June 30, 2022 Thursday

Latest News

June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022

മനുഷ്യത്വം മരവിച്ച മാഫിയകൾ

By Janayugom Webdesk
February 2, 2020

മനുഷ്യന്റെ ക്രൂരതകൾക്ക് അതിരില്ലായെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് കാട്ടാക്കടയിൽ സംഗീത് എന്ന മുൻ സൈനികനുണ്ടായ ദുരന്തം. സംഗീതിന്റെ വീടിനോടു ചേർന്ന സ്വന്തം ഭൂമിയിൽ നിന്നും തന്റെ അനുവാദം പോലുമില്ലാതെ രാത്രിയുടെ മറവിൽ മണ്ണിടിക്കുന്നതു കണ്ടിട്ടാണ് അതു തടയുന്നതിനു വേണ്ടി സംഗീത് ശ്രമിച്ചത്. ഒരു പ്രവാസി എന്നതിനേക്കാൾ വിമുക്തഭടൻ ആണെന്നതുകൊണ്ട് നേരിട്ടു തടയുന്നതിനെക്കാ­ൾ നിയമപാലകരെ അറിയിക്കുന്നതാണ് ശരിയെന്ന് ആ യുവാവ് ധരിച്ചു. പൊലീസിനെ വിവരം അറിയിച്ചു. അർദ്ധരാത്രിയിൽ തന്റെ മണ്ണ് താനറിയാതെ ഒരു സംഘം ആളുകൾ ജെസിബിയും ടിപ്പർലോറിയും കൊണ്ടുവന്ന് ഇടിച്ചു നിരത്തിക്കൊണ്ടുപോകുന്നു എന്ന് കാട്ടാക്കട പൊലീസിൽ സംഗീത് വിളിച്ചറിയിച്ചു. ഏതാനും ദൂരം മാത്രം അകലെ സ്ഥിതി ചെയ്യുന്ന പൊലീസ് സ്റ്റേഷനിൽ നിന്നും പൊലീസ് എത്തിച്ചേരുന്നതിന് ഉദ്ദേശം ഒരു മണിക്കൂർ സമയം എടുത്തുവെന്നാണ് അറിയാൻ കഴിഞ്ഞത്. ആ സമയംകൊണ്ട് സംഗീതിന്റെ വീടിന്റെ മതിലും അദ്ദേഹത്തിന്റെ കാറും മണ്ണുമാന്തി കൊണ്ട് തകർത്തു. ഭാര്യയുടെ നിർബന്ധത്താൽ വീടിനകത്തു കയറിപ്പോയ മുൻ ജവാൻ സംഗീത് മതിലും കാറും തകർത്തപ്പോൾ വീണ്ടും വീടിനു പുറത്തിറങ്ങി ഗുണ്ടാ സംഘങ്ങളോട് മനുഷ്യ സഹജമായ തർക്കങ്ങൾ ഉന്നയിച്ചു. വീടിനു മുന്നിൽ ഇറങ്ങിനിന്ന ആ ചെറുപ്പക്കാരനെ ടിപ്പർ കൊണ്ടും മണ്ണുമാന്തി യന്ത്രം കൊണ്ടും മാഫിയാ കണ്ണികളായ ഗുണ്ടകൾ ഇടിച്ചിടുകയായിരുന്നു.

തലയോട്ടിയും വാരിയെല്ലും തകർത്ത സംഗീതിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. മണ്ണുമാഫിയയുടെ മുൻപിൽ തലയുയർത്തി നിന്ന സംഗീത് മരണത്തിന് കീഴടങ്ങിയത് പൊലീസ് കാണിച്ച അനാസ്ഥ ഒന്നുകൊണ്ടു മാത്രമാണ്. സസ്യശ്യാമള സുന്ദരമായ കേരളത്തിന്റെ കുന്നുകളെല്ലാം ഇടിച്ചു നിരത്തിയിട്ടും തണ്ണീർ തടങ്ങളും നെൽവയലുകളുമെല്ലാം നികത്തിയിട്ടും ഈ മണ്ണുമാഫിയകൾക്ക് ഇനിയും ദാഹം തീരുന്നില്ല. തുടർച്ചയായ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും എണ്ണമറ്റ ജീവനും സ്വത്തിനും ഹാനിവരുത്തിയിട്ടും ഇവർ തൃപ്തരല്ല. പരിസ്ഥിതിയുടെയും തണ്ണീർത്തടങ്ങളുടെയും വയലേലകളുടെയും മരണമണിമുഴങ്ങിയിട്ടുപോലും അധികാരവർഗത്തിന് അങ്ങോട്ടൊന്ന് എത്തിനോക്കാൻ പോലും കഴിയുന്നില്ലല്ലോ എന്നോർത്ത് സാധാരണ ജനങ്ങൾ വിലപിക്കുന്നു. വെള്ളാനയേക്കാൾ വലിയ ജിയോളജി വകുപ്പ് നൽകുന്ന അനിയന്ത്രിതമായ പാസ് ഉപയോഗിച്ചാണ് ഈ മാഫിയ സംഘങ്ങൾ നമ്മുടെ നാട്ടിലെ ഈ നശീകരണ പ്രവർത്തനങ്ങൾ എല്ലാം ചെയ്യുന്നത്. മണ്ണ്-മണൽ മാഫിയാ സംഘങ്ങളും പൊലീസും ഒരു സംഘം രാഷ്ട്രീയ നേതാക്കളും കൂടിചേർന്ന അവിശുദ്ധ കൂട്ടുകെട്ടാണ് ഈ സകല സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും കൂട്ടുനിൽക്കുന്നത്. സംശുദ്ധമായ ഒരന്വേഷണം നടത്തിയാൽ മണ്ണ് മാഫിയാ സംഘത്തോടൊപ്പം അഴിയെണ്ണേണ്ടിവരുന്നവരിൽ ഏറെയും പൊലീസുദ്യോഗസ്ഥരും ചില രാഷ്ട്രീയ പ്രവർത്തകരുമായിരിക്കും. മാഫിയകളുടെ മാസപ്പടി പറ്റുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സംഖ്യയും ചെറുതല്ല. ഈ മാഫിയകളെ സഹായിക്കുന്നതിനാണ് പത്തു മിനിട്ടുകൊണ്ട് സംഭവ സ്ഥലത്തെത്താവുന്ന പൊലീസ് ഒരു മണിക്കൂർ വൈകിയത്.

മണ്ണുമാന്തിയന്ത്രം കൊണ്ട് ഒരുവനെ ഇടിച്ചു കൊന്നത് ആഘോഷമാക്കിയവർ നിശ്ചയമായും കൂട്ടത്തിലുണ്ടാവും. ഒരു കുടുംബത്തെ നിരാലംബമാക്കി ഇനിയും എതിർക്കുന്ന മറ്റുള്ളവരെ പാഠം പഠിപ്പിക്കാനിറങ്ങിയ ഈ ഗുണ്ടാസംഘവുമായി ബന്ധപ്പെട്ട മുഴുവൻ കുറ്റവാളികളെയും നിയമത്തിന്റെ മുൻപിൽ കൊണ്ടു വരണം. കൃത്യം ചെയ്തവരും മണ്ണിടിക്കുന്നതിനുള്ള ഗൂഢാലോചന നടത്തിയവരും അറസ്റ്റു ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും വേണം. സ്വന്തം രാജ്യത്തിന്റെ അതിർത്തി കാത്ത ഒരു ജവാന്, സ്വന്തം വീടിനോട് ചേർന്ന മണ്ണ് സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ജീവൻ ബലി നൽകേണ്ടി വന്നത് ഏറെ ദുഃഖകരമാണ്. ഗുരുതരമായ വീഴ്ച വരുത്തിയ പൊലീസുദ്യോഗസ്ഥരെ ഗൂഢാലോചനയ്ക്കും കൊലപാതകത്തിനുമുള്ള കുറ്റം ചുമത്തി അറസ്റ്റു ചെയ്യണം. കൊലക്കുറ്റത്തിനുള്ള കേസിൽ നിന്നും ബന്ധപ്പെട്ട പൊലീസുദ്യോഗസ്ഥർ രക്ഷപ്പെടാൻ പാടില്ല. അത്ര ഹീനമായ കൃത്യത്തിനാണ് ബോധപൂർവം അവർ കളമൊരുക്കിയത്. കഴിഞ്ഞമാസമാണ് എറണാകുളം ജില്ലയിലെ മരടിൽ നാലു ഫ്ലാറ്റു സമുച്ചയങ്ങൾ സുപ്രീം കോടതിയുടെ ശക്തമായ നടപടികളെ തുടർന്ന് പൊളിച്ചുകളയേണ്ടിവന്നത്. മരടിലെ തണ്ണീർതടങ്ങൾ നികത്തിയും പരിസ്ഥിതി ആഘാതം സൃഷ്ടിച്ചും ഉയർന്ന അംബരചുംബികളാണ് പരമോന്നത നീതിപീഠത്തിന്റെ കർക്കശമായ നിലപാടിനെ തുടർന്ന് നിലംപൊത്തിയത്. നിയമങ്ങളെ കാറ്റിൽ പറത്തി ഒരു സംഘം ലാഭക്കൊതിയന്മാരും ഉദ്യോ­ഗസ്ഥ‑ഭരണവർഗ രാഷ്ട്രീയ നേതൃത്വവും കൂടി നടത്തിയ നിയമവിരുദ്ധവും പരിസ്ഥിതി വിരുദ്ധവുമായ വികല സൃഷ്ടിയെ നിലനിർത്താൻ ബന്ധപ്പെട്ട മാഫിയകൾ എന്തെല്ലാം മാർഗങ്ങളാണ് നിയമ നടപടികളുടെ പേരിൽ വിനിയോഗിച്ചത്.

എത്ര അപേക്ഷയും അപ്പീലും തിരുത്തൽ ഹർജിയുമാണ് സർക്കാരിന്റെ കൂടി ഒത്താശയോടു കൂടിയും ഒത്താശയില്ലാതെയും നീതി പീഠത്തിന്റെ മുൻപിൽ എത്തിയത്. തികഞ്ഞ കാർക്കശ്യത്തോടെ ഉന്നതമായ നീതിപീഠം ഉറച്ച ഒരു തീരുമാനം പ്രഖ്യാപിച്ചപ്പോൾ അഴിമതിയുടെയും നിയമ വിരുദ്ധതയുടെയും മണിസൗധങ്ങൾ നിലം പരിശാക്കപ്പെട്ടു. ഇവിടെ ഇരുമ്പഴിക്കുള്ളിൽ പോകേണ്ടുന്ന ചില മാഫിയ ശൃംഖലകൾ ഉണ്ടെന്നത് എല്ലാവർക്കും അറിയാം. ശക്തമായ നടപടികളിൽക്കൂടി ഈ മാഫിയാ കണ്ണികളെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരുകയും മറ്റു നിയമലംഘകർക്ക് ഒരു പാഠമാവുകയും വേണം. ചേർത്തലയിലെ ഒരു മത്സ്യത്തൊഴിലാളിയായ സഖാവ് പത്മനാഭൻ നൽകിയ കേസിലാണ് ‘കാപ്പികോ’ റിസോർട്ട് പൊളിച്ചു കളയാൻ സുപ്രീംകോടതി സുപ്രധാന വിധി പ്രസ്താവം നടത്തിയത്. നിയമവിരുദ്ധ ഈ നിർമ്മാണത്തെയും ന്യായീകരിക്കാനും നിലനിർത്താനും നാട്ടിലെ ഇരുണ്ട ശക്തികൾ ശ്രമിക്കുമെന്നുള്ളതിൽ തർക്കമില്ല. മൂന്നാറിലെ ‘പ്ലംജൂഡ്’ റിസോർട്ടിന്റെ സ്ഥിതിയും വ്യത്യസ്തമാകില്ല. ഈ മാഫിയകളെ നിലയ്ക്കു നിർത്താൻ സമൂഹമൊന്നാകെ ഉണർന്നേ മതിയാകൂ. തെക്കിന്റെ കശ്മീരായ മൂന്നാർ ഇന്നും അതിന്റെ കുളിർമയും മനോഹാരിതയും നഷ്ടപ്പെട്ട് നിലനില്പിനു വേണ്ടി പോരാടുകയാണ്. തിരുവനന്തപുരത്തെ മൂക്കുന്നിമലയും റാന്നിയിലെ ചെമ്പൻമുടി മലയും കോഴിക്കോട്ടെ ചക്കിട്ടപാറയും കേരള സമൂഹത്തെ നോക്കി വിലപിക്കുകയാണ്. അടിക്കടി വരുന്ന പ്രകൃതി ദുരന്തങ്ങൾ ഒന്നുപോലും നമ്മുടെ നാട്ടിലെ കണ്ണുതുറക്കാത്ത ദൈവങ്ങളുടെ കണ്ണു തുറപ്പിക്കാൻ പര്യാപ്തമാകുന്നില്ല.

പഴുതുകളില്ലാത്ത നിയമനടപടികളിൽക്കൂടിയും അതിലേറെ കർശനമായ ശിക്ഷാ വ്യവസ്ഥകളിൽക്കൂടിയും മാത്രമേ ഈ മാഫിയകളെ നിലയ്ക്കുനിർത്താൻ കഴിയുകയുള്ളൂ. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്ന ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ മഹനീയമായ ആപ്തവാക്യത്തെ ദുരുപയോഗം ചെയ്തുകൊണ്ട് മാഫിയകൾ രക്ഷപ്പെട്ടു പോകാൻ പാടില്ല. കള്ളപ്പണവും കൊള്ളലാഭവും കൈമുതലാക്കിയ മാഫിയകളും രാഷ്ട്രീയ‑ഉദ്യോഗസ്ഥ കൂട്ടുകെട്ടും ഒരുപോലെ നീതിപീഠത്തിന്റെ മുൻപിലും ജനസമൂഹത്തിലും വിചാരണ ചെയ്യപ്പെടണം. സ്വന്തം മണ്ണ് സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ രക്തസാക്ഷിയായ സംഗീതിന്റെ രക്തസാക്ഷിത്വം പോലെ ഇനിയൊന്നുകൂടി ആവർത്തിക്കാതിരിക്കാൻ അധികാരികൾ നാടിന്റെ യഥാർത്ഥ കാവലാളാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.