Web Desk

തിരുവനന്തപുരം:

February 06, 2021, 7:44 pm

​ഗ്രെറ്റയുടേത് സ്വന്തം നിലപാടുകളെന്ന് എഫ്ബി കൈകാര്യം ചെയ്യുന്ന മലയാളി

*കർഷക പ്രക്ഷോഭത്തിന് പിന്തുണ തന്റെ ഉപദേശമല്ല
Janayugom Online

ഇന്ത്യയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ട് നടത്തിയ പ്രസ്താവനകൾ പരിസ്ഥിതി പ്രവർത്തകയായ ​ഗ്രെറ്റ തുൻബർ​​ഗിന്റെ സ്വന്തം നിലപാടുകളാണെന്ന് അവരുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന മലയാളിയായ ആദർശ് പ്രതാപ്.
കേന്ദ്ര സർക്കാരിന്റെ കർഷക കരിനിയമങ്ങൾക്കെതിരെ രാജ്യത്ത് നടക്കുന്ന കർഷ പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ടുള്ള ​ഗ്രെറ്റയുടെ പ്രസ്താവനകൾ ആദർശിന്റെ ഉപദേശത്തെ തുടർന്നാണെന്ന ആരോപണങ്ങളുയര്‍ന്നിരുന്നു. ഇതോടൊപ്പം വ്യാപകമായ സൈബർ ആക്രമണമാണ് ആദർശിന് നേരിടേണ്ടിവന്നത്.

2017–18ൽ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ജർമനിയിൽ യുഎൻ സംഘടിപ്പിച്ച ഉച്ചകോടിയിൽ വച്ചാണ് ​ഗ്രെറ്റയെ പരിചയപ്പെട്ടതെന്ന് തിരുവനന്തപുരം സ്വദേശിയായ ആദർശ് പ്രതാപ് പറയുന്നു. അന്ന് ​ഗ്രെറ്റയ്ക്ക് 16 വയസായിരുന്നു പ്രായം. 10,000 ഫോളോവേഴ്സ് മാത്രമുണ്ടായിരുന്ന ​ഗ്രെറ്റയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യാൻ തന്നെ ഏല്പിക്കുകയായിരുന്നുവെന്നും ആദർശ് പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ​ഗ്രെറ്റയുടെ ട്വീറ്റുകൾ അവരുടെ ഫേസ്ബുക്കിലേക്ക് പങ്കുവയ്ക്കുക മാത്രമാണ് ചെയ്തിരുന്നത്. രാഷ്ട്രീയമായ അഭിപ്രായങ്ങൾ ​ഗ്രെറ്റ തന്നെയാണ് ഫേസ്ബുക്കിലിടുന്നത്. കർഷക സമരത്തെക്കുറിച്ചുള്ള ട്വീറ്റും അവർ തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്. കർഷക സമരം സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള വിവരം ധരിപ്പിക്കുകയോ അഭിപ്രായപ്രകടനത്തിന് നിർബന്ധിക്കുകയോ ചെയ്തിട്ടില്ലെന്നും ആദർശ് പറഞ്ഞു.

ഗ്രെറ്റയും യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ട്വിറ്ററിൽ ഏറ്റുമുട്ടിയപ്പോൾ ​ഗ്രെറ്റയുടെ ഫേസ്ബുക്ക് ഹാക്ക് ചെയ്യാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. അന്നാണ് ആദർശ് എന്ന മലയാളിയാണ് ​ഗ്രെറ്റയുടെ ഫേസ്ബുക്ക് കൈകാര്യം ചെയ്യുന്നതെന്ന വാർത്തകൾ പുറത്തുവന്നത്. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള സന്ദേശം ലോകം മുഴുവൻ എത്തിക്കുക എന്നുള്ളതാണ് പ്രധാന ഉദ്ദേശ്യമെന്നും മറ്റ് കാര്യങ്ങളിലുള്ള അവരുടെ അഭിപ്രായം അവരുടേത് മാത്രമാണെന്നും ആദർശ് വ്യക്തമാക്കി.

ENGLISH SUMMARY: The Malay­alee who han­dles the FB says that Gre­ta has her own decission

YOU MAY ALSO LIKE THIS VIDEO