കെ രംഗനാഥ്

ദുബായ്

March 26, 2020, 8:49 am

കാസര്‍കോട്ടെ ‘കൊറോണവ്യാപാരി’ കള്ളക്കടത്തു ശൃംഖലയിലെ മുഖ്യ കണ്ണി

Janayugom Online

കാസര്‍കോട് ജില്ലയില്‍ കൊറോണ വൈറസ് വിതച്ച മലയാളി സ്വര്‍ണം കള്ളക്കടത്തു ശൃംഖലയിലെ മുഖ്യ കണ്ണികളിലൊരാളായിരുന്നുവെന്ന് കണ്ടെത്തി. ദുബായിലെ ദെയ്റ, നായിഫ് മേഖലകളിലെ തൊഴിലാളികളുടെ പാര്‍പ്പിട കേന്ദ്രങ്ങള്‍ ഒളിത്താവളമാക്കിയായിരുന്നു ഇയാള്‍ ഏറെക്കാലമായി കള്ളക്കടത്ത് നടത്തിവന്നതെന്ന് ദുബായ് പൊലീസും ഇന്ത്യന്‍ എംബസിയും നടത്തിയ അന്വേഷണത്തിൽ തെളിവുകള്‍ ലഭിച്ചതായും സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ ഗള്‍ഫിലെ ദുരൂഹ സന്ദര്‍ശനങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും പാസ്പോര്‍ട്ട് റദ്ദാക്കണമെന്നും വിദേശകാര്യ മന്ത്രാലയത്തിന് ഇന്ത്യന്‍ എംബസിയുടെ ദുബായിലെ കോണ്‍സല്‍ ജനറലായ വിപുല്‍ ശുപാര്‍ശ ചെയ്തതായും അറിയുന്നു.

ഇയാള്‍ക്കു പിന്നാലെ ദുബായില്‍ നിന്നും കാസര്‍കോട്ട് എത്തിയ 19 പേരില്‍ 18 പേര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 15 പേരും ദുബായില്‍ ഇയാളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരാണെന്നും അന്വേഷണ സംഘങ്ങള്‍ കരുതുന്നു. കാസര്‍കോട് കൊറോണ വിതച്ച ഇയാള്‍ മലയാളി തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകളില്‍ താമസിച്ചിരുന്നതിനാല്‍ ആ പ്രദേശത്തെ തൊഴിലാളികളുടെ ചികിത്സയ്ക്കും ഭക്ഷണത്തിനും സുരക്ഷയ്ക്കുമുള്ള നടപടികളെടുക്കണമെന്ന് കേരള സര്‍ക്കാര്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുലിനോട് രണ്ടു ദിവസം മുമ്പ് അഭ്യര്‍ത്ഥിച്ചിരുന്നു. കാസര്‍കോട് കൊറോണ പരത്തിയ ഇയാളുടെ ദുബായ് സന്ദര്‍ശനങ്ങളില്‍ ദുരൂഹത നിറഞ്ഞു നിന്നിരുന്നുവെന്നാണ് ഈ ലേബര്‍ ക്യാമ്പുകളിലെ മലയാളികള്‍ വെളിപ്പെടുത്തുന്നത്. ആറു മാസത്തിനുള്ളില്‍ അന്‍പതു തവണയിലേറെ ഇയാള്‍ ഈ ലേബര്‍ ക്യാമ്പുകളില്‍ ഒളിച്ചുതാമസിച്ചിട്ടുണ്ടെന്നാണ് ഇന്ത്യന്‍ എംബസിക്ക് ലഭിച്ച വിവരം.

you may also like this video;

ഏറ്റവുമൊടുവില്‍ കൊറോണ ബാധയുമായി കാസര്‍കോട് എത്തുന്നതിനു മുമ്പ് ഒരു മാസക്കാലത്തിനുള്ളില്‍ പത്തു തവണയെങ്കിലും ഇയാള്‍ ദുബായ് ലേബര്‍ ക്യാമ്പുകളില്‍ വന്നു തങ്ങിയിട്ടുണ്ടെന്നും മലയാളി തൊഴിലാളികള്‍ അന്വേഷണ സംഘങ്ങള്‍ക്ക് മൊഴി നല്കിയിട്ടുണ്ട്. ഇതില്‍ നിന്നും ഇയാള്‍ക്കൊപ്പം വിമാനത്താവളത്തില്‍ കഴിഞ്ഞവര്‍ക്കും നായിഫ്, ദെയ്റാ ക്യാമ്പുകളില്‍ ഇയാള്‍ക്കൊപ്പം താമസിച്ചവര്‍ക്കും രോഗബാധയുണ്ടായതായി കരുതാം. കാസര്‍കോട്ടെത്തിയശേഷം രോഗബാധിതരായ 15 പേരോളം ഇയാളുമായി ദുബായ് ക്യാമ്പുകളില്‍ നിരന്തരം ബന്ധമുള്ളവരായിരുന്നുവെന്ന സ്ഥിരികരണവും പുറത്തുവന്നു. ദുബായില്‍ നിന്ന് തിരിച്ച് നാട്ടിലെത്തിയാല്‍ പിറ്റേന്നോ മൂന്നാം ദിവസമോ വീണ്ടും ദുബായിലേക്ക് കുതിക്കുന്ന ഇയാളുടെ ശീലത്തില്‍ കരിപ്പൂരിലേയോ കണ്ണൂരിലേയോ മംഗാലപുത്തേയോ കസ്റ്റംസ് അധികൃതര്‍ സംശയം പ്രകടിപ്പിക്കാത്തതും ദുരൂഹമാവുന്നു.

കസ്റ്റംസുകാരും ഇയാളും തമ്മിലുള്ള ബന്ധവും അന്വേഷിക്കണമെന്ന് എംബസി വിദേശകാര്യ മന്ത്രാലയത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ദുബായില്‍ നിന്നും റെഡിമെയ്ഡ് വസ്ത്രങ്ങള്‍ വാങ്ങി നാട്ടില്‍ കൊണ്ടുപോയി വില്ക്കുന്ന ബിസിനസാണ് തന്റേതെന്ന് ഇയാള്‍ ലേബര്‍ ക്യാമ്പിലുള്ളവരോടു പറ‍ഞ്ഞിരുന്നു. എന്നാല്‍ ക്യാമ്പില്‍ ഇയാളെ കാണാനെത്തിയിരുന്ന ചില അജ്ഞാതരുടെ സന്ദര്‍ശനവും സ‍ഞ്ചാരങ്ങളും സംശയമുളവാക്കിയിരുന്നതായി തൊഴിലാളികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പൂര്‍ണ രോഗവിമുക്തിയ്ക്കുശേഷം ഇയാളെ കൊണ്ടു വന്ന് ദുബായ് പൊലീസിന്റെ സഹായത്തോടെ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു.