ഇക്കാരണത്താൽ കാമുകിയെ സഹോദരിയാക്കി, ഒടുവിൽ രണ്ട് പേരും അറസ്റ്റിലായി

Web Desk
Posted on October 28, 2019, 8:41 pm

കൊച്ചി: കാമുകിയെ സഹോദരിയാക്കിയ യുവാവ്‌ ഒടുവില്‍ കുടുങ്ങി. പണം ലാഭിക്കാനായി കാമുകിയെ സഹോദരിയാക്കി കേരളത്തിലെത്തി ചുറ്റിയടിച്ച യുവാവ് ആണ് തിരിച്ചു പോകുന്നതിനിടെ പിടിയിലായത്. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ജീവനക്കാരനും ഭുവനേശ്വര്‍ സ്വദേശിയുമായ രാഗേഷും ഇയ്യാളുടെ കാമുകി രസ്മിത ബരാലയുമാണ് സിഐഎസ്‌എഫിന്റെ പിടിയിലായത്.

സൗജന്യ യാത്രാ ആനുകൂല്യം ലഭിക്കാനായി ആധാര്‍ കാര്‍ഡില്‍ കാമുകിയെ സഹോദരിയായി കാണിച്ചാണ് യുവാവും യുവതിയും കേരളത്തിലെത്തിയത്. ഇന്‍ഡിഗോയിലെ ഉദ്യോഗസ്ഥനായ യുവാവിനും കുടുംബത്തിനും വിമാനയാത്ര സൗജന്യമാണ്‌. എന്നാല്‍ കാമുകിയെ കൊണ്ടു പോകാന്‍ നിര്‍വാഹമില്ല. ഇതിനായാണ് തന്റെ സഹോദരിയായ രാധയുടെ ആധാര്‍ കാര്‍ഡില്‍ ഇയാള്‍ കൃത്രിമം കാണിച്ചത്. ആധാര്‍ കാര്‍ഡില്‍ രാധയുടെ ഫോട്ടോയ്ക്ക് പകരം കാമുകി രസ്മിതയുടെ ഫോട്ടോ ഒട്ടിച്ച ശേഷം ഇതിന്റെ കളര്‍ പ്രിന്റ് എടുക്കുകയായിരുന്നു രാഗേഷ്. ഇത് കാണിച്ചാണ് ഇരുവരും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് കരസ്ഥമാക്കിയത്.

കേരളത്തിലെത്തിയ ഇരുവരും മൂന്നാര്‍ സന്ദര്‍ശിച്ച ശേഷം കൊച്ചി വിമാനത്താവളം വഴി ഡല്‍ഹിയിലേക്ക് മടങ്ങാനായി എത്തിയപ്പോഴാണ് രസ്മിതയുടെ പ്രായത്തില്‍ സംശയം തോന്നിയ സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞത്. രാഗേഷിന്റെ സഹോദരിയുടെ പ്രായം 28 വയസാണ്. എന്നാല്‍ ഇവരുടെ ആധാര്‍ കാര്‍ഡ് ഉപയോഗിക്കുന്ന രസ്മിതയ്ക്ക് അത്രയും പ്രായം തോന്നിക്കാത്തത് ഉദ്യോഗസ്ഥരില്‍ സംശയം ജനിപ്പിച്ചു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ്‌ സംഭവത്തിന്റെ ചുരുള്‍ അഴിഞ്ഞത്. തുടര്‍ന്ന് വ്യാജരേഖ ചമച്ചതിനും ആള്‍മാറാട്ടം നടത്തിയതിനും ഇരുവര്‍ക്കുമെതിരെ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.