September 28, 2022 Wednesday

Related news

December 9, 2021
June 20, 2021
May 27, 2021
May 23, 2021
December 29, 2020
November 16, 2020
October 28, 2020
June 15, 2020
June 14, 2020
June 8, 2020

തൊഴിൽ നഷ്ടം രൂക്ഷം: ഇരുട്ടിൽ തപ്പി മോഡി സർക്കാർ

പ്രത്യേക ലേഖകൻ
ന്യൂഡൽഹി:
May 10, 2020 8:59 pm

കൊറോണ വ്യാപനത്തെ തുടർന്നുള്ള തൊഴിൽ നഷ്ടം പരിഹരിക്കുന്നതിനായി മോഡി സർക്കാർ ഇപ്പോഴും ഇരുട്ടിൽ തപ്പുന്നു. കൂടുതൽ പേർക്ക് തൊഴിൽ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിന് പകരം കോർപ്പറേറ്റുകളുടെ താൽപ്പര്യങ്ങൾക്ക് വഴങ്ങി ജോലി സമയം വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള തൊഴിലാളി വിരുദ്ധനയങ്ങളാണ് മോഡി സർക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളും ചെയ്യുന്നത്. മാർച്ച് മാസത്തിൽ മാത്രം രാജ്യത്ത് 80 ലക്ഷം പേർക്കാണ് തൊഴിൽ നഷ്ടമായത്. ഏപ്രിൽ മാസത്തോടെ രാജ്യത്ത് 12.12 കോടി പേർക്ക് തൊഴിൽ നഷ്ടമുണ്ടായെന്നാണ് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി നടത്തിയ പഠനത്തിൽ പറയുന്നത്.

ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്നും കരകയറാൻ ഉത്തേജക പാക്കേജുകൾ ആവശ്യമാണെന്ന് കോർപ്പറേറ്റുകൾ ആവശ്യപ്പെടുമ്പോഴും സാധാരണ തൊഴിലാളികളുടെ കാര്യം മോഡി സർക്കാർ അവഗണിക്കുന്നു. ലോക്ഡൗണിനെ തുടർന്ന് ചെറുകിട കച്ചവടക്കാരും അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ജീവിതവുമാണ് കരകയറാൻ കഴിയാത്ത വിധം പ്രതിസന്ധിയിലായത്. ഇവർക്കിടയിൽ മാത്രം ഒമ്പത് കോടി പേർക്കാണ് തൊഴിൽ നഷ്ടമായത്. മാസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാരുടെ തൊഴിലുകളും നഷ്ടപ്പെട്ടു. ഏപ്രിൽ മാസത്തെ കണക്കുകൾ പ്രകാരം ഇവരിൽ 1.8 കോടി പേർക്കാണ് തൊഴിൽ നഷ്ടമായത്.

കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ജീവനക്കാരെ പിരിച്ചുവിടരുതെന്ന നിർദ്ദേശം വിവിധ തൊഴിൽ സ്ഥാപനങ്ങൾക്ക് നൽകിയിരുന്നു. ഇതൊക്കെ കാറ്റിൽപ്പറത്തിയാണ് തൊഴിലാളികളെ തൊഴിലുടമകൾ വഴിയാധാരമാക്കിയത്. സേവന മേഖലയിൽ പ്രവർത്തിക്കുന്ന സ്വയംസംരഭക സ്ഥാപനങ്ങളിലും ഗണ്യമായ തൊഴിൽ നഷ്ടമുണ്ടായി. 1.8 കോടി പേർക്കാണ് തൊഴിൽ നഷ്ടമായതെന്ന് നാസ്കോം ഉൾപ്പെടെ ഐടി മേഖലയിലെ സംഘടനകൾ പറയുന്നു. കാർഷിക മേഖലയിൽ മാത്രമാണ് തൊഴിൽ വർധന ഉണ്ടായത്.

ഏപ്രിൽ മാസത്തെ കണക്കുകൾ പ്രകാരം 58 ലക്ഷം പേർക്ക് ഈ മേഖലയിൽ കൂടുതലായി തൊഴിൽ ലഭിച്ചു. എന്നാൽ ഇവർക്ക് അർഹമായ വേതനം നൽകിയില്ലെന്നും സിഎംഐഇ സർവേ പറയുന്നു. കൊയ്ത്ത് കാലമായതുകൊണ്ടാണ് ഏപ്രിൽ മാസത്തിൽ കൂടുതൽ തൊഴിലുകൾ ലഭിച്ചത്. എന്നാൽ വേനൽ കാലമായ മെയ് മാസത്തിൽ തൊഴിലവസരങ്ങൾ ഗണ്യമായി കുറയും. കൊടും പട്ടിണിയാകും ഈ മാസം പാവപ്പെട്ട കർഷക തൊഴിലാളികളെ കാത്തിരിക്കുന്നത്. മാർച്ച് 24ന് ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷം 13 കോടി തൊഴിലവസരങ്ങളാണ് നഷ്ടപ്പെട്ടത്. ഗ്രാമീണ മേഖലയിൽ 8.45 കോടിയും നഗര മേഖലകളിൽ 4.5 കോടി തൊഴിലുകളുമാണ് നഷ്ടമായത്. ചില്ലറ വ്യാപാര മേഖല, മൊത്ത വ്യാപാരം, ഗതാഗതം, നിർമ്മാണം, തുടങ്ങിയ മേഖലകളിലാണ് കൂടതൽ തൊഴിൽ നഷ്ടമുണ്ടായത്.

ഇവർക്ക് അവശ്യഭക്ഷ്യ വസ്തുക്കൾ പോലും ലഭ്യമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ഈ പ്രതിസന്ധി കാലഘട്ടത്തിൽ തൊഴിലാളികൾക്ക് സഹായമായി 7500 രൂപ വീതം നൽകണമെന്ന് എഐടിയുസി ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ 500 രൂപമാത്രമാണ് ജൻധൻ അക്കൗണ്ട് ഉടമകൾക്ക് നൽകിയത്. ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ പട്ടിണി മൂലം തൊഴിലാളികളുടെ മരണവും ആത്മഹത്യയും ഗണ്യമായി വർധിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നത്.

ENGLISH SUMMARY: The loss of jobs: Modi government

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.