കൊറോണ വൈറസ് ബാധയുടെ ഈ കറുത്ത ദിനങ്ങളില്‍ ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ ശേഖരത്തില്‍ നിന്നും അരി എത്തനോള്‍ ഉല്പാദനത്തിനായി മാറ്റാന്‍ മോഡി സര്‍ക്കാര്‍ തീരുമാനിച്ചു. ആല്‍ക്കഹോള്‍ അധിഷ്ഠിത ഹാന്‍ഡ് സാനിറ്റൈസര്‍ ഉല്പാദനത്തിനായാണ് ഇതത്രെ. എഫ്സിഐ ശേഖരത്തില്‍ ആവശ്യത്തിലേറെ അരിയും മറ്റ് ഭക്ഷ്യധാന്യങ്ങളും ഉണ്ടെന്ന വിലയിരുത്തലിലാണ് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിന്റെ പ്രഖ്യാപനം. അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന കുടിയേറ്റ തൊഴിലാളികളടക്കം നഗര, ഗ്രാമീണ മേഖലകളിലെ അനേക കോടി മനുഷ്യര്‍ ചരിത്രത്തിലെ ഏറ്റവും കനത്ത തൊഴിലില്ലായ്മയേയും പട്ടിണിയേയും നേരിടുമ്പോഴാണ് മോഡി സര്‍ക്കാരിന്റെ കണ്ണില്‍ ചോരയില്ലാത്ത നീക്കം.
രാജ്യത്തെ എഫ്സിഐ ഗോഡൗണുകളില്‍ 77 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യ ശേഖരം ഉണ്ടെന്നാണ് കണക്ക്. അത് ആവശ്യമായ കരുതല്‍ ശേഖരത്തിന്റെ മൂന്നിരട്ടിയില്‍ ഏറെയാണെന്നാണ് വാദം. നടപ്പു വര്‍ഷം മറ്റൊരു 70 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യം കൂടി സംഭരിക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. സാധാരണ സാഹചര്യത്തിലും നിലവിലുള്ള വികലമായ പൊതുവിതരണ നയത്തിന്റെ അടിസ്ഥാനത്തിലും മേല്‍പ്പറഞ്ഞ കണക്കുകള്‍ ശരിയായിരിക്കാം. എന്നാല്‍ രാജ്യത്തെ ജനങ്ങളുടെ യഥാര്‍ത്ഥ ആവശ്യവുമായി പൊരുത്തപ്പെടുന്നവയല്ല ആ കണക്കുകള്‍.
ഒന്നാമതായി പൊതുവിതരണ സംവിധാനത്തിലൂടെ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കേണ്ട ജനങ്ങളെ സംബന്ധിച്ച കണക്ക് 2011 ലെ കാനേഷുമാരി കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. കഴിഞ്ഞ പത്തു വര്‍ഷത്തെ ജനസംഖ്യാ വര്‍ധന അതില്‍ ഉള്‍പ്പെടുന്നില്ല. ദശലക്ഷക്കണക്കിന് അര്‍ഹര്‍ പൊതുവിതരണ സംവിധാനത്തിന് നേരത്തെതന്നെ പുറത്താണ്. മഹാമാരിയെ തുടര്‍ന്നുള്ള അടച്ചുപൂട്ടല്‍ വീണ്ടും ദശലക്ഷങ്ങളെ അരക്ഷിതത്വത്തിലേക്ക് തള്ളിനീക്കിയിരിക്കുന്നു. അതായത്, ഭക്ഷ്യധാന്യങ്ങള്‍ക്ക് പൊതുവിതരണ സംവിധാനത്തെ ആശ്രയിക്കേണ്ടി വരുന്നവരുടെ അംഗസംഖ്യ ഗണ്യമായി ഉയര്‍ന്നിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന, ഒരാള്‍ക്ക് മൂന്നു മാസക്കാലത്തേക്ക് അഞ്ച് കിലോ ഭക്ഷ്യധാന്യം എന്നത് തുലോം തുച്ഛവും യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാത്തതുമാണ്. ലോക പ്രശസ്തരായ സാമ്പത്തിക വിദഗ്ധര്‍ ഭക്ഷ്യധാന്യ വിഹിതം ഒരാള്‍ക്ക് പ്രതിമാസം 10 കിലോ ആയി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സമ്പദ്ഘടനാ സ്തംഭനത്തിന്റെ ഈ കാലഘട്ടത്തെ അതിജീവിക്കാന്‍ വരുന്ന ആറു മാസത്തേക്ക് 137 കോടി ജനങ്ങളില്‍ 110 കോടിക്കെങ്കിലും ഇത് നല്‍കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. എഫ്സിഐ ശേഖരത്തിലുള്ള 77 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യത്തില്‍ 66 ദശലക്ഷം കൊണ്ട് ആറുമാസത്തേക്ക് ഈ ആവശ്യം നിറവേറ്റാനാവും.
റാബി വിളവെടുപ്പും തുടര്‍ന്നുള്ള കാര്‍ഷിക പ്രവര്‍ത്തനവും കാര്യക്ഷമമായി നടപ്പാക്കാനായാല്‍ എഫ്സിഐയുടെ ധാന്യശേഖരം ഒരു വര്‍ഷം കൊണ്ട് ഏതാണ്ട് പുനഃസ്ഥാപിക്കാന്‍ കഴിയും. സമ്പദ്ഘടനയുടെ സ്തംഭനത്തേയും പട്ടിണിയേയും രോഗബാധയേയും അതിജീവിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കാനും ആരോഗ്യത്തോടെ പരിരക്ഷിക്കാനും ഭരണകൂടത്തിന് കഴിയണം. അത് ജനാധിപത്യ സംവിധാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിന്റെ ബാധ്യതയും ഉത്തരവാദിത്വവുമാണ്. ആ ഉത്തരവാദിത്വം നിറവേറ്റാന്‍ വിസമ്മതിക്കുന്നത് രാജ്യത്തെ കടുത്ത പട്ടിണിയിലേക്കും സാമ്പത്തിക തകര്‍ച്ചയിലേക്കും നയിക്കുമെന്ന് നൊബേല്‍ പുരസ്കാര ജേതാക്കളായ അമര്‍ത്യാസെന്‍, അഭിജിത് ബാനര്‍ജി എന്നിവരും രഘുറാം രാജന് ഉള്‍പ്പെടെ വിഖ്യാത സാമ്പത്തിക വിദഗ്ധരും ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലോകം അതീവ ഗുരുതരമായ ഭക്ഷ്യക്ഷാമത്തിലേക്കും പട്ടിണിമരണങ്ങളിലേക്കുമാണ് നീങ്ങുന്നതെന്ന് ഐക്യരാഷ്ട്രസഭാ ഏജന്‍സിയായ ലോക ഭക്ഷ്യ സംഘടന മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു.
അഭൂതപൂര്‍വമായ മഹാമാരിയുടെ പശ്ചാത്തലത്തില്‍ പരമ്പരാഗത സാമ്പത്തിക ധാരണകളോടും സമീപനങ്ങളോടും വിട പറഞ്ഞ് ജനങ്ങളെ രോഗത്തിന്റെ പിടിയില്‍ നിന്നും പട്ടിണി മരണത്തില്‍ നിന്നും സംരക്ഷിക്കാന്‍ ഭരണകൂടങ്ങള്‍ തയ്യാറാവണം. മനുഷ്യരാശി കോവിഡ് മഹാമാരിക്കെതിരെ സുദീര്‍ഘമായ പ്രതിരോധത്തിനും പോരാട്ടത്തിനും തയ്യാറാവണമെന്ന മുന്നറിയിപ്പാണ് ഇതിനകം ലഭിച്ചുകൊണ്ടിരിക്കുന്നത്. ധാന്യങ്ങളില്‍ നിന്നും എത്തനോള്‍ ഉല്പാദിപ്പിക്കുന്നതിനെക്കുറിച്ച് നമ്മെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരുന്നത് അന്താരാഷ്ട്ര വിപണിയിലെ പെട്രോളിയം വിലയുടെ കുതിച്ചുകയറലായിരുന്നു. ഇന്ന് അത് അപ്രസക്തമായിരിക്കുന്നു. ഇപ്പോള്‍ മനുഷ്യനെ അലട്ടുന്ന മുഖ്യപ്രശ്നം വിശപ്പിന്റെ വിളി തന്നെയാണ്. അത് അവഗണിച്ചുകൊണ്ടുള്ള ഏതു നീക്കവും മനുഷ്യരാശിക്ക് എതിരായ അക്ഷന്തവ്യ അപരാധമാണ്.
ENGLISH SUMMARY:the main problem is the call of hunger
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.