ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടി ഒളിവില്‍ പോയ പ്രതി പൊലീസ് പിടിയിലായി. വാളകം അമ്പലക്കര വയ്യം കുളത്ത് തെക്കേക്കര വീട്ടില്‍ ജിജോ ബാബു(29) എന്നയാളാണ് കൊട്ടാരക്കര പോലീസിന്‍റെ പിടിയിലായത്. ലക്ഷങ്ങള്‍ തട്ടിയെടുത്തു മുങ്ങിയ ശേഷം ഇയാള്‍ കുറെ നാളുകളായി പലസ്ഥലങ്ങളിലായി ഒളിവില്‍ താമസിച്ചുവരികയായിരുന്നു. ജോലി പ്രതീക്ഷിച്ച് പണം നല്‍കിയവര്‍ ജോലി ലഭിക്കാതെ വന്നതോടെ ജിജോ ബാബുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ തുടങ്ങി. എന്നാല്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ട കാര്യം അറിയുന്നത്.
അമ്പലക്കര സ്വദേശിയുടെ കയ്യില്‍ നിന്നും ഇയാളുടെ ഭാര്യയ്ക്ക് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്തു 11 ലക്ഷം രൂപയും, വാളകം സ്വദേശിയായ റിട്ടയേര്‍ഡ് അധ്യാപികയില്‍ നിന്നും മകന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ ജോലി വാഗ്ദാനം ചെയ്തു 15 ലക്ഷം രൂപയും പത്തനാപുരം പിടവൂര്‍ സ്വദേശിയില്‍ നിന്നും നോര്‍ത്ത് ഈസ്‌റ്റേണ്‍ റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ഉത്തര്‍പ്രദേശില്‍ കൊണ്ടുപോയി 8.5 ലക്ഷം രൂപയും ഇയാള്‍ തട്ടിയെടുത്തു.
ഇവരെ കൂടാതെ കൂടുതല്‍ ആള്‍ക്കാര്‍ ജിജോ ബാബുവിന്‍റെ വഞ്ചനയ്ക്ക് ഇരയായതായി പോലീസ് സംശയിക്കുന്നു. കൊട്ടാരക്കര എസ്.ഐ രാജീവ്, ഗ്രേഡ് എ.എസ്.ഐ ഓമനക്കുട്ടന്‍, സി.പി. ഒ സലില്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി അടൂര്‍ ഭാഗത്ത് ഒളിവില്‍ താമസിക്കുന്നതായി തിരിച്ചറിഞ്ഞത്.
ഇതിനെത്തുടര്‍ന്ന് കൊട്ടാരക്കര എസ്.ഐ സാബുജി എംഎസ്, ഡാന്‍സാഫ് അംഗങ്ങളായ ഗ്രേഡ് എസ്.ഐ മാരായ ശിവശങ്കരപ്പിള്ള, രാധാകൃഷ്ണന്‍, ആശിഷ് കോഹൂര്‍, സജി ജോണ്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അടൂരിലെ വീട്ടില്‍ നിന്നും പിടികൂടിയത്. വഞ്ചനയില്‍ കൂടുതല്‍ ആള്‍ക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ച് വരികയാണെന്ന് കൊട്ടാരക്കര പൊലീസ് അറിയിച്ചു.
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.