സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കിയ മാന്ത്രികൻ

Web Desk
Posted on November 26, 2019, 10:13 pm

കേരളത്തിലെ അത്യുന്നത സ്വാതന്ത്ര്യസമര നേ­­താക്കളുടെയും കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളുടെയും കൈവിരലിൽ എണ്ണിത്തീർക്കാവുന്ന പട്ടികയിലാണ് എം എൻ ഗോവിന്ദൻനായരുടെ സ്ഥാനം. എമ്മെന്റെ മുപ്പത്തിയഞ്ചാം ചരമവാർഷികദിനമാണ് ഇന്ന്. ഒളിവിലും തെളിവിലും എന്നപോലെ അധികാരത്തിലും പ്രതിപക്ഷത്തും ഒരുപോലെ തിളങ്ങിയ എമ്മെന്റെ സംഘടനാ സാമർത്ഥ്യവും രാഷ്ട്രീയ നയതന്ത്ര നൈപുണ്യവും കിടയറ്റതാണ്. അതുപോലെ തന്നെ അ­ദ്ദേഹത്തിന്റെ മനുഷ്യപ്പറ്റും കേഡർമാരെ ക­ണ്ടെത്തി വാത്സല്യപൂർവ്വം വളർത്തിയെടുക്കുന്നതിനു­­ള്ള അനിതരസാധാരണമായ കഴിവും കേരള രാഷ്ട്രീയത്തിൽ അവയുടെ മായാത്ത മുദ്ര പതിച്ചിട്ടുണ്ട്.

കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായതിനെക്കുറിച്ച് എം എൻ തന്റെ ആത്മകഥയിൽ ഇങ്ങനെ എഴുതി: ‘1939 ഡിസംബർ മാസം 31ന് ഞാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി ചേർന്നു. അക്കാലങ്ങളിൽ നിയമവിരുദ്ധമായ ഒരു പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കുന്നതുതന്നെ പുളകോൽഗമകരമായ ഒരു കാര്യമായിരുന്നു. മാർക്സിസം — സാമൂഹ്യ വളർച്ചയുടെ നിയമങ്ങളുടെ ഒരു ശാസ്ത്രമാണെന്ന ബോധം, ഈ ശാസ്ത്രത്തിൽ പരിണത പ്രജ്ഞന്മാരായ നേതാക്കന്മാർ എങ്ങോ ഒളിവിൽ ഇരുന്നുകൊണ്ട് നൽകുന്ന നേതൃത്വം രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്കും സോഷ്യലിസത്തിലേക്കും നയിക്കുമെന്നുള്ള വിശ്വാസം, ആ മാറ്റത്തിനു വേണ്ടി ശ്രമിക്കുന്ന സേനയിൽ ഒരംഗമായി ചേരാൻ കഴിഞ്ഞതിലുള്ള അഭിമാനം എല്ലാം തന്നെ ഒരു പുതിയ ലോകത്തിലേക്ക് ഉയർത്തി. 1940 വർഷം ആരംഭിക്കുന്നത് എന്നെ ഒരു കമ്മ്യൂണിസ്റ്റുകാരനായി മാറ്റിക്കൊണ്ടാണ്’.

കേരളത്തിൽ തെരഞ്ഞെടുപ്പിലൂടെ 1957 ലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അധികാരാരോഹണം ലോകചരിത്രത്തിൽ തന്നെ സുപ്രധാന സംഭവമായിരുന്നു. ഈ മഹാസംഭവത്തിന്റെ സ്രഷ്ടാക്കളിൽ ഒന്നാമൻ ആ­രാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ — എം എൻ ഗോവിന്ദൻ നായർ. വാസ്തവത്തിൽ പാർട്ടിയുടെ സംസ്ഥാന നേതാക്കളിൽ തന്നെ എത്രപേർക്ക് ആ വിജയത്തെക്കുറിച്ച് പ്രതീക്ഷ ഉണ്ടായിരുന്നുവെന്ന് അറിഞ്ഞുകൂടാ. എന്തായാലും കമ്മ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര നേതാക്കളി­ൽ ഭൂരിപക്ഷത്തിനും ആ പ്രതീക്ഷ ഇല്ലായിരുന്നു­വെന്നും വിജയം കമ്മ്യൂണിസ്റ്റ് വിരുദ്ധരെ എന്നപോലെ പാർട്ടി നേതൃത്വത്തിൽ വലിയ വിഭാഗത്തിനെയും അത്ഭുതപ്പെടുത്തിയെന്നുള്ളതാണ് വസ്തുത. എന്നാൽ അതേക്കുറിച്ച് ആദ്യം മുതൽ പൂർണവിശ്വാസം ഉണ്ടായിരുന്ന ഒരാൾ എം എൻ ആണ്. കേരള ജനതയെ ഉളളം കൈ പോലെ അറിയുമായിരുന്ന എം എന്റെ വിസ്മയകരമായ തന്ത്രങ്ങളും അടവുകളും ആ വിജയത്തിൽ വഹിച്ച പങ്ക് എത്ര വലുതായിരുന്നുവെന്ന് വിവരിക്കാനാവില്ല. ആദ്യ കമ്മ്യൂണിസ്റ്റ് വിജയത്തിന്റെ പിന്നിലെ സംഘാടകനും പ്രചോദനവുമായാണ് എമ്മെനെ കാലഘട്ടം വിലയിരുത്തുന്നത്.

ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ കാര്യത്തിൽ എം എൻ നൽകിയ ശ്രദ്ധേയമായ സംഭാവനകളും സുപ്രധാനമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒറ്റയ്ക്ക് മത്സരിക്കാൻ ആത്മവിശ്വാസം പകർന്നു നൽകിയത് അദ്ദേഹമാണ്. സഖ്യമില്ലെങ്കിൽ വിജയം അസാദ്ധ്യമാകുമെന്ന മറ്റ് പലർക്കുമുണ്ടായിരുന്ന ആശങ്ക അദ്ദേഹത്തെ അലട്ടിയിരുന്നില്ല. എം എൻ ആദ്യമേ വിജയം മനസിൽ കണ്ടിരുന്നു. കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതിയ പുരോഗമനപരമായ നിയമങ്ങൾ സൃഷ്ടിച്ച ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ ശില്പികളിൽ പ്രമുഖനായിരുന്ന എം എൻ ആ സർക്കാരിന്റെ വിപ്ലവകരമായ നടപടികൾക്ക് നേതൃത്വം നൽകി.

സി അച്യുതമേനോൻ സംസ്ഥാന മന്ത്രിസഭയിൽ അംഗമായതിനെ തുടർന്നാണ് എം എൻ ആദ്യമായി പാർട്ടി സംസ്ഥാന സെക്രട്ടറിയാകുന്നത്. ദീർഘനാൾ പാർട്ടി സംസ്ഥാന സെക്രട്ടറിയായും മന്ത്രിയായും എംഎൽഎയായും രാജ്യസഭാംഗമായും ലോക്‌സഭാംഗമായും കമ്മ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര സെക്രട്ടറിയേറ്റംഗമായും എം എൻ പ്രവർത്തിച്ചു. മികച്ച സംഘാടകനും കഴിവുറ്റ പാർലമെന്റേറിയനും ഭരണാധികാരിയുമായിരുന്നു അദ്ദേഹം.

ധീരനായ പോരാളി മികച്ച ഭരണാധികാരി ആയിക്കൊള്ളണമെന്ന് നിർബന്ധമില്ല. എന്നാൽ ഇത് രണ്ടും ഒരാളിനെക്കൊണ്ട് സാദ്ധ്യമാണെന്ന് തെളിയിച്ച ചുരുക്കം പേരിൽ ഒരാളാണ് എം എൻ. അച്യുതമേനോൻ മന്ത്രിസഭയിൽ അംഗമായിരിക്കേ അദ്ദേഹം നടപ്പാക്കിയ ലക്ഷം വീട് പദ്ധതി എത്ര മഹത്തും ആകർഷകവും ആയിരുന്നു. എന്നും സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ളവരോട് എമ്മെന്ന് ഉണ്ടായിരുന്ന അഗാധമായ സ്നേഹവും സഹാനുഭൂതിയും അധികാരസ്ഥാനത്ത് വരുമ്പോൾ എങ്ങിനെ പ്രാവർത്തികമാക്കാമെന്നതിന്റെ മാതൃകയായിരുന്നു ഈ പദ്ധതി. മറ്റുള്ളവർക്കൊക്കെ അപ്രായോഗികമെന്ന് തോന്നിക്കുന്ന സ്വപ്നങ്ങൾ സാദ്ധ്യമാക്കാനുള്ള എമ്മെന്റെ ഇച്ഛാശക്തിയുടെ നിത്യസ്മാരകമായി ലോകത്ത് തന്നെ അപൂർവമായ ലക്ഷം വീട് പദ്ധതി.

കേരളത്തിന്റെ സർവതോന്മുഖ വികസനത്തിന് ആധാരമായി തീർന്ന ഇടുക്കി വൈദ്യുതി പദ്ധതിയുടെ സ്രഷ്ടാവും അന്ന് വൈദ്യുത വകുപ്പ് കൈകാര്യം ചെയ്ത എം എൻ ആയിരുന്നു എന്നത് പ്രധാനമാണ്. ഒരേസമയം ഏറ്റവും പാവപ്പെട്ടവരുടെ അടിയന്തരാവശ്യത്തിനും വ്യവസായ വികസനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾക്കും എം എൻ തുല്യ പരിഗണന നൽകിയെന്നത് ശ്രദ്ധേയമാണ്.

എം എൻ തന്റെ ആത്മകഥയിലെ ‘മഹാപ്രവാഹത്തിലെ ഒരു തുള്ളി’ എന്ന അദ്ധ്യായം അവസാനിപ്പിക്കുന്നത് ഇങ്ങനെ: ”അടിമ വ്യവസ്ഥ മൺമറഞ്ഞതുപോലെ, നാടുവാഴിത്തം പിൻവാങ്ങിയതുപോലെ, മുതലാളിത്ത വ്യവസ്ഥയും അ­തിന്റെ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. ചരിത്രത്തിന്റെ അലംഘനീയമായ ഗതി ആർക്കും തടയാനും തകർക്കാനും കഴിയില്ല. അങ്ങനെ 21-ാം നൂറ്റാണ്ടിലെങ്കിലും മനുഷ്യൻ തന്റെ മഹനീയത ഉയർത്തി പ്പിടിച്ചുകൊണ്ട്, വിദ്വേഷ‑വിവേചനങ്ങളെല്ലാം ഉപേക്ഷിച്ച് സ്നേഹവും സൗഹൃദവും സാഹോദര്യവും പുലർത്തി പ്രകൃതി വിഭവങ്ങളേയും മഹോന്നതങ്ങളായ തന്റെ നേട്ടങ്ങളേയും മനുഷ്യ സമൂഹത്തിനാകെ പ്രയോജനപ്പെടുത്തി ഭൂമിയിൽ സ്വർഗം സൃഷ്ടിക്കുന്നത് സ്വപ്നം കണ്ടുകൊണ്ട് ഇവിടെ നിന്നും വിട പറയണം — അതാണെന്റെ അന്തിമാഭിലാഷം. ”

അധികാരം മാത്രമല്ല പ്രായവും അനാരോഗ്യവും ഒന്നും എം എന്നിലെ പോരാളിയേയോ അധഃസ്ഥിതരോടുള്ള സഹാനുഭൂതിയേയോ കുറയ്ക്കാൻ കാരണമായില്ല. ജീവിതത്തിന്റെ അവസാന കാലത്താണ് പ്രായത്തെയും ഹൃദ്രോഗത്തെയും ഒക്കെ അവഗണിച്ച് അദ്ദേഹം സമര രംഗത്തേക്ക് കുതിച്ചു ചാടിയത്. ബൽച്ചിയിൽ ദളിതർക്കു നേരെ സവർണ ജന്മിമാരുടെ അക്രമമുണ്ടായപ്പോൾ അന്ന് പാർലമെന്റംഗമായിരുന്ന എം എൻ ഒറ്റയ്ക്ക് നടത്തിയ പ്രതിഷേധ പര്യടനം ആവേശകരമായിരുന്നു. ഇതേ തുടർന്ന് പാർലമെന്റിനു മുമ്പിൽ നിരാഹാര സത്യാഗ്രഹം നടത്തുകയെന്ന കൃത്യത്തിനും അദ്ദേഹം മടിച്ചില്ല. എമ്മെനെപ്പോലെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ആ മഹത്തായ പൈതൃകവും പാരമ്പര്യവും പിന്തുടരുക എന്നതാണ് നമുക്ക് അവർക്കായി ചെയ്യാവുന്ന ഏറ്റവും ഉന്നതമായ സ്മരണാഞ്ജലി.