May 28, 2023 Sunday

ഞങ്ങൾ ഭൂരിപക്ഷം, പറയുന്നത് നിങ്ങൾ അനുസരിക്കണം

Janayugom Webdesk
December 28, 2019 9:41 pm

ജയശ്ചന്ദ്രൻ കല്ലിംഗൽ

ഈ കുറിപ്പിന്റെ തലവാചകം ഇന്ത്യൻ പാർലമെന്റിൽ ഇന്ത്യയുടെ ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷാ പറഞ്ഞ വാക്കുകളാണ്. ഈ പ്രസ്താവന ഇന്ത്യൻ പാർലമെന്ററി ജനാധിപത്യം ഇന്ന് നേരിടുന്ന വെല്ലുവിളിയെ സൂചിപ്പിക്കുന്നതാണ്. 2019 ലെ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ മാൻഡേറ്റിന്റെ ബലത്തിൽ ആ ജനത്തിന് നേരെ എന്തും ചെയ്യുന്നതിനുള്ള അധികാരം ഞങ്ങൾക്കുണ്ട് എന്ന് പറയുന്നിടത്താണ് നമ്മുടെ ജനാധിപത്യത്തിന്റെ അന്തഃസത്ത ചോദ്യം ചെയ്യപ്പെടുന്നത്. ഭരിക്കാനുളള ഭൂരിപക്ഷം, ഭരിക്കപ്പെടുന്നവരുടെ ഇംഗിതം കൂടി അറിഞ്ഞ് വിനിയോഗിക്കപ്പെടേണ്ടതാണെന്ന സാമാന്യ ബുദ്ധി ഇന്നത്തെ ഭരണകൂടത്തിനില്ല. അധികാരം ജനതയെ ഭരിക്കുന്നതിനുള്ളതാണെന്ന സ്വച്ഛാധിപത്യ ആശയത്തിന്റെ വെളിപ്പെടുത്തലാണ് അമിത് ഷാ പാർലമെന്റിൽ നടത്തിയത്. ബിജെപിക്ക് ലഭിച്ച മാൻഡേറ്റ് എത്രയെന്ന് വിശകലനം ചെയ്യേണ്ടതിവിടെയാണ്. 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ 90 കോടി ജനങ്ങൾക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്. 60.37 കോടി ജനങ്ങൾ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തി. അതിൽ 22.90 കോടി ജനങ്ങളാണ് ബിജെപിക്ക് വോട്ട് ചെയ്തത്. അമിത് ഷാ പറയുന്ന മാൻഡേറ്റിന്റെ പ്രസക്തി ഇവിടെയാണ് ചോദ്യം ചെയ്യപ്പെടുന്നത്. വോട്ടവകാശം ഇല്ലാത്തവരെ കൂടി ചേർത്താൽ ഇന്ത്യയുടെ ജനസംഖ്യ 133.92 കോടിയാണെന്നോർക്കുക. ഇതിൽ 22.90 കോടി പിന്തുണയെന്നാൽ കേവലം 17 ശതമാനം. 5 പേരെ ഒന്നിച്ചെടുത്താൽ ഒരാളിന്റെ മാൻഡേറ്റ് പോലും ബിജെപി സർക്കാരിനില്ല എന്നോർക്കണം.

പാർലമെന്ററി ജനാധിപത്യത്തിൽ ഈ അരിത്തമെറ്റിക്കിനൊന്നും പ്രസക്തിയില്ല എന്നുള്ളത് വാസ്തവമാണെങ്കിലും ഭരണകൂടത്തിനുള്ള പിന്തുണയെ സംബന്ധിച്ച് സർക്കാരിന് ധാരണയുണ്ടാകണം. ജനാധിപത്യത്തിൽ അധികാരമെന്നത് കേവലമായൊരു അടയാളംമാത്രമാണ്. അഞ്ചുപേരിൽ ഒരാളുടെ മാത്രം പിന്തുണ ലഭിക്കുന്നവൻ ഭരണാധികാരിയാകുക എന്നാൽ ജനാധിപത്യത്തിന്റെ അപചയമായി കാണാൻ കഴിയില്ല. എന്നാൽ തെരെഞ്ഞെടുക്കപ്പെടുന്ന ഭരണാധികാരിക്ക് ബോധ്യപ്പെടേണ്ടത് മറ്റ് നാലു പേരുടെയും ആശയങ്ങളും കൂടി ഉൾക്കൊള്ളേണ്ട ചുമതല തങ്ങള്‍ക്കുണ്ടെന്നതാണ്. ഇവിടെയാണ് ജനാധിപത്യത്തിന്റെ വിജയം. ഇതിനെ തമസ്ക്കരിക്കുക എന്നാൽ ജനാധിപത്യത്തിന്റെ അന്തഃസത്തയെ ചോദ്യം ചെയ്യലാണ്. പാർലമെന്ററി ജനാധിപത്യത്തിൽ അധികാരം കേവലം അരിത്തമെറ്റിക്കലിൽ വിശദീകരിക്കാനാകുന്നതല്ല എന്ന ന്യായം ശരിയായിരിക്കാം. നിങ്ങൾക്ക് പാർലമെന്റിനകത്ത് ഭൂരിപക്ഷമുണ്ടാകാം, തെരുവിൽ ഞങ്ങൾക്കാണ് ഭൂരിപക്ഷം എന്ന് പതിനായിരങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സിപിഐ ദേശീയ എക്സി. അംഗം കനയ്യകുമാറിന്റെ പ്രസ്താവന ഇവിടെയാണ് പ്രസക്തമാകുന്നത്. രാഷ്ട്രമെന്നാൽ ജനതയാണ്. ഭരണകൂടമല്ല എന്ന തിരിച്ചറിവില്ലാത്തതാണ് മോഡി-ഷാ കൂട്ടുകെട്ടിന്റെ പരാജയം. ജനതയെ മാനിച്ചുകൊണ്ട്, അവരുടെ അസ്തിത്വത്തെ അംഗീകരിച്ചുകൊണ്ട് മുന്നോട്ടു പോകണമെന്നത് അവരുടെ അജണ്ടയിലില്ല. അധികാരം നമുക്കുള്ളിടത്തോളം ആരെയും ഭയക്കേണ്ടതില്ല എന്നുമാത്രമല്ല വിമതശബ്ദങ്ങൾക്ക് വില കല്പിക്കേണ്ടതില്ല എന്ന സ്വേച്ഛാധിപത്യ ധാർഷ്ട്യമാണ് ഇക്കൂട്ടരെ നയിക്കുന്നത്. ജനാധിപത്യത്തിൽ ഭരണകൂടത്തെ അടയാളപ്പെടുത്തുന്നത് ജനപ്രതിനിധികളും അവർ നിശ്ചയിക്കുന്ന തലവന്മാരും എന്ന ധാരണ തെറ്റാണ്. ഭൂരിപക്ഷം ലഭിക്കുന്ന പ്രസ്ഥാനം മുന്നോട്ട് വയ്ക്കുന്ന തെരഞ്ഞെടുപ്പ് പ്രകടന പത്രികയും അജണ്ടയും മാത്രമാണ് നടപ്പിലാക്കേണ്ടതെന്ന ആശയവും ജനാധിപത്യത്തിന് ചേർന്നതല്ല. മുമ്പ് പറഞ്ഞതുപോലെ 133 കോടി ജനങ്ങളിൽ വെറും 22 കോടി പേർ മാത്രം നൽകിയ അംഗീകാരം മറ്റുള്ളവരുടെ ആശയങ്ങളെ തകർക്കുന്നതിനാകണം എന്നു വരുന്നതും അപകടമാണ്. സ്വന്തം അജണ്ടകൾക്ക് മുൻതൂക്കം നൽകാമെങ്കിലും ബഹുഭൂരിപക്ഷം വരുന്ന ജനതയുടെ ശബ്ദത്തിനും ഭരണകൂടം വിലകല്പ്പിക്കണം. ജനങ്ങൾക്കെതിരായി യുദ്ധം നയിക്കാനല്ല ഭരണാധികാരികൾ ശ്രമിക്കേണ്ടത്. ഏത് ചെറിയ വിമത ശബ്ദത്തിന്റെയും സത്ത ഉൾക്കൊള്ളാൻ തയ്യാറാകുകയാണ് വേണ്ടത്. പൗരത്വ ഭേദഗതി നിയമം ഹിതപരിശോധനക്ക് വിധേയമാക്കണമെന്ന മമതാബാനർജിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധമെന്ന വാദം ഉയർത്തിയാണ് അമിത് ഷാ നേരിട്ടത്. ഹിത പരിശോധന അല്ല അഭിപ്രായസർവ്വെ നടത്തണമെന്നാണ് ഉദ്ദേശിച്ചതെന്ന് മമത പിന്നീട് തിരുത്തുകയുമുണ്ടായി. ഇത്തരം അഭിപ്രായങ്ങൾക്ക് മുൻതൂക്കം ലഭിക്കേണ്ടതുണ്ട്. ജനതയുടെ ആകെ എതിർപ്പ് ഉയർന്നുവരുന്ന സന്ദർഭങ്ങളിൽ അഭിപ്രായ സർവ്വെയുൾപ്പെടെയുള്ള മാർഗ്ഗങ്ങൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയേയുള്ളൂ. കൂടുതൽ ആരോഗ്യകരമായ സംവാദങ്ങൾക്ക് ഇത് ഇടവരുത്തുകയും ജനാധിപത്യം കൂടുതൽ ജനകീയവും സുതാര്യവും ആകുകയും ചെയ്യുമെന്നതിൽ സംശയമില്ല. എല്ലാ പേരെയും ഉൾക്കൊള്ളുന്ന സ്വീകരിക്കുന്ന (inclu­sive) ഘടനയാണ് ജനാധിപത്യത്തിന്റെ ശക്തി. സ്വന്തം പ്രമാണങ്ങൾ മാത്രം നടപ്പിലാക്കാമെന്ന ധാർഷ്ട്യം ജനാധിപത്യത്തിന് ചേർന്നതല്ല. അധികാരം കേവലം യാന്ത്രികമായി നടപ്പിൽ വരുത്തേണ്ട സംഗതിയല്ല.

ബഹുഭൂരിപക്ഷത്തിന്റെ ആത്മാവിനെ തൊട്ടറിയുന്നതിനുള്ള ശക്തിയില്ലാത്ത ഒരു ഭരണകൂടം എന്നും ജനതയുടെ ഇംഗിതത്തിന് എതിരെ പ്രവർത്തിച്ചു കൊണ്ടേയിരിക്കും. ജനതയുടെ ആത്മാഭിമാനത്തെ തെരുവിൽ ചോദ്യം ചെയ്യുന്നതിനും ഭരണകൂടങ്ങൾ ശ്രമിക്കരുത്. ആരും അന്യരല്ല എന്ന ബഹുസ്വരമായ കാഴ്ചപ്പാടാണ് ഭരണകാർത്താക്കൾക്ക് വേണ്ടത്. സംവാദങ്ങളിലൂടെ ഉരുത്തിരിഞ്ഞുവരുന്ന ആശയങ്ങളെ ഉൾക്കൊള്ളുകയാണ് ജനാധിപത്യത്തിന്റെ ശക്തി. തനതായ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യത്തെ നയിക്കുവാൻ ശ്രമിക്കുന്നത് അപകടകരമാണ്. വിമത ശബ്ദങ്ങൾക്കും അംഗീകാരം ലഭിക്കുന്ന ഒരു അന്തരീക്ഷം ജനാധിപത്യത്തിലുണ്ടാകണം. ഇന്ത്യൻ പാർലമെന്ററി ജനാധിപത്യം ഇന്ന് അതിന്റെ അപചയകാലഘട്ടത്തിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യ സംവിധനത്തിന് അടിയന്തരാവസ്ഥ കാലത്തു നേരിടേണ്ടി വന്ന നേർക്കുനേർ ആക്രമണത്തിൽ നിന്നും വിഭിന്നമായി അതിന്റെ മൗലികതക്ക് നേരെയാണ് ഇപ്പോൾ ആക്രമണം നടക്കുന്നത്. അടിയന്തരാവസ്ഥ താല്ക്കാലികമായ ഒരു ഇടപെടൽ മാത്രമായിരുന്നുവെങ്കിൽ ഇന്ന് ജനാധിപത്യത്തിന്റെ അടിവേര് മാന്തുകയാണ് മോഡി സർക്കാർ. രാഷ്ട്രപതിയും ഗവർണ്ണർമാരും സുപ്രീം കോടതിയും അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങൾ പക്ഷപാതപരവും സുതാര്യമല്ലാത്ത നിലപാടുകളുമായി മുന്നോട്ട് പോകുന്നു. പാർലമെന്ററി ജനാധിപത്യത്തിൽ അധികാരം കേന്ദ്രീകരിക്കപ്പെടുന്നതിന്റെ അപകടം നാമിന്ന് അനുഭവിക്കുകയാണ്. ജനാധിപത്യ സംവിധാനത്തിനു ഫലപ്രദമായ പൊളിച്ചെഴുത്തിനെ സംബന്ധിച്ച് ചർച്ചകൾ ഉയർന്നു വരേണ്ട കാലഘട്ടമാണിത്. ഇത്തരം പരിഷ്ക്കാരങ്ങൾക്ക് ഇപ്പോൾ ഇടം ലഭിക്കുകയില്ല എങ്കിലും പുതിയൊരു കാലത്ത് വിമത ശബ്ദങ്ങൾക്ക് കൂടി ഇടം ലഭിക്കത്തക്ക തരത്തിൽ ഒരു സംവിധാനം ഉണ്ടായാൽ മാത്രമേ ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തിന് നിലനിൽപ്പുള്ളു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.