സിന്ധു-ഗംഗാ സമതലങ്ങളിൽ ജീവിക്കുന്നവരുടെ ആയുർദൈർഘ്യത്തിൽ ഏഴ് വർഷം കുറഞ്ഞു

Web Desk
Posted on October 31, 2019, 10:13 pm

ന്യൂഡൽഹി: സിന്ധു-ഗംഗാ സമതലങ്ങളിൽ ജീവിക്കുന്നവരുടെ ആയുർദൈർഘ്യത്തിൽ ഏഴ് വർഷം കുറവുണ്ടായെന്ന് റിപ്പോർട്ട്. അന്തരീക്ഷ മലിനീകരണമാണ് ഇതിന് കാരണമായതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വടക്കേഇന്ത്യയിലെ മലിനീകരണം രാജ്യത്തെ മറ്റിടങ്ങളെക്കാൾ മൂന്നിരട്ടി അപകടകരമാണെന്നും 1998–2016 കാലത്ത് നടത്തിയ പഠനം വ്യക്തമാക്കുന്നു. ഇന്ത്യൻ ജനസംഖ്യയുടെ നാൽപ്പത് ശതമാനവും നിവസിക്കുന്നത് ബിഹാർ, ഛത്തീസ്ഗഡ്, ചണ്ഡ‍ിഗഢ്, ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ തുടങ്ങിയ സിന്ധു-ഗംഗാതടത്തിലാണ്. രാജ്യത്തെ മറ്റിടങ്ങളെക്കാൾ ഇരട്ടിയാണ് ഈ സംസ്ഥാനങ്ങളിലെ മലിനീകരണത്തോതെന്നും ചിക്കാഗോ സർവകലാശാലയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട അന്തരീക്ഷ ഗുണനിലവാര സൂചിക വ്യക്തമാക്കുന്നു.

2016ഓടെ തന്നെ മലിനീകരണത്തോതിൽ 72ശതമാനം വർധനയുണ്ടായിരുന്നു. ഇതോടെ ആയുർദൈർഘ്യത്തിൽ 3.4 വർഷത്തെ ഇടിവുണ്ടായി. അന്തരീക്ഷമലിനീകരണം വീണ്ടും വർധിച്ചതോടെ ആയൂർദൈർഘ്യം 7.1 വർഷം കൂടി കുറഞ്ഞിരിക്കുന്നു.  മലിനീകരണത്തോത് കുറഞ്ഞിരിക്കുന്നതിനാൽ രാജ്യത്തെ മറ്റ് പ്രദേശങ്ങളിലെ ജനങ്ങൾക്ക് സിന്ധു-ഗംഗാതടത്തിലെ ജനങ്ങളെക്കാൾ ആയുർദൈർഘ്യം കൂടുതലാണ്.
ദേശീയ സുസ്ഥിര മലിനീകരണ നിയന്ത്രണത്തിലൂടെയും ശുദ്ധവായു പദ്ധതിയിലൂടെയും രാജ്യത്തെ മലിനീകരണത്തോത് 25ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യം കൈവരിക്കാനായാൽ അന്തരീക്ഷ വായുവിന്റെ ഗുണമേൻമ മെച്ചപ്പെടുകയും ഇത് ആയുർദൈർഘ്യത്തിൽ 1.3 വർഷത്തിന്റെ വർധനയുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഡൽഹിയിലെ പൊതുജനാരോഗ്യം ഗുരുതര സ്ഥിതിയിലാണെന്നും മലിനീകരണം നിയന്ത്രിക്കാൻ അടിയന്തര നടപടി വേണമെന്നും പഠനത്തെക്കുറിച്ചുള്ള പ്രഖ്യാപന വേളയിൽ പങ്കെടുത്ത ശ്വാസകോശ രോഗവിദഗ്ധൻ അരവിന്ദ് കുമാർ പറഞ്ഞു. ശുദ്ധവായു മനുഷ്യാവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.