുടർന്ന് പരാതിയിൽ കഴമ്പില്ല എങ്കിൽ കാരണം വ്യക്തമാക്കാതെ ലോക്പാലിന് തള്ളാം.
പരാതിയിൽ കഴമ്പുണ്ടെങ്കിൽ വിശദമായി വാദം കേൾക്കാം. എന്നാൽ അത് രഹസ്യവാദം ആയിരിക്കും. പരാതികളുമായി ബന്ധപ്പെട്ട ലോക്പാലിന്റെ നടപടികൾ പരസ്യപ്പെടുത്തേണ്ടതില്ലെന്നും ചട്ടങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. പരാതി കേന്ദ്രമന്ത്രിമാർക്കോ എംപി മാർക്കോ എതിരെയാണെങ്കിൽ പ്രാഥമികമായി വാദം കേൾക്കേണ്ടത് മൂന്ന് അംഗങ്ങളിൽ കുറയാത്ത ലോക്പാൽ ബെഞ്ച് ആയിരിക്കണം എന്നും ചട്ടത്തിൽ വിശദീകരിച്ചിട്ടുണ്ട്.

ചട്ടം നിലവിൽ വന്നതോടെ ജസ്റ്റിസ് പി സി ഘോഷിന്റെ അധ്യക്ഷതയിൽ ഉള്ള ബെഞ്ചിന് പരാതി ലഭിച്ചാൽ ലോക്പാലിന്റെ അന്വേഷണ വിഭാഗത്തിന് പ്രാഥമിക അന്വേഷണത്തിനായി കൈമാറാം. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ ലോക്പാലിന് സിബിഐ പോലുള്ള അന്വേഷണ ഏജൻസിയെ കൊണ്ട് അന്വേഷണം നടത്തിക്കാം. അന്വേഷണം പൂർത്തിയാകുന്നതുവരെ പരാതിക്കാരനെ സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണം.

ENGLISH SUMMARY:The Lok­pal Full Bench will con­sid­er the alle­ga­tions against the Prime Min­is­ter and for­mer prime ministers

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.