സ്ഥിരമായി ലോട്ടറി അടിച്ചു, അവസാനം പോലീസ് പിടിച്ചു!

Web Desk
Posted on October 14, 2019, 11:01 am

പയ്യന്നൂര്‍: ലോട്ടറി ടിക്കറ്റ് നമ്പര്‍ തിരുത്തി സമ്മാനം നേടിക്കൊണ്ടിരുന്നയാളെ ഒടുവില്‍ നാട്ടുകാര്‍ പിടികൂടി. ലോട്ടറി ടിക്കറ്റ് തിരുത്തി സ്ഥിരമായി സമ്മാനത്തുക തട്ടിയെടുത്ത് കൊണ്ടിരുന്ന യുവാവാണ് പയ്യന്നൂരില്‍ പിടിയിലായത്.

ഇരിക്കൂര്‍ പെരുവളത്ത് പറമ്പില്‍ സ്വദേശി റാഷിദിനെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്. 1000 രൂപയും 500 രൂപയും സമ്മാനാര്‍ഹമായ നമ്പറുകള്‍ നോക്കി ലോട്ടറി തിരുത്തി ചില്ലറ വില്‍പ്പനക്കാര്‍ക്ക് നല്‍കി തട്ടിപ്പ് നടത്തുന്നതാണ് ഇയാളുടെ പതിവെന്ന് പോലീസ് പറയുന്നു.

സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതിന് വിവിധ സ്റ്റേഷനുകളില്‍ ഇയ്യാള്‍ക്കെതിരെ കേസ് നിലവിലുണ്ട്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.